റെബേക്ക- നോവൽ അധ്യായം- 4
സി.എൽ. ജോസ്
Saturday, October 11, 2025 11:31 PM IST
ഡാഫ്നെ ദു മോറിയർ
സ്വതന്ത്ര പരിഭാഷ
സി.എൽ. ജോസ്
ഉയരത്തിലെത്തി കാർ അങ്ങനെ ചുറ്റിയടിച്ചപ്പോൾ നീലാകാശത്ത് ഒരു പക്ഷി പറക്കുന്നതുപോലെ എനിക്കു തോന്നി...
തലേരാത്രിയിലെ ബ്രിഡ്ജ് കളി കഴിഞ്ഞ് ഉറങ്ങാൻ കിടന്നതാണ് മിസിസ് വാൻഹോപ്പർ. രാവിലെ ഉണർന്നപ്പോൾ വല്ലാത്ത തൊണ്ടവേദനയും നല്ല പനിയും. നൂറ്റിരണ്ടു ഡിഗ്രി. ഉടനെ ഞാൻ ഡോക്ടർക്ക് ഫോണ് ചെയ്തു. ഒട്ടും വൈകാതെ അദ്ദേഹമെത്തി പരിശോധിച്ചു. എന്നിട്ടു മാഡത്തിനോടു പറഞ്ഞു: ""ഇൻഫ്ളുവെൻസയാണ്. കണിശമായ ബെഡ് റെസ്റ്റ് വേണം. ഹാർട്ട് ബീറ്റ് ശരിയല്ല. അതുകൊണ്ട് ഞാൻ പറയുന്നതുവരെ എഴുന്നേൽക്കരുത്.'' തിരിഞ്ഞ് എന്നോടു പറഞ്ഞു: ""പരിചയസന്പന്നയായ ഒരു നഴ്സുണ്ട് മാഡത്തിന്. അവരെ ഇങ്ങോട്ടു വിടാം. നഴ്സിന്റെ സേവനംകൂടാതെ പറ്റില്ല. മാഡത്തിനെ താങ്ങാനും എഴുന്നേൽപ്പിക്കാനും സമയാസമയങ്ങളിൽ മരുന്നും ഇൻജക്ഷനും കൊടുക്കാനും ഇടയ്ക്കു ചെറിയ മസാജ് നടത്താനും നഴ്സ് കൂടിയേതീരൂ. അതും കുറച്ചുദിവസത്തേക്കേ വേണ്ടൂ.''
ഞാൻ ചെറിയ എതിർപ്പു പറയുന്നതിനുമുന്പായി എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് മാഡം ഡോക്ടറുടെ നിർദേശം സ്വീകരിച്ചു. രോഗിയായി കിടക്കുന്പോൾ വേണ്ടപ്പെട്ടവരും സുഹൃത്തുക്കളുമായി പലരും തന്നെ സന്ദർശിക്കാനും വിവരങ്ങൾ അറിയാനും സഹതാപം രേഖപ്പെടുത്താനും ക്ഷേമം ആശംസിക്കാനും എത്തും. ചിലർ പൂച്ചെണ്ടുമായി വരും. അങ്ങനെയൊരു "ബഹളം' ആസ്വദിക്കാൻകൂടിയാണ് മാഡം എല്ലാത്തിനും വഴങ്ങിയതെന്ന് എനിക്കു തോന്നി.
സമയംപോയതറിഞ്ഞില്ല. സാധാരണനിലയിൽ ഒരുമണിക്കുമുന്പ് ഞാൻ ലഞ്ചു കഴിക്കാറില്ല. ഒറ്റയ്ക്കു ചെന്നു കഴിക്കണം. ഞങ്ങളുടെ ടേബിൾ കാലിയാണ്. ഈ സമയത്തു ഞാൻ അദ്ദേഹത്തെ ഓർത്തു. അദ്ദേഹം ഇതിനകം ബോസ്ബെല്ലിലേക്കു പോയിക്കാണും. കൂട്ടില്ലാതെ ഭക്ഷണത്തിനിരിക്കുന്ന ശീലമില്ല. അതിനുള്ള പ്രായമോ തന്റേടമോ എനിക്കില്ല. അങ്ങുമിങ്ങും നോക്കി ടേബിളിലിരുന്ന ടവൽ എടുത്തു നിവർത്തുന്നതിനിടയിൽ എന്റെ കൈ തട്ടി ടേബിളിലെ ഫ്ളവർ വേസ് മറിഞ്ഞു. അതിലെ വെള്ളം മുഴുവൻ മേശവിരിയിലേക്കും എന്റെ മടിയിലേക്കും ഒഴുകി. അത് വെയിറ്ററുടെ ശ്രദ്ധയിൽപ്പെട്ടില്ല. ശ്രദ്ധയിൽപ്പെട്ട ആൾ മറ്റൊരു ടവലുമായി ഓടിയെത്തി. അത് മാക്സ് ഡി. വെൻഡർ ആയിരുന്നു. എനിക്ക് ആകെയൊരു ചമ്മലും വീർപ്പുമുട്ടലും തോന്നി.
""ഈ നനഞ്ഞ ടേബിളിലിരുന്ന് ലഞ്ചു കഴിക്കാൻ പറ്റില്ല.''
""അതു സാരമില്ല.'' ഞാൻ പറഞ്ഞു. അപ്പോഴേക്കും വെയിറ്റർ വന്നു വേണ്ടതു ചെയ്തുതുടങ്ങി.
""വരൂ. എന്റെ ടേബിളിലിരുന്നു കഴിക്കാം.''
""അത്... അത് വേണ്ട. പ്ലീസ്...''
""എന്തുകൊണ്ട്?''
എന്ത് ഒഴിവുകഴിവാണ് പറയേണ്ടതെന്ന് ഞാൻ ആലോചിച്ചു. ""താങ്കൾ ഉപചാരത്തിന്റെ പേരിൽ ക്ഷണിച്ചതാണെന്നറിയാം...''
""ഇതു വെറും ചടങ്ങോ ഉപചാരമോ അല്ല. ആത്മാർഥമായി ക്ഷണിച്ചതാണ്. ശങ്കിക്കാതെ വരൂ!''
ഏതാണ്ടൊരു സങ്കോചത്തോടെ ഞാൻ പറഞ്ഞു.
""ഇദ്ദേഹം ഇങ്ങനെ നിർബന്ധിക്കയാണെങ്കിൽ വരാം.''
ഉടനെ പുഞ്ചിരിപുരണ്ട മറുപടി വന്നു: ""എന്നെ അദ്ദേഹം ഇദ്ദേഹം എന്നൊന്നും വിളിക്കണ്ട. മാക്സിം എന്നു വിളിച്ചാൽമതി. അതാണെനിക്കിഷ്ടം. നിന്റെ പേര് എനിക്കറിയാം. നല്ല പുതുമയുള്ള പേര്. നിന്നെപ്പോലെ പേരിനുമുണ്ട് ഒരു സൗന്ദര്യം. പിന്നെ ഒരു കാര്യം. എന്നോടു സംസാരിക്കാൻ ഇഷ്ടമില്ലെങ്കിൽ നമുക്ക് പരസ്പരം മിണ്ടാതെയിരുന്നു ഭക്ഷണം കഴിക്കാം. മറിച്ചു തോന്നിയാൽ സംസാരിക്കുകയും ചെയ്യാം.''
ഇരുവരും ഹൃദ്യമായി ചിരിച്ചു.
കോടീശ്വര യുവാവിന്റെ ചാരെയിരുന്നു ഞാൻ ഭക്ഷണം കഴിക്കുന്പോൾ, കൊട്ടാരത്തിനരികെ കുടിൽ ഇരിക്കുന്ന പ്രതീതിയാണ് എനിക്കു തോന്നിയത്.
ആവശ്യമായ ഭക്ഷണം ഓർഡർ ചെയ്യാൻ മെനു എന്റെ കൈയിൽ തന്നു മാക്സിം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്പോൾ ചോദിച്ചു: ""നിന്റെ സുഹൃത്തിന് എന്തുപറ്റി?'' മാഡത്തിന്റെ അസുഖത്തെപ്പറ്റി ഞാൻ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ എന്നോടു ചോദിച്ചു: ""ഇന്നലെ എന്റെ കുറിപ്പ് കിട്ടിയില്ലേ?''
""കിട്ടി.''
""സത്യംപറഞ്ഞാൽ എനിക്കുതന്നെ ചമ്മലായി. ആചാരവും ഒൗചിത്യവുമൊന്നും ഞാൻ നോക്കിയില്ല. കുറിപ്പ് എഴുതണമെന്നു തോന്നി. എഴുതി. ഇങ്ങനെയൊന്നും ചെയ്തുശീലമില്ല. ഞാൻ കഴിയുന്നത് ഒറ്റയ്ക്കല്ലേ? ഇന്ന് ഒപ്പമിരുന്നു ലഞ്ചു കഴിക്കാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.''
""എനിക്കും.''
കുറച്ചുകഴിഞ്ഞപ്പോൾ ചോദിച്ചു: ""നിന്റെ സൃഹൃത്തിന് നിന്നേക്കാൾ ഒരുപാട് പ്രായമുണ്ടല്ലോ. ഏതെങ്കിലും ബന്ധുവാണോ? അതോ കുറെ കാലമായി പരിചയമുള്ള ആളോ?''
ആ ചോദ്യത്തിൽ ഞാനൊന്നു പകച്ചു. എങ്കിലും പറഞ്ഞു. ""സത്യംപറഞ്ഞാൽ അവർ എന്റെ ബന്ധുവല്ല. സുഹൃത്തല്ല. എന്റെ തൊഴിലുടമയാണ്. എന്നെ അവരുടെ ഒരു സ്നേഹിതയായി വാർത്തെടുക്കുകയാണ്. എനിക്കു ശന്പളമുണ്ട്. വർഷത്തിൽ തൊണ്ണൂറു പൗണ്ട്.''
""ഒരു സ്നേഹിതയെ അങ്ങനെ വാങ്ങാനോ വാർത്തെടുക്കാനോ പറ്റുമോ? ഇതേതാണ്ട് പഴയകാലത്തെ അടിമ മാർക്കറ്റിലെ കച്ചവടംപോലെയാണല്ലോ. ഈ ശന്പളം വളരെ കുറവല്ലേ?''
""തൊണ്ണൂറു പൗണ്ട് എന്നത് എനിക്കു വലിയ സംഖ്യയാണ്.''
""നിന്റെ കുടുംബം, മാതാപിതാക്കൾ?''
""അവരെല്ലാം മരിച്ചുപോയി.''
""സുന്ദരവും അസാധാരണവുമാണ് നിന്റെ പേര്.''
""സുന്ദരനും അസാധാരണനുമായ ഒരു മാന്യവ്യക്തിയായിരുന്നു എന്റെ പപ്പ.''
""അദ്ദേഹത്തെപ്പറ്റി പറയൂ!''
""ഒരുപാടു നല്ല ഗുണങ്ങളുള്ള ആളായിരുന്നു. സാധാരണനിലയിൽ പപ്പയെപ്പറ്റി ഞാൻ ആരോടും പറയാറില്ല. അദ്ദേഹം എന്റെ സ്വകാര്യ സ്വത്താണ്., താങ്കൾക്കു മാൻഡെർലി എന്നപോലെ.''
