ഗെയിമിംഗ് കഫേ
ഷിക്കാഗോ: ഷിക്കാഗോയുടെ പടിഞ്ഞാറൻ സബർബായ അഡിസണിലെ ഗെയിമിങ് കഫേയിൽ അതിക്രമിച്ചുകയറി 13,847 ഡോളർ കവർന്ന കേസിൽ നാലു ഷിക്കാഗോ സ്വദേശികൾ അറസ്റ്റിൽ.
മോഷ്ടിച്ച വാഹനങ്ങളിലും മാരകായുധങ്ങളുമായെത്തിയ സംഘം ഗെയിമിംഗ് മെഷീനുകൾ തകർത്താണ് പണം കവർന്നതെന്ന് ഡ്യൂപേജ് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. കവർച്ചയ്ക്കുശേഷം പ്രതികളെ പോലീസ് പിന്തുടർന്നു പിടിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഷിക്കാഗോ സ്വദേശികളായ കിയോണ്ടെ ആഡംസ് (20), ഡാജുവാൻ ജോൺസൺ (24), കൈറോണ്ടെ മക്കോണ്ടിച്ചി (20), ഡാരിൽ നെസ്ബിറ്റ് (19) എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഒക്ടോബർ 29 വ്യാഴാഴ്ച പുലർച്ചെ 4.32 ഓടെയാണ് അഡിസണിലെ 40 ഈസ്റ്റ് ലേക്ക് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന മരിയാസ് ഗെയിമിങ് കഫേയിൽ കവർച്ച നടന്നത്. പ്രദേശത്തെ ഗെയിമിംഗ് സ്ഥാപനങ്ങളിൽ തുടർച്ചയായി മോഷണങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് മോഷ്ടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട കറുത്ത ഡോഡ്ജ് ഡുറാങ്കോയും വെള്ള ബിഎംഡബ്ല്യു കാറും കഫേയുടെ പാർക്കിങ് സ്ഥലത്തെത്തിയത്. വാഹനങ്ങളിൽനിന്നിറങ്ങിയ അഞ്ചുപേർ വലിയ ചുറ്റികകളും ഇരുമ്പുദണ്ഡും ഉപയോഗിച്ച് കഫേയിൽ അതിക്രമിച്ചുകയറി. ഇവരിൽ നാലുപേർ ആയുധധാരികളായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
കഫേയ്ക്കുള്ളിലെ ഗെയിമിംഗ് മെഷീനുകൾ അടിച്ചുതകർത്ത സംഘം പണം സൂക്ഷിച്ചിരുന്ന ബോക്സുകൾ കൊണ്ടുപോയി. മെഷീനുകളിൽനിന്ന് ആകെ 13,847 ഡോളർ നഷ്ടപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. കവർച്ചയ്ക്കിടെ സ്ഥാപനത്തിന് ഒരു ലക്ഷം ഡോളറിലധികം നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
സംഭവസ്ഥലത്തുനിന്ന് രണ്ടു വാഹനങ്ങളിലായി രക്ഷപ്പെട്ട സംഘത്തെ പോലീസ് പിന്തുടർന്നു. ഇതിനിടെ പോലീസ് സ്ഥാപിച്ച ടയർ പഞ്ചറാക്കുന്ന സ്പൈക്ക് സ്ട്രിപ്പിൽ കയറി ബിഎംഡബ്ല്യു വാഹനം പ്രവർത്തനരഹിതമായി. തുടർന്ന് അതിലുണ്ടായിരുന്ന മൂന്നുപേർ ഡോഡ്ജ് ഡുറാങ്കോയിലേക്ക് മാറുകയും എട്ടുപേരുമായി വാഹനം രക്ഷപ്പെടുകമായിരുന്നു.
എൽംഹർസ്റ്റ്, വില്ല പാർക്ക് മേഖലകളിലൂടെ മണിക്കൂറിൽ 100 മൈലിലധികം വേഗത്തിലാണ് പ്രതികൾ വാഹനം ഓടിച്ചതെന്ന് പോലീസ് അറിയിച്ചു.
കവർച്ചയ്ക്കായി ഉപയോഗിച്ച വാഹനങ്ങളിൽനിന്ന് നിരവധി തോക്കുകൾ, വലിയ ചുറ്റികകൾ, ഇരുമ്പുദണ്ഡ്, പണം സൂക്ഷിച്ചിരുന്ന ബോക്സ് എന്നിവ പോലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത ആയുധങ്ങളിൽ പൂർണമായും ഓട്ടോമാറ്റിക് രീതിയിൽ വെടിയുതിർക്കാൻ സഹായിക്കുന്ന ഉപകരണം ഘടിപ്പിച്ച ഗ്ലോക്ക് പിസ്റ്റളും എകെ മാതൃകയിലുള്ള തോക്കും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു.
ആയുധങ്ങളുമായി അക്രമം നടത്തൽ, നിയമവിരുദ്ധമായി മെഷീൻ ഗൺ കൈവശംവയ്ക്കൽ, കവർച്ച, മോഷ്ടിച്ച വാഹനം കൈവശംവയ്ക്കൽ, വസ്തുവകകൾ നശിപ്പിക്കൽ, പോലീസിൽനിന്ന് അപകടകരമായ രീതിയിൽ രക്ഷപ്പെടാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഒക്ടോബർ 30 വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ നാലുപേരെയും വിചാരണയ്ക്കുമുമ്പ് മോചിപ്പിക്കണമെന്ന ആവശ്യം ഡ്യൂപേജ് കൗണ്ടി ജഡ്ജി നിരസിച്ചു. പ്രതികളെ കസ്റ്റഡിയിൽ തുടരാൻ ഉത്തരവിട്ട കോടതി, കേസ് നവംബർ 23-ന് വീണ്ടും പരിഗണിക്കും.
അഡിസണിലെയും സമീപപ്രദേശങ്ങളിലെയും വ്യാപാരസ്ഥാപനങ്ങൾ ലക്ഷ്യമിട്ടുള്ള തുടർച്ചയായ കവർച്ചകളുടെ പശ്ചാത്തലത്തിലാണ് സംഭവം. മേയ് മാസത്തിനുശേഷം ഇതേ സ്ഥാപനത്തിൽ നടക്കുന്ന രണ്ടാമത്തെ കവർച്ചയാണിതെന്നും അധികൃതർ വ്യക്തമാക്കി.
Tags : gaming cafe robbery Deepika DeepikaNewspaper BreakingNews NewsUpdate Major robbery gaming cafe Addison