അമിത് ഷാ
പുനെ: അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ വിമർശിക്കുന്നത് രാഹുൽ ഗാന്ധിയുടെ പതിവാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ രീതി തുടർന്നാൽ അടുത്ത മുപ്പത് വർഷത്തേക്ക് കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്താൻ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തിയാൽ കോൺഗ്രസിന് ഒരിക്കലും അധികാരം ലഭിക്കില്ല. അധികാരമാണ് ആവശ്യമെങ്കിൽ വിദേശയാത്രകൾ അവസാനിപ്പിച്ച് രാജ്യത്തെ ഗ്രാമങ്ങൾ സന്ദർശിക്കണം. എങ്കിൽ ഒരുപക്ഷേ നിങ്ങളുടെ ഊഴം വന്നേക്കാം.
എന്നാൽ ഇപ്പോഴത്തെ രീതി തുടർന്നാൽ അടുത്ത മൂന്ന് പതിറ്റാണ്ടത്തേക്ക് കോൺഗ്രസിന് അധികാരത്തിലെത്താൻ കഴിയില്ല. തുടർച്ചയായി മൂന്നുതവണ തെരഞ്ഞെടുപ്പിൽ തോറ്റതിന്‍റെ നിരാശയാണ് കോൺഗ്രസ് വിവിധ രീതികളിൽ തീർക്കുന്നത്.
പാർട്ടി നേതാക്കളുടെ പ്രകടനത്തെ ആശ്രയിച്ചാണ് തെരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ നിർണയിക്കപ്പെടുന്നത്. പത്ത് വർഷം അവസരം നൽകിയിട്ടും 12 ലക്ഷം കോടി രൂപയുടെ അഴിമതിയും തട്ടിപ്പുമാണ് കോൺഗ്രസ് നടത്തിയത്. അതുകൊണ്ടാണ് ജനങ്ങൾ അവരെ ഡൽഹിയിൽനിന്ന് പുറത്താക്കി നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ചത്.
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ അഴിമതിയുടെയോ തട്ടിപ്പിന്‍റെയോ ചെറിയൊരു ആരോപണം പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത നേതാവാണ് നരേന്ദ്ര മോദിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Tags : Politics Congress AmitShah Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash