നോർത്ത് ഹോളിവുഡ് (ലൊസാഞ്ചലസ്): സ്വന്തം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഡ്യൂട്ടിയിലായിരുന്ന ഗ്ലെൻഡേൽ അഗ്നിശമന സേനാംഗത്തിനെതിരേ ലോസ് ആഞ്ചലസ് പോലീസ് കൊലക്കുറ്റം ചുമത്തി.
വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ പോലീസ് സ്റ്റേഷനിലെത്തിയ ആൻഡ്രൂ ജിമെനെസ്(45) ആവശ്യപ്പെട്ടത് ഭാര്യയുടെ ക്ഷേമം അന്വേഷിക്കുന്നതിനാണ്. ഇതേതുടർന്ന് വീട്ടിലെത്തിയ പോലീസ് കണ്ടെത്തിയത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ആൻഡ്രൂവിന്‍റെ ഭാര്യ മൈറ ജിമെനെസ്(45) മൃതദേഹമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോടാലി ഉപയോഗിച്ച് ആൻഡ്രൂ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് നടുക്കുന്ന വിവരമാണ് പോലീസിന് ലഭിച്ചത്.
മൈറയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആൻഡ്രൂ സംശയിച്ചിരുന്നതായും ഭാര്യയുടെ ഡയറി വായിച്ചതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നുമാണ് റിപ്പോർട്ടുകൾ. കുറ്റം തെളിയിക്കപ്പെട്ടാൽ 26 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ആൻഡ്രൂവിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ പ്രതി ജയിലിലാണ്.
കൊല്ലപ്പെട്ട മൈറ ജിമെനെസ് വിൽഷയർ പാർക്ക് എലിമെന്‍ററി സ്കൂളിലെ അധ്യാപികയായിരുന്നു. മൈറയുടെ വിയോഗത്തിൽ സ്കൂൾ അധികൃതരും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി. ആൻഡ്രൂ ജിമെനെസ് 2008 മുതൽ ഗ്ലെൻഡേൽ ഫയർ ഡിപ്പാർട്ട്മെന്റിൽ പാരാമെഡിക്കായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കേസിന്‍റെ വിചാരണ ഫെബ്രുവരി 19ലേക്ക് മാറ്റി.
Tags : Firefighter charged murder wife hacked