ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഹൂസ്റ്റൺ: ഇന്ത്യൻ കലയും സംസ്കാരവും പാരമ്പര്യവും ആഘോഷമാകുന്ന വർണാഭമായ സായാഹ്നത്തിന് ഹൂസ്റ്റൺ മലയാളി സമൂഹം ഒരുങ്ങുന്നു. വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അമേരിക്ക റീജിയൺ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ദക്ഷിൻ ഫെസ്റ്റ് 2026' വെള്ളിയാഴ്ച വൈകുന്നേരം ആറു മുതൽ ഹൂസ്റ്റണിന് സമീപമുള്ള ഫ്രെസ്നോയിലെ സെന്റ് ജെയിംസ് ക്നാനായ ചർച്ച് ഹാളിൽ നടക്കും.
അമേരിക്ക റീജിയൺ വനിതാ ഫോറം ചെയർപേഴ്സൺ ലക്ഷ്മി പീറ്ററിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, ഗ്ലോബൽ മീഡിയ ഫോറം ചെയർപേഴ്സൺ റെയ്ന റോക്സ്, അമേരിക്ക റീജിയൺ വൈസ് പ്രസിഡന്റ് ബിജു ഇട്ടൻ, പ്രൊവിൻസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ, പ്രൊവിൻസ് ചെയർമാൻ ലാൽ എബ്രഹാം എന്നിവരും പരിപാടിയുടെ വിജയത്തിനായി രംഗത്തുണ്ട്.
കലാപ്രകടനങ്ങൾ, നാടൻ ഭക്ഷ്യമേള, ഷോപ്പിംഗ് സ്റ്റാളുകൾ, കമ്യൂണിറ്റി അവാർഡുകൾ എന്നിവയാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങൾ. ഗ്ലോമിസ്റ്റ്, സ്ട്രാറ്റജിക് ഫിനാൻഷ്യൽ ഗ്രൂപ്പ് (എസ്എഫ്ജി) എന്നിവരാണ് പരിപാടിയുടെ പാർട്ണർമാർ.
ഗ്ലോബൽ ഇന്ത്യൻ ന്യൂസ്, ബിഗ് ബോട്ടിൽ ലിക്കർ സ്റ്റോർ, നെർക്കാഴ്ച എന്നിവയുടെ സഹകരണത്തോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
ഹൂസ്റ്റണിലെയും സമീപപ്രദേശങ്ങളിലെയും മലയാളി കുടുംബങ്ങളെയും വിവിധ ഇന്ത്യൻ സമൂഹങ്ങളിലെ അംഗങ്ങളെയും ഈ സാംസ്കാരിക ആഘോഷത്തിലേക്ക് ഡബ്ല്യുഎംസി അമേരിക്ക റീജിയൺ വനിതാ ഫോറം സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
Tags : DakshinFest Houston IndianCulture CulturalFestival IndianCommunity Texas