ശബ്ദമാണ് ബ്രഹ്മമെന്നുറപ്പിച്ച ഗായകൻ
ഹരിപ്രസാദ്
Sunday, October 5, 2025 12:32 AM IST
അമിതാഭ് ബച്ചൻ തന്റെ മകന്റെ വിവാഹവേദിയിൽ പാടാൻ ഒരു സംഗീതജ്ഞനെ ക്ഷണിക്കുന്നു. വിവാഹച്ചടങ്ങുകളിൽ പാടാൻ തന്നെ കിട്ടില്ലെന്നും, അത് സംഗീതത്തെ അപമാനിക്കലാണെന്നും ആ ഗായകൻ മറുപടി പറയുന്നു... കഴിഞ്ഞദിവസം അന്തരിച്ച പണ്ഡിറ്റ് ചന്നൂലാൽ മിശ്രയുടെ സംഗീതവിചാരങ്ങളെക്കുറിച്ച്...
""വാക്കുകളും വരികളും അനുയോജ്യമല്ലെന്നു തോന്നിയതിനാൽ ഒട്ടേറെ സിനിമാപ്പാട്ടുകൾ ഞാൻ പാടാതെ ഒഴിവാക്കിയിട്ടുണ്ട്. എന്റെ ഈ പ്രായത്തിൽ, ഈ ഘട്ടത്തിൽ ഉചിതമായതു മാത്രമേ ഞാൻ പാടൂ...'' -പണ്ഡിറ്റ് ചന്നൂലാൽ മിശ്ര. കഴിഞ്ഞനാൾ, എണ്പത്തൊന്പതാം വയസിൽ അതുല്യനായ ഈ ഗായകൻ വിടപറഞ്ഞു. ഏതാനും വർഷങ്ങൾക്കുമുന്പ് അദ്ദേഹം പറഞ്ഞുവച്ച വാക്കുകൾകൂടി കേട്ടാലേ യഥാർഥത്തിൽ ആരായിരുന്നു ആ ഗായകനെന്ന് വ്യക്തമാകൂ.
""പകുതി റൊട്ടി മാത്രം കഴിച്ച് പരിശീലനം നടത്തിയിരുന്ന കാലമുണ്ട്. ഒരുപാടു കഷ്ടപ്പാടുകൾ അനുഭവിച്ചു. അന്പതുവയസിനു ശേഷമാണ് എന്റെ സംഗീതം ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയത്. എല്ലാം വിധിയെന്നു പറയാം. വലിയ ബാങ്ക് ബാലൻസ് ഉണ്ടായിട്ട് എന്തുചെയ്യാനാണ്. ഭക്ഷണം മുടങ്ങാതിരിക്കുക മാത്രമേ വേണ്ടൂ.''
അമിതാഭ് ബച്ചനെപ്പോലുള്ളവർ ആരാധിക്കുകയും ശങ്കർ മഹാദേവൻ ഗുരുവായിക്കാണുകയും ചെയ്ത മഹാ പ്രതിഭയായിരുന്നു പണ്ഡിറ്റ് ചന്നൂലാൽ മിശ്ര. വൈകിയെങ്കിലും ആരാധകർ ഹൃദയത്തിലേറ്റിയ അദ്വിതീയനായ തുംരി ഗായകൻ. ആ പരുക്കൻ ശബ്ദം ചലച്ചിത്ര പിന്നണിഗാനങ്ങൾക്കുവേണ്ടിയും ഉപയോഗപ്പെടുത്തിയിരുന്നു- അദ്ദേഹത്തിനത് ഒട്ടും വലിയ കാര്യമായിരുന്നില്ലെങ്കിലും. വരികളോടുള്ള വിയോജിപ്പുമൂലം അദ്ദേഹം പിൽക്കാലത്ത് സിനിമകൾ ഒഴിവാക്കിയതാണ് തുടക്കത്തിൽ വായിച്ചത്.