എന്തായാലും ആ കൂടിക്കാഴ്ചയും ലഞ്ചും അസാധാരണവും അപ്രതീക്ഷിതവുമായിരുന്നു. ഇന്നലെ മിസിസ് വാൻഹോപ്പറിന്റെ അടുത്തിരുന്നു മഹാനായ ആ മനുഷ്യൻ കാപ്പികുടിക്കുന്പോൾ നിശബ്ദയും നാണംകുണുങ്ങിയുമായിരുന്ന ഞാൻ, ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ തീർത്തും അപരിചിതനായ ആ മനുഷ്യനോടൊപ്പം ലഞ്ചു കഴിക്കുന്നു.., കുടുംബകാര്യങ്ങൾ വെളിപ്പെടുത്തുന്നു. തികഞ്ഞ മാന്യതയോടെ അദ്ദേഹം അതു കേൾക്കുന്നു. കവിഞ്ഞ സഹതാപത്തോടെ എന്നെ ഉറ്റുനോക്കുന്നു. എന്റെ മാത്രമായിരുന്ന എന്റെ കുടുംബചരിത്രം ഇന്നുമുതൽ അങ്ങനെയല്ലാതായി.
പറഞ്ഞുപറഞ്ഞു മുന്നേറിയപ്പോൾ തെല്ലും മടിയില്ലാതെ സത്യസന്ധമായി പലതും ഞാൻ വിവരിച്ചു. ""സ്വഭാവശുദ്ധിയിലും ദൈവഭയത്തിലും എന്റെ മാതാപിതാക്കൾ എനിക്കു നല്ല മാതൃകയായിരുന്നു. ഒരു ശൈത്യകാലത്ത് ന്യുമോണിയ പിടിപെട്ട് പിതാവ് മരിച്ചു. നാലഞ്ച് ആഴ്ചകൾ കഴിഞ്ഞപ്പോഴേക്കും അമ്മയുടെ ജീവനും പറന്നകന്നു. അന്നുമുതൽ ഞാനൊരു അനാഥ!''
അപ്പോഴേക്കും സമയം രണ്ടുമണിയായി. ഞങ്ങൾ എഴുന്നേറ്റ് റൂമിലേക്കു നടന്നു. മാക്സിം പറഞ്ഞു: ""സത്യം പറയട്ടെ, നിന്നോടൊത്തുള്ള ഈ ഒരു മണിക്കൂർ ഞാൻ ശരിക്കും ആസ്വദിച്ചു. കുറേക്കാലമായിട്ട് എനിക്കു ലഭിക്കാത്ത ഒരപൂർവ സന്തോഷമാണിത്. സത്യംപറഞ്ഞാൽ എന്നിലെ എന്നെ നീ പുറത്തുകൊണ്ടുവന്നു. ഒരു കൊല്ലമായിട്ട് എന്നിൽ തളംകെട്ടി കിടന്നിരുന്ന കടുത്ത വിഷാദവും മനോവിഷമവും എന്നിൽനിന്നു പറന്നുപോയ ഒരനുഭവം!''
ഞാനതും സശ്രദ്ധം കേട്ടുനിന്നു. അദ്ദേഹം തുടർന്നു:
""നമ്മുടെ ജീവിതത്തിൽ പല സാമ്യങ്ങളുമുണ്ട്. നമുക്കിരുവർക്കും മാതാപിതാക്കളില്ല. ഞാനും നീയും ഈ ഭൂമിയിൽ ഒറ്റയ്ക്കാണ്. ഓ, സോറി. എനിക്കൊരു സഹോദരിയുണ്ട്- ബിയാട്രീസ്. വല്ലപ്പോഴുമേ കണ്ടുമുട്ടാറുള്ളൂ. പിന്നെയൊരു ഗ്രാൻഡ്മദറുണ്ട്. വർഷത്തിൽ രണ്ടോ മൂന്നോവട്ടം അവരെ സന്ദർശിക്കും.''
ഞാൻ ആദരവോടെ അദ്ദേഹത്തെ ഉറ്റുനോക്കി. തുറന്നമനസോടെയാണ് അദ്ദേഹം സംസാരിച്ചത്. പറയുന്നതത്രയും സത്യമാണെന്നു തോന്നി. ഞാൻ സങ്കൽപ്പിച്ചതിനേക്കാൾ എത്രയോ എളിമയുള്ള മനുഷ്യൻ. പക്വതയുള്ള സംസാരം, കുലീനമായ പെരുമാറ്റം. തലയെടുപ്പുണ്ടെങ്കിലും തണ്ടും തലക്കനവുമില്ലാത്ത പ്രകൃതം.
