ഒഡീഷയിലെ ചിലികാ തടാകത്തിൽ "ആനക്കൊമ്പൻ' ചുഴലി: വിനോദസഞ്ചാരികളെ പരിഭ്രാന്തരാക്കിയ അപൂർവ "വാട്ടർസ്പൗട്ട്'
Saturday, October 11, 2025 7:54 PM IST
ഒഡീഷയിലെ ഖോർധ ജില്ലയിലെ ചിലികാ തടാകത്തിന് മുകളിൽ വെള്ളിയാഴ്ച ദൃശ്യമായ ഭീമാകാരമായ ചുഴലിക്കാറ്റ്, അവിടെയെത്തിയ വിനോദ സഞ്ചാരികളെയാകെ പരിഭ്രാന്തിയിലാഴ്ത്തി. ചിലികയിലെ കാലിജായ് ക്ഷേത്രത്തിന്റെ സമീപം, തടാകത്തിന് മുകളിൽ രൂപംകൊണ്ട ഈ പ്രതിഭാസം, ടൂറിസ്റ്റ് ബോട്ടുകളിലും മറ്റുമായി കാഴ്ചകൾ ആസ്വദിക്കുകയായിരുന്ന നൂറുകണക്കിന് സഞ്ചാരികളെ അമ്പരപ്പിച്ചു.
വാട്ടർസ്പൗട്ട് ചുഴലിക്കാറ്റാണ് തടാകത്തിൽ കണ്ടതെന്നാണ് സംസ്ഥാന കാലാവസ്ഥാ നിരീക്ഷകൻ ബിശ്വജിത് സാഹുവിന്റെ സ്ഥിരീകരണം. ഇതിന്റെ രൂപം മൂലം ആനയുടെ തുമ്പിക്കൈ എന്നർഥം വരുന്ന "ഹാത്തിസുന്ധ്' എന്നാണ് പ്രാദേശികമായി ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്.
പെട്ടെന്നുള്ള അന്തരീക്ഷത്തിലെ മർദ്ദ വ്യതിയാനത്തിനൊപ്പം ആകാശത്തോളം ഉയർന്നുനിന്ന ചുഴലിയുടെ രൂപം കണ്ടതോടെ സഞ്ചാരികളിൽ പലരും പരിഭ്രാന്തരായി നിലവിളിക്കുകയും ജീവൻ രക്ഷിക്കാൻ ഓടുകയും ചെയ്തു.
ഈ അപൂർവ പ്രതിഭാസം ഏതാനും മിനിറ്റുകൾ മാത്രമാണ് നീണ്ടുനിന്നത്. എന്നാൽ, ചുഴലി മായുന്നതിന് മുൻപ് ചിലർ തങ്ങളുടെ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഈ വീഡിയോ ക്ലിപ്പുകൾ നിലവിൽ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുന്നുണ്ട്.
വലിയ ജലാശയങ്ങൾക്ക് മുകളിൽ രൂപപ്പെടുന്ന വാട്ടർസ്പൗട്ടുകൾ സാധാരണയായി അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് ചുറ്റുമുള്ള കടലുകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇന്ത്യയിൽ ചുഴലിക്കാറ്റുകൾ പൊതുവെ അപൂർവമാണ്.
എങ്കിലും, മൺസൂണിന് മുൻപുള്ള മാസങ്ങളിൽ ഒഡീഷ, പശ്ചിമ ബംഗാൾ പോലുള്ള കിഴക്കൻ തീരദേശ സംസ്ഥാനങ്ങളിൽ ഇവ ചിലപ്പോഴൊക്കെ റിപ്പോർട്ട് ചെയ്യാറുണ്ട്. ചിലികാ തടാകത്തിൽ ഇതിനു മുൻപ് 2018-ലും 2019-ലും സമാനമായ പ്രതിഭാസങ്ങൾ ദൃശ്യമായിട്ടുണ്ടെങ്കിലും ഇവ വളരെ വിരളമായ സംഭവങ്ങളാണ്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രത്യേകിച്ച് കിഴക്കൻ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റുകൾ നാശമുണ്ടാക്കിയ ചരിത്രമുണ്ട്. ഉദാഹരണത്തിന്, 2009-ൽ പശ്ചിമ ബംഗാളിലുണ്ടായ ചുഴലിക്കാറ്റിൽ നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. 2021-ലും പശ്ചിമ ബംഗാളിൽ കെട്ടിടങ്ങൾ തകർത്തുകൊണ്ട് ചുഴലിക്കാറ്റ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.