ഉത്തർപ്രദേശിലെ അസംഗഢിൽ 1936 ഓഗസ്റ്റ് മൂന്നിനാണ് സംഗീതകുടുംബത്തിലെ ഏഴാം തലമുറക്കാരനായി ചന്നൂലാൽ മിശ്ര ജനിച്ചത്. പിതാവിൽനിന്ന് ആദ്യപാഠങ്ങൾ. മുസാഫർപുരിൽ ഉസ്താദ് അബ്ദുൾ ഗനി ഖാൻ എന്ന അതികായന്റെ കീഴിലായിരുന്നു യഥാർഥ അഭ്യസനം. ഗുരുവും ശിഷ്യനും ഘരാന എന്ന ആശയത്തോടു വിമുഖരായിരുന്നു.
അത് വിഭജനത്തിന്റെ ആശയമാണെന്ന് പണ്ഡിറ്റ് മിശ്ര കരുതിയിരുന്നു. അദ്ദേഹം സംഗീതത്തിൽ മാത്രം വിശ്വസിച്ചു, അഭിരമിച്ചു. ആ വിശ്വാസം അദ്ദേഹത്തെ രാജ്യാന്തരപ്രശസ്തിയിലേക്കും എത്തിച്ചു. പത്മഭൂഷണ് (2010), പത്മവിഭൂഷണ് (2020) ബഹുമതികളും സംഗീത നാടക അക്കാദമി ഫെലോഷിപ് അടക്കം നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചു.
സംഗീതമെന്ന സമയകല
കച്ചേരികളുടെ ദൈർഘ്യം കുറയുന്നല്ലോ എന്ന് ഒരാസ്വാദകൻ ഒരിക്കൽ അദ്ദേഹത്തോടു ചോദിച്ചു. സമയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു മറുപടി. ""ഒരു സ്വരത്തിൽനിന്ന് അടുത്ത സ്വരത്തിലേക്കെത്തുന്നതിനിടെ ഒരു ബീഡി കത്തിത്തീരുന്നവിധം സാവധാനം പാടിയിട്ട് എന്തു ഗുണം? ഈശ്വരനുവേണ്ടിയാണ് പാടുന്നതെങ്കിൽ ഗംഗാതീരത്ത് ഇരുന്നാൽ മതിയല്ലോ, വേദികളിലേക്ക് എന്തിനു പാടാൻ വരണം.
ശ്രോതാക്കളെ ആനന്ദിപ്പിക്കാനാവണം ഗായകൻ പാടേണ്ടതെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. അവനവനു വേണ്ടിയല്ല പാടുന്നത്. കാലം മാറുന്നതിനനുസരിച്ച് ശൈലികളിലും മാറ്റം വരണം. പുതിയ കാലത്ത് ആർക്കും വിസ്താരം കേട്ടിരിക്കാൻ സമയമില്ല, ചുരുക്കിയും മൂർച്ചയോടെയും പാടണം.''
അമ്മയിൽനിന്ന് സുന്ദരകാണ്ഠം കേട്ടുപഠിച്ച ചന്നൂലാൽ പാരന്പര്യത്തെ മുറുകെപ്പിടിക്കുകയും ചെയ്തിരുന്നു. ദ്രുപദിനെയും തുംരിയെയും സംഗീതത്തിന്റെ രണ്ട് യഥാർഥ കൈവഴികളായി അദ്ദേഹം കരുതി. ദ്രുപദ് ശിവനെയും തുംരി പാർവതീദേവിയെയും പ്രതിനീധികരിക്കുന്നുവെന്ന് അദ്ദേഹം പറയാറുണ്ട്.