മന്ദസ്മിതത്തോടെ മാക്സിം പറഞ്ഞു: ""അങ്ങനെ മുതലാളിയുടെ സ്നേഹിതയ്ക്ക് ഒരു ഹോളിഡേ കിട്ടി. എന്തുചെയ്യാൻ പോകുന്നു അതുകൊണ്ട്? എന്താ പ്ലാൻ?''
""ഒന്നും ആലോചിച്ചില്ല.''
തുടർന്നൊരു കുസൃതിച്ചോദ്യം. ""മുതലാളിയുടെ തൊണ്ണൂറു പൗണ്ടിന്റെ ഈ കൂട്ടുകാരി ഭാവിയെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രായമായ മിസിസ് വാൻഹോപ്പറിന് എന്തെങ്കിലും സംഭവിച്ചുപോയാൽ...?''
ഒരു പുഞ്ചിരിയോടെ ഞാൻ മറുപടി പറഞ്ഞു: ""അത്രയ്ക്കൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. ഒരു മിസിസ് വാൻഹോപ്പർ പോയാൽ അതുപോലെ മറ്റൊരാളുണ്ടാവും. അല്ലെങ്കിൽ വേറെ എന്തെങ്കിലും തൊഴിൽ. ഞാൻ ചെറുപ്പമാണ്, ആരോഗ്യവതിയാണ്, നല്ല ആത്മവിശ്വാസവുമുണ്ട്. മാത്രമല്ല എല്ലാം കാണുന്ന, എന്നെ അറിയുന്ന സർവശക്തനായ ദൈവമുണ്ട് മുകളിൽ.''
""ഇപ്പോൾ എത്ര വയസായി?''
മുപ്പത് എന്നു ഞാൻ പറയാതെതന്നെ അദ്ദേഹം കഷ്ടിച്ച് ഉൗഹിച്ചുകാണും. എന്നിട്ടു ചോദിച്ചു.
""എന്നെ കണ്ടാൽ എത്ര തോന്നും?''
""ഏതാണ്ട് നാല്പത്...''
""അത്രയാവണമെങ്കിൽ ഒരുവർഷംകൂടി വേണം.'' എന്നിട്ട് അദ്ദേഹം ചിരിച്ചു. തുടർന്ന് ഉത്സാഹപൂർവം പറഞ്ഞു: ""മുകളിൽപ്പോയി തൊപ്പി ധരിച്ചുവരൂ. നമുക്കു കാറെടുത്ത് ചുമ്മാ ഒന്നു കറങ്ങാം.''
ഞാൻ ലിഫ്റ്റിൽ കയറിയപ്പോൾ ചിന്തിച്ചു. ഇന്നലെ മിസിസ് വാൻഹോപ്പറിനൊപ്പം കണ്ടപ്പോൾ ഒരു പരുക്കനായ മനുഷ്യപ്പറ്റില്ലാത്ത ആളായിട്ടാണ് തോന്നിയത്. എന്നാൽ ഇന്നോ? ദീർഘകാലമായുള്ള ഒരു സുഹൃത്തിനെപ്പോലെ, എനിക്ക് ഇല്ലാതെപോയ ഒരു സഹോദരനെപ്പോലെ തോന്നുന്നു. എന്തായാലും എനിക്കിന്ന് ആഹ്ലാദത്തിന്റെ ദിവസമാണ്.
ഞങ്ങൾ ഇരുവരും കാറിൽ കയറി. എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. കാർ നല്ല സ്പീഡിലാണ്. അതുപോലെതന്നെ കാറ്റും ശക്തമാണ്. നീണ്ടുകിടക്കുന്ന റോഡും കാറിന്റെ സ്പീഡും കണ്ടാൽ അകലെ കാണുന്ന കുന്നുകളെയും മലകളെയും എത്തിപ്പിടിക്കാൻ പായുകയാണെന്നു തോന്നും. ഉയരത്തിലെത്തി കാർ അങ്ങനെ ചുറ്റിയടിച്ചപ്പോൾ നീലാകാശത്ത് ഒരു പക്ഷി പറക്കുന്നതുപോലെ എനിക്കു തോന്നി. മുൻസീറ്റിൽ ഞാൻ മാക്സിമിന്റെ ഭാഗത്തേക്ക് പിൻതിരിഞ്ഞാണിരുന്നത്. വിവിധ കാഴ്ചകൾ കാണാനും പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിക്കാനും അതാണ് സൗകര്യം. എന്റെ പുറത്തുതട്ടി പറഞ്ഞു: ""ശരിക്ക് നേരേയിരിക്കൂ. എന്നാലും കാഴ്ചകൾ കാണാം.''
വളവുകളും തിരിവുകളുമുള്ള വീതികുറഞ്ഞ റോഡാണെങ്കിലും സാഹസികവും അപകടകരവുമായ സ്പീഡിലാണ് കാർ പോകുന്നത്. അതെന്നിൽ ഭയമല്ല ആഹ്ലാദമാണ് പകർന്നത്. കാരണം ഇങ്ങനെയൊരു യാത്ര ഈ പാവം പെണ്ണ് ആസ്വദിക്കുന്നത് ആദ്യമാണ്.
കാർ പാഞ്ഞുപാഞ്ഞ് മലയുടെ ഉച്ചിയിലെത്തി. തുടർന്നു വഴിയില്ല. കാർ നിർത്തി ഞങ്ങൾ പുറത്തിറങ്ങി ചുറ്റുപാടും വീക്ഷിച്ചു. കടന്നുപോന്ന വഴിയിലേക്ക് കുനിഞ്ഞു നോക്കി. പേടിതോന്നി. ചെങ്കുത്തായ താഴ്വര. കുറഞ്ഞത് രണ്ടായിരം അടിയെങ്കിലും താഴ്ചകാണും. മറുഭാഗത്തു ചക്രവാളസീമവരെ നീണ്ടുകിടക്കുന്ന കടൽ. സൂര്യൻ ചാഞ്ഞുചാഞ്ഞ് കടലിനെ ചുംബിക്കാൻ വ്യഗ്രതയോടെ നീങ്ങിത്തുടങ്ങുന്നു.
മാക്സിം പറഞ്ഞു: ""മാൻഡെർലിയിലുമുണ്ട് ഇതുപോലെ സുന്ദരമായ കാഴ്ചകൾ.''
നേരം വൈകുന്നു. നമുക്കു പോകാം. ഞാൻ ധൃതികൂട്ടി. ഞങ്ങൾ കാറിൽ കയറി. വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചുമാണ് മാക്സിം വണ്ടിയോടിച്ചത്.
ഞാൻ ചോദിച്ചു: ""ഇതിനുമുന്പ് ഇവിടെ വന്നിട്ടുണ്ടോ?''
""വർഷങ്ങൾക്കുമുന്പ് ഒരു പ്രാവശ്യം. ഭാര്യ റബേക്കയുമൊത്ത്.''
""പിന്നെന്തിനാ വീണ്ടും ഇപ്പോൾ?''
""കാര്യമായ മാറ്റങ്ങൾ വല്ലതും വന്നോ എന്നറിയാനും പിന്നെ ഈ ശ്രീമതിയെ ഇതു കാണിക്കാനും.''
ഇരുവരും ചിരിച്ചു. കാർ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഹോട്ടലിലെത്തി. എന്നെ അവിടെ ഇറക്കി.
മാക്സിം പറഞ്ഞു: ""എനിക്ക് മറ്റൊരാളെ കാണേണ്ടതുണ്ട്. അദ്ദേഹത്തോടൊപ്പമാണ് ഡിന്നർ.''
ഇരുവരും സസന്തോഷം കൈകൾവീശി പിരിഞ്ഞു.
(തുടരും)