മൊസാംബിക്കിലെ ബോട്ടപകടം: കൊല്ലം സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
Tuesday, October 21, 2025 10:05 AM IST
മപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊല്ലം തേവലക്കര സ്വദേശിയും. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണെന്ന് സ്ഥിരീകരിച്ചു.
ഷിപ്പിംഗ് ഡയറക്ടര്‍ ജനറലാണ് ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചത്. തേവലക്കര നടുവിക്കര ഗംഗയില്‍ പി.പി. രാധാകൃഷ്ണന് - ലീല ദമ്പതികളുടെ മകനാണ് ശ്രീരാഗ് രാധാകൃഷ്ണന്. സ്കോര്‍പിയോ മറൈന്‍ കമ്പനിയില്‍ ഇലക്ട്രോ ടെക്നിക്കല്‍ ഓഫീസറായിരുന്നു ശ്രീരാഗ്.
ഏഴ് വര്‍ഷം മുന്‍പാണ് ശ്രീരാഗ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. ബെയ്റോ തുറമുഖത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. സീ കാസ്റ്റ് എന്ന കപ്പലില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്‍സിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.