ഏഴിന്റെ മഹത്വം
വാരണാസിയിൽ മഹാനായ സംസ്കൃത പണ്ഠിതനും മ്യൂസിക്കോളജിസ്റ്റുമായ ഠാക്കൂർ ജയ്ദേവ സിംഗിനു കീഴിൽ പരിശീലിച്ചിരുന്നു ചന്നൂലാൽ മിശ്ര. തത്വചിന്താപരമായ ഒരു വീക്ഷണവും അങ്ങനെ അദ്ദേഹത്തിൽ നിറഞ്ഞു. ഏഴ് എന്ന അക്കം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു.
ഏഴു സ്വരങ്ങൾ, ഏഴു നിറങ്ങൾ, സപ്തർഷികൾ, ആഴ്ചയിലെ ഏഴു ദിവസങ്ങൾ, വേദങ്ങളിലെ ഏഴു ഛന്ദങ്ങൾ... ഇവയെല്ലാം അദ്ദേഹം ഉദാഹരണമായി പറയാറുണ്ട്. ഏഴു ബീറ്റുകളുള്ള രൂപക താളത്തിലാണ് ശിവന്റെ ഡമരു ആദ്യമായി താളമിട്ടത്. ജീവിതത്തിന് ഏഴു ഘട്ടങ്ങളുണ്ടെന്ന് നാടൻ പാട്ടുകളിൽ പറയാറുണ്ട്. ക്ലാസിക്കൽ സംഗീതധാരയ്ക്കും ഏഴു രൂപങ്ങളാണ്- ദ്രുപദ്, ധമർ, ഖയാൽ, ടപ്പ, തരാന, ചതുരംഗ്, തിരാവഠ് എന്നിങ്ങനെ- ചിന്തകളിലെ ഏഴഴക്!
ബച്ചൻ, ശങ്കർ മഹാദേവൻ
പണ്ഡിറ്റ് ചന്നൂലാൽ മിശ്രയെ തന്റെ ഗുരുവായി കരുതുന്നുണ്ട് ഗായകനും സംഗീതസംവിധായകനുമായ ശങ്കർ മഹാദേവൻ. അതേക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ: ""ശങ്കർ മഹാദേവനെ യഥാർഥത്തിൽ ഞാൻ പഠിപ്പിച്ചിട്ടൊന്നുമില്ല. രണ്ടുമൂന്നു കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്. എങ്കിലും അദ്ദേഹമെന്നെ ഗുരുവായി പരിഗണിക്കുന്നുണ്ട്, ബഹുമാനിക്കുന്നുണ്ട്''.
ആരാധകനായ അമിതാഭ് ബച്ചനെക്കുറിച്ച് പറഞ്ഞതിങ്ങനെ: ""അമിതാഭ് ബച്ചന് എന്റെ സംഗീതം ഇഷ്ടമാണ്. റെക്കോർഡിംഗുകൾ കേൾക്കുന്നയാളാണ്. അദ്ദേഹത്തിന്റെ വീട്ടിലും ഞാൻ പാടിയിട്ടുണ്ട്. മകന്റെ വിവാഹവേദിയിൽ പാടാൻ എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ ഞാൻ വിവാഹങ്ങളിൽ പാടാറില്ല. അത് സംഗീതത്തെ അപമാനിക്കലാണ്. എന്തുകൊണ്ടാണ് ഞാൻ ക്ഷണം നിരസിച്ചതെന്ന് അദ്ദേഹം മനസിലാക്കിയിട്ടുണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്''.
ശബ്ദങ്ങളിലൂടെയാണ് ഈശ്വരനിലേക്ക് എത്താനാവുകയെന്ന് അദ്ദേഹം കരുതിയിരുന്നു. അതുകൊണ്ടുതന്നെ സംഗീതത്തിൽ സാഹിത്യത്തിന്റെ പ്രാധാന്യം, അതിന്റെ കൃത്യമായ ഉച്ചാരണം എന്നിവ അദ്ദേഹത്തിനു നിർബന്ധമായിരുന്നു. ശബ്ദംതന്നെയാണ് ബ്രഹ്മമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഒടുവിലിതാ, അതേ ബ്രഹ്മത്തിൽ ലയിച്ചു...