വിചാരസദസ്
മനാമ: രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ തിരികെപ്പിടിക്കാനും പുരോഗമനാത്മകമായ ഒരു ഭാവിയെ നിർമ്മിച്ചെടുക്കാനും ജനങ്ങളും യുവജനതയും നടത്തുന്ന പോരാട്ടങ്ങൾക്ക് ഭരണകൂട നടപടികൾ കൊണ്ടോ തടസങ്ങൾ കൊണ്ടോ തടയിടാൻ കഴിയില്ലെന്ന് പ്രവാസി വെൽഫെയർ ബഹ്റിൻ സംഘടിപ്പിച്ച ജനാധിപത്യത്തിൽ സമരത്തിന്റെ പങ്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച വിചാരസദസ് അഭിപ്രായപ്പെട്ടു.
ജനാധിപത്യ സംവിധാനത്തിന്റെ കാവലാളായി നിലകൊള്ളുന്നതിൽ പ്രതിഷേധത്തിനും ജനകീയ പ്രതിരോധങ്ങൾക്കും വലിയ പങ്കാണുള്ളത്. പൗരാവകാശങ്ങൾക്കും നീതിക്കും വേണ്ടിയുള്ള ഓരോ പോരാട്ടവും ജനതയുടെ അതിജീവനത്തിന്റെ തെളിവാണ്. കേവലം ഭരണകൂട നിയന്ത്രണങ്ങൾക്കോ അറസ്റ്റുകൾക്കോ ജനശബ്ദത്തെ ഇല്ലാതാക്കാൻ സാധിക്കില്ലെന്നും ഒന്നിച്ചുനിൽക്കുന്ന ജനതയുടെ അതിജീവന കരുത്തിന് മുന്നിൽ ഏത് തടസങ്ങളും വഴിമാറുമെന്നും ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി.
ബഹ്റിനിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക പ്രവർത്തകരായ ബിജു മലയിൽ, ഇർഷാദ് കോട്ടയം, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, അനു ബി കുറുപ്പ്, ഷെമിലി പി ജോൺ, ഷിജിന ആഷിഖ്, ഹാരിസ് എന്നിവർ പാനലിസ്റ്റുകളായി പങ്കെടുത്തു സംസാരിച്ചു.
സമകാലിക ലോകത്ത് ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പ്രസക്തിയെക്കുറിച്ചും വർത്തമാനകാല ഇന്ത്യയിലെ പ്രതിഷേധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നടന്ന വിചാര സദസിന് പ്രവാസി വെൽഫയർ ആക്ടിംഗ് പ്രസിഡന്റ് ഷാഹുൽഹമീദ് വെന്നിയൂർ അധ്യക്ഷത വഹിച്ചു. ബദറുദ്ദീൻ പൂവാർ സ്വാഗതവും റിഫ സോണൽ പ്രസിഡണ്ട് അക്ബർ ഷാ കൊല്ലം നന്ദിയും പറഞ്ഞു.
Tags : Pravasi Welfare Bahrain Deepika DeepikaNewspaper BreakingNews NewsUpdate Pravasi Welfare Bahrain organized