ആധുനിക ഓഫീസുകൾ ആഡംബരമല്ല..!
മുരളി തുമ്മാരുകുടി
Wednesday, April 30, 2025 10:45 AM IST
സിപിഎമ്മിന്റെ പുതിയ ആസ്ഥാനത്തെക്കുറിച്ചുള്ള വാർത്തകൾ വായിച്ചു. കേട്ടിടത്തോളം ആധുനികമായ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയുള്ള കെട്ടിടമാണ്. ഇത് നല്ല കാര്യമാണ്. പൊതുവെ കേരളത്തിൽ പാർട്ടികളും സർക്കാരും ആഡംബരം പോയിട്ട് ആവശ്യത്തിനുള്ള ഓഫീസ് സൗകര്യംപോലും ഒരുക്കുന്നതിൽ വിമുഖരാണ്. സംശയമുള്ളവർ നമ്മുടെ സെക്രട്ടേറിയറ്റ് ഒന്നു പോയി നോക്കിയാൽ മതി.
ഒരു ലക്ഷത്തിലധികം കോടി രൂപ വരുമാനവും അത്രയുംതന്നെ ചെലവുമുള്ള ഒരു സംസ്ഥാനത്തിന്റെ ഭരണം നയിക്കപ്പെടുന്ന സ്ഥലമാണു സെക്രട്ടേറിയറ്റ്. അവിടത്തെ മന്ത്രിമാരുടെ, സീനിയർ ഉദ്യോഗസ്ഥരുടെയെല്ലാം ഓഫീസുകളുടെ കെട്ടും മട്ടും സൗകര്യങ്ങളും കേരളത്തിൽ ഒരു അഞ്ഞൂറുകോടി രൂപ വരവുള്ള പ്രസ്