"ജ്ഞാനപ്പഴ'ത്തിന്റെ മധുരം
ഹരിപ്രസാദ്
Sunday, October 12, 2025 12:37 AM IST
തമിഴ്നാട്ടിലെ ഒരു ഗ്രാമമോ ചെറിയ പട്ടണമോ സങ്കല്പിക്കുക. ഒരു കോവിൽ.., അരികത്ത് പൂക്കട.. നിഷ്കളങ്കരായ നാട്ടുകാർ കൂടിയിരിക്കുന്ന ഒരു ചായക്കട... അവിടെ ട്രാൻസിസ്റ്റർ റേഡിയോയിൽനിന്ന് ഒരു പാട്ട് ഒഴുകിവരുന്നു.. ഭക്തിയും സ്വത്വബോധവും മനസുകളിൽ നിറയ്ക്കുന്ന പാട്ട്- പഴം നീയപ്പാ... ജ്ഞാനപ്പഴം നീയപ്പാ...
ശരിക്കും ഈയൊരു പാട്ടോടെയാണ് ആ അന്തരീക്ഷം പൂർണതനേടുന്നത്. തിരുവിളയാടൽ എന്ന ചിത്രത്തിലാണ് കണ്ണദാസന്റെ വരികൾക്ക് കെ.വി. മഹാദേവൻ ഈണംപകർന്ന ഈ പാട്ട്. അവ്വയാറായി വേഷമിട്ട് ഗാനം പാടി അഭിനയിച്ചത് കെ.ബി. സുന്ദരാംബാൾ. തലമുറകളുടെ ഉള്ളിൽത്തട്ടിയ സ്വരം.
ഇന്നും ഈ പാട്ടുകേൾക്കുന്പോഴെല്ലാം തമിഴ്മക്കളുടെ ഹൃദയങ്ങളിൽ ഒരു കോവിലിന്റെ നടതുറക്കും. നരച്ചമുടിയും നീളത്തിൽ ഭസ്മക്കുറിയിട്ട നെറ്റിയുമായി കാവിമുണ്ട് പുതച്ചു വരുന്ന സുന്ദരാംബാളിന്റെ മുഖമാണ് അവർക്ക് അവ്വയാറിന്റെ മുഖം. ഇന്നലെ സുന്ദരാംബാളിന്റെ ജന്മദിനമായിരുന്നു.
ട്രെയിനിലെ പാട്ട്
കുട്ടിക്കാലം മുതൽ ട്രെയിനുകളിൽ പാടിനടന്നാണ് സുന്ദരാംബാൾ ചെറിയ തുകകൾ സന്പാദിച്ചിരുന്നതെന്നുകേട്ടാൽ ഇന്നു വിശ്വസിക്കാൻ പ്രയാസമാകും. ഇന്നത്തെ ഈറോഡ് ജില്ലയിൽ കാവേരീനദിയോരത്ത് കൊടുമുടി എന്ന പട്ടണത്തിലാണ് 1908ൽ സുന്ദരാംബാൾ ജനിച്ചത്. ട്രെയിനിലെ പാട്ടുതന്നെയാണ് അവർക്ക് നാടകവേദിലേക്കു വഴിതെളിഞ്ഞത്.
ചെറിയ വേഷങ്ങളിൽനിന്ന് വൈകാതെ നായികയായി. വള്ളി തിരുമണം, പാവലക്കൊടി, ഹരിശ്ചന്ദ്ര തുടങ്ങിയ നാടകങ്ങൾ വലിയ ഹിറ്റുകളായി. പ്രത്യേകിച്ച് എസ്.ജി. കിട്ടപ്പയ്ക്കൊപ്പം അഭിനയിച്ച വള്ളി തിരുമണം.
കിട്ടപ്പതന്നെ സുന്ദരാംബാളിന് ജീവിതത്തിലെയും നായകനായി. 19-ാം വയസിലായിരുന്നു തിരുമണം. കിട്ടപ്പയ്ക്ക് അന്ന് 21 വയസ്. ഒരുമിച്ച് നാടകങ്ങളിൽ പാടിയും അഭിനയിച്ചുമുള്ള സുന്ദരകാലമായിരുന്നു അവർക്ക് തുടർന്നുള്ള വർഷങ്ങൾ. സന്തോഷത്തിനു പക്ഷേ അധികം ആയുസുണ്ടായില്ല. ആറു വർഷം കഴിഞ്ഞപ്പോഴേക്കും കിട്ടപ്പ മരിച്ചു. ഏകാന്തജീവിതത്തിൽ കലാപ്രവർത്തനം മാത്രമായി പിന്നെ സുന്ദരാംബാളിനു കൂട്ട്.
