കാന്തമലയിലെ മായക്കാഴ്ച
അജിത് ജി. നായർ
Saturday, October 11, 2025 11:19 PM IST
വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എന്നു പറയാറുണ്ട്., അതുപോലെതന്നെ അദ്ഭുതങ്ങളുടെയും. പ്രകൃത്യാലുള്ളതും മനുഷ്യനിര്മിതങ്ങളുമായ ഒട്ടേറെ അദ്ഭുതങ്ങള്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കാണാനാവും.
ലഡാക്കിലെ ലേയിലുള്ള മാഗ്നറ്റിക് ഹില്‍ അത്തരമൊരു പ്രകൃതി പ്രതിഭാസമാണ്. ലേ പട്ടണത്തില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ കാര്‍ഗില്‍ ബാള്‍ട്ടിക് ദേശീയപാതയില്‍ സമുദ്രനിരപ്പില്‍നിന്ന് 14,000 അടി ഉയരത്തിലാണ് ഈ വിസ്മയഗിരി.
ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്ന പ്രതിഭാസം എന്ന പേരിലാണ് മാഗ്നറ്റിക് ഹില്‍ പ്രശസ്തമാവുന്നത്. ഈ പ്രദേശത്ത് ഏതെങ്കിലും ഒരു വാഹനം, എഞ്ചിന് ഓഫ് ചെയ്ത് പാര്‍ക്ക് ചെയ്താല്‍ പോലും ആ വാഹനം മലയിലേക്ക് വേഗതയില്‍ നീങ്ങുന്നതായി കാണാറുണ്ടെന്നാണ് പറയപ്പെട്ടിരുന്നത്. ആദ്യകാലത്ത് ബ്രൂഫ്സ് ഹില്‍ എന്നറിയപ്പെട്ടിരുന്ന ഈ മലയ്ക്ക് കാലാന്തരത്തില്‍ മാഗ്നറ്റിക് ഹില്‍, ഗ്രാവിറ്റി ഹില്‍ തുടങ്ങിയ പേരുകള്‍ ലഭിക്കുകയായിരുന്നു.
1980കളിലും 90കളിലും ഇതുവഴി കടന്നുപോയ യാത്രക്കാരും ബൈക്കര്മാരുമാണ് മാഗ്നറ്റിക് ഹില്ലിന് പ്രശസ്തി നേടിക്കൊടുത്തത്. വണ്ടി കയറ്റത്തിലേക്ക് തനിയേ നീങ്ങുന്ന അനുഭവങ്ങള്‍ ആളുകള്‍ പങ്കുവച്ചതോടെ ഇവിടേക്ക് ധാരാളം ആളുകള്‍ എത്തിത്തുടങ്ങി.
അതേസമയം മലയുടെ കാന്തികശക്തി സംബന്ധിച്ച് പല ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഇവിടെ പ്രചാരത്തിലായി. വിമാനങ്ങളെപ്പോലും വലിച്ചടുപ്പിക്കാന്‍ മലയ്ക്ക് കഴിവുണ്ടെന്നാണ് തദ്ദേശീയര്‍ ഒരുകാലത്ത് വിശ്വസിച്ചിരുന്നത്.
ചില ലഡാക്കി നാടോടിക്കഥകള്‍ പ്രകാരം ഇത് സ്വര്‍ഗത്തിലേക്കുള്ള പാതയാണ്. സ്വര്‍ഗം അര്‍ഹിക്കുന്നവരെ ഇവിടെയുള്ള ദൈവികശക്തി മലയിലേക്ക് വലിച്ചടുപ്പിക്കുന്നുവെന്നും സ്വര്‍ഗത്തിലേക്കുള്ള പാത കാണിച്ചു കൊടുക്കുന്നുവെന്നുമാണ് അവരുടെ വിശ്വാസം.
എന്നാല്‍ മലയുടെ കാന്തികശക്തി സംബന്ധമായ കഥകളെ ശാസ്ത്രകാരന്മാര് അപ്പാടെ തള്ളിക്കളയുന്നു. ലഡാക്കിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ശാസ്ത്രജ്ഞരുടെയും ഭൗമനിരീക്ഷകരുടെയും ശ്രദ്ധ ഇവിടേക്കു തിരിയുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പഠനങ്ങള്‍ക്കൊടുവില്‍ ഇത് "ഒപ്റ്റിക്കല്‍ ഇല്യൂഷന്‍' (മായക്കാഴ്ച) മാത്രമാണെന്ന നിഗമനത്തിലെത്തിയ ശാസ്ത്രകാരന്മാര് ചുറ്റുമുള്ള ഭൂപ്രകൃതി ചക്രവാളത്തെ മറയ്ക്കുന്നതാണ് ഇങ്ങനെയൊരു തോന്നലിനു കാരണമെന്നും കണ്ടെത്തി.
ആ ഭാഗത്ത് റോഡിന് താഴേക്ക് ചെറിയ ചെരിവാണുള്ളത്. ചെരിഞ്ഞ പ്രതലത്തിലൂടെ ഗുരുത്വാകര്‍ഷണഫലമായി വാഹനങ്ങള്‍ ചെറുതായി തെന്നിനീങ്ങുന്നു. എന്നാല്‍ മായക്കാഴ്ച ആളുകളുടെ ദൃഷ്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതു മൂലം വാഹനങ്ങള്‍ മലയ്ക്കു നേരെ ഉയരത്തിലേക്ക് നീങ്ങുന്നതായി തോന്നുന്നുവെന്നുമാത്രം.
ഇന്ന് പ്രദേശത്ത് ധാരാളം ടൂറിസ്റ്റുകള്‍ എത്തുന്നുണ്ട്. ഒപ്റ്റിക്കല്‍ ഇല്യൂഷനെക്കുറിച്ച് ലോകത്തു നടക്കുന്ന ചര്‍ച്ചകളില്‍ ആദ്യമെത്തുന്ന പേരുകളിലൊന്നാണ് മാഗ്നറ്റിക് ഹില്ലിന്റേത്.
ഏറ്റവുമധികം ആളുകളെ ആകര്‍ഷിക്കുന്ന സ്വഭാവിക മായക്കാഴ്ചകളിലൊന്നായ മാഗ്നറ്റിക് ഹില്‍ ശാസ്ത്രവും ഐതിഹ്യവും അദ്ഭുതവും എല്ലാം കൂടി ചേര്‍ന്നൊരു പ്രതിഭാസമായാണ് നിലകൊള്ളുന്നത്.