കടൽ കടന്ന ചോളന്മാർ
റ്റോം മാത്യു കായിത്ര
Saturday, October 11, 2025 11:22 PM IST
ലോകം കണ്ടതിൽവച്ച് മഹത്തായ സൈനിക ചാതുര്യമുള്ള രാജാക്കന്മാരിൽ ഒരാൾ- ഗംഗൈകൊണ്ട ചോളൻ എന്ന പദവിനേടിയ രാജേന്ദ്ര ചോളൻ ഒന്നാമൻ. സമുദ്രങ്ങളും ഗംഗാ നദിയും കീഴടക്കിയതോടെയാണ് അദ്ദേഹത്തിന് ആ പദവി ലഭിച്ചത്.
വിശാലമായ ചോള സാമ്രാജ്യം ശ്രീലങ്ക, ലക്ഷദ്വീപ്, മാലിദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, തായ്ലൻഡ്, മലേഷ്യ, സിംഗപ്പുർ, കംബോഡിയ, ഇന്തോനേഷ്യ എന്നിവവരെ വ്യാപിച്ചു- കടലുകൾ താണ്ടി ഉപഭൂഖണ്ഡത്തിന്റെ അതിരുകൾക്കപ്പുറം! ഒരു നാട്ടുരാജ്യത്തിൽനിന്ന് ഒരു സാമ്രാജ്യത്തിന്റെ ഭരണാധികാരികളായി വളർന്ന ചരിത്രം.
എഡി 1025 ൽ രാജേന്ദ്ര ചോളൻ ഒന്നാമൻ കടൽയുദ്ധത്തിലൂടെ ഇന്തോനേഷ്യയിലെ സൈലേന്ദ്ര രാജവംശത്തെ കീഴ്പ്പെടുത്തി. ശ്രീവിജയ (സുമാത്ര) തുറമുഖത്തിന്റെ നിയന്ത്രണം അവരിലേക്കെത്തി. രാജേന്ദ്രചോളന്റെ പിതാവ് രാജരാജചോളന്റെ കാലത്തുപോലും ശ്രീ വിജയയും ചോളൻമാരും സൗഹൃദത്തിലായിരുന്നു. രാജേന്ദ്ര ചോളന്റെ കാലത്ത് ബന്ധങ്ങളിൽ വിള്ളൽവീഴുകയും ശ്രീവിജയയെ കീഴ്പ്പെടുത്തുകയുമായിരുന്നു.
പിന്നീടുള്ള യുദ്ധങ്ങളിൽ മലേഷ്യ, ഇന്തോനേഷ്യ, തെക്കൻ തായ്ലൻഡ് എന്നിവയുടെ പല പ്രദേശങ്ങളും അവരുടെ അധീനതയിലായി. ഇതുവഴി പല കച്ചവടപാതകളും തുറമുഖങ്ങളും നിയന്ത്രണത്തിലാക്കാനും ധാരാളം സന്പത്ത് സമാഹരിക്കുവാനും കഴിഞ്ഞു. ഇതെല്ലാം സാധ്യമായത് അവരുടെ നാവികപ്പടയുടെ ബലത്തിലാണ്.
ശ്രീവിജയ ആക്രമിക്കപ്പെട്ടപ്പോൾ ആദ്യം വീണത് തലസ്ഥാനമായ പാലന്പാങ്ങ് ആണ്. മണ്സൂണ് കാറ്റുകൾ പ്രയോജനപ്പെടുത്തി പെട്ടെന്ന് തുറമുഖങ്ങളിലെത്തി ആക്രമണം നടത്തുന്നത് അവരുടെ പതിവായിരുന്നു. മലാക്കാ കടലിടുക്കുകളുടെ ആധിപത്യം ഏതാണ്ട് ഒരു നൂറ്റാണ്ടോളം തുടർന്നു. ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ച് കാർഷിക മേഖലയെ വളർത്തി, വിദേശവാണിജ്യവും മെച്ചപ്പെടുത്തി. ചോളന്മാരുടെ കപ്പലുകൾ ഭീമാകാരമായിരുന്നു. ആനകളെയും കുതിരകളെയും ധാരാളം പടയാളികളെയും കയറ്റി ദീർഘകാലം യാത്രചെയ്യുന്നതിനുള്ള വലിപ്പമുള്ള കപ്പലുകൾ.
നാഗപട്ടണത്തുനിന്നു മലേഷ്യവരെ എത്താൻ ഒരു മാസം എടുത്തിരുന്നുവെന്നാണ് കണക്ക്. കടൽയാത്രയിൽ അവർ അരി, അവൽ, പയർവർഗങ്ങൾ, ഉണക്കിയ ഇറച്ചി, ഉണക്ക മീൻ, പച്ചക്കറികൾ മുതലായവ കൂടാതെ വലിയ ബാരലുകളിൽ വെള്ളവും ശേഖരിച്ചിരുന്നു. അന്ന് നക്ഷത്രങ്ങളെ നോക്കി "വിരൽ' കണക്കുകൂട്ടിയാണ് കപ്പലുകൾ യാത്രചെയ്തിരുന്നത്. തീരത്തേക്കുള്ള ദൂരമറിയാൻ പക്ഷികളെയും കൊണ്ടുപോയിരുന്നു. പക്ഷികൾ അധികം താമസിയാതെ തിരിച്ചെത്തിയാൽ തീരം അടുത്തെങ്ങും ഇല്ല എന്നും വരാതിരുന്നാൽ തീരം അടുത്താണെന്നും അവർ കണക്കുകൂട്ടി!
സാമ്രാജ്യത്തിന്റെ ശിഥിലീകരണം
രാജേന്ദ്ര ചോളൻ രണ്ടാമന്റെ (1146-1175) കാലം വരെയും ചോളന്മാർ ശക്തരായി തുടർന്നു. എന്നാൽ 13-ാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽതന്നെ പാണ്ഡ്യന്മാരുടെ ആക്രമണം തുടരെ ഉണ്ടായിക്കൊണ്ടിരുന്നു. പാണ്ഡ്യരാജാവായ മാരവർമൻ സുന്ദരപാണ്ഡ്യൻ രണ്ടാമൻ കുലോത്തുംഗ ചോളൻ രണ്ടാമനെ പരാജയപ്പെടുത്തിയതിനു പിന്നാലെ ശ്രീലങ്കയിലും അവർ പരാജയപ്പെട്ടു. പതനങ്ങളുടെ തുടർക്കഥയിൽ 1279ഓടെ ചോളരാജ്യം ഇല്ലാതാവുകയും ആ സ്ഥാനത്ത് പാണ്ഡ്യന്മാൻ നിലയുറപ്പിക്കുകയും ചെയ്തു. ചരിത്രത്തിന്റെ അലയൊലികൾക്ക് അന്ത്യമില്ല.