സിനിമ, രാഷ്ട്രീയം
അക്കാലത്തുതന്നെയാണ് അവർ സിനിമയിലെത്തിയത്. മണിമേഖലൈ, അവ്വയാർ, കാരയ്ക്കൽ അമ്മൈയാർ, കാന്തൻ കരുണൈ, തിരുവിളയാടൽ, ഉയിർമേൽ ആസൈ, തുണൈവൻ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങൾ. തിരുവിളയാടലിലും കാന്തൻ കരുണൈയിലും അവ്വയാറിന്റെ വേഷം.
എം.എസ്. വിശ്വനാഥൻ, ആർ. സുദർശനം, ടി.കെ. രാമമൂർത്തി, കുന്നക്കുടി വൈദ്യനാഥൻ തുടങ്ങിയവരുൾപ്പെടെയുള്ള സംഗീതസംവിധായകർക്കു കീഴിൽ പാടുകയും ചെയ്തു. അതിനിടയിലാണ് ജ്ഞാനപ്പഴത്തിന്റെ മധുരം കിനിഞ്ഞത്.., ഇന്നും മായാതെ നിൽക്കുന്നതും.
ഉറച്ച കോണ്ഗ്രസ് അനുയായി എന്ന നിലയിലും സുന്ദരാംബാൾ അറിയപ്പെട്ടു. ഖദർ ധരിക്കുന്നത് ശീലമാക്കി. സ്വാന്ത്ര്യസമര പോരാട്ടങ്ങൾക്ക് ശക്തിപകർന്ന് ഒട്ടേറെ പാട്ടുകൾ പാടി. 1951ൽ കോണ്ഗ്രസ് അവരെ മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്സിലിലേക്ക് നാമനിർദേശം ചെയ്തു.
നിയമസഭാ സാമാജികയായ ഇന്ത്യയിലെ ആദ്യസിനിമാനടിയായി അതോടെ സുന്ദരാംബാൾ. മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ പുരസ്കാരം രണ്ടുതവണ അവരെ തേടിയെത്തി. 1971ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 1973ലാണ് അവസാനമായി സിനിമയിൽ അഭിനയിച്ചത്. 1980ൽ അന്തരിച്ചു.
ജയലളിതയുടെ പ്രിയഗാനം
കവയിത്രി അവ്വയാർ ബാലമുരുകന് പറഞ്ഞുകൊടുത്തതാണത്രേ പഴം നീയപ്പാ.. എന്നുതുടങ്ങുന്ന വരികൾ. അതിനു പിന്നിലെ കഥ ഇങ്ങനെ:
ലോകം മൂന്നുതവണ വലംവയ്ക്കുന്നവർക്ക് സവിശേഷമായ ഒരു പഴം നൽകുമെന്ന് പരമശിവൻ മക്കളായ മുരുകനോടും ഗണപതിയോടും പറഞ്ഞു. തന്റെ ലോകം അച്ഛനുമമ്മയും തന്നെയെന്നു പറഞ്ഞ് ശിവനെയും പാർവതിയെയും മൂന്നുവട്ടം വലംവച്ച ഇളയമകൻ ഗണപതിക്ക് ശിവൻ പഴം നൽകി.
യഥാർഥ ലോകം മൂന്നു വട്ടംചുറ്റിയെത്തിയ മുരുകൻ ഇതറിഞ്ഞു കുപിതനായത്രേ. താൻ ഇനി കൈലാസത്തിൽ വസിക്കില്ലെന്നു പറഞ്ഞ് പോകാനൊരുങ്ങിയ മുരുകനെ ശാന്തനാക്കാനാണ് അവ്വയാർ ഈ വരികൾ പറഞ്ഞുകൊടുത്തത്. നിനക്ക് പഴത്തിന്റെ ആവശ്യമില്ല, നീതന്നെയാണ് ജ്ഞാനപ്പഴം എന്നാണ് വരികളുടെ അർഥം.
മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഏറെ പ്രിയപ്പെട്ട പാട്ടായിരുന്നു ഇത്. ഒരിക്കൽ ഒരു വേദിയിൽ ഈ പാട്ട് മനോഹരമായി പാടിയ മലയാളിയായ ഗായികയ്ക്ക് തന്റെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല ഊരിനൽകിയാണ് ജയലളിത സന്തോഷം പ്രകടിപ്പിച്ചത്. സുന്ദരാംബാളിനെ കേട്ടതുപോലെ എന്നാണ് അന്നു ജയലളിത പറഞ്ഞത്.
ജയയും സംഗീത സജിത് എന്ന ആ ഗായികയും ഇന്നില്ല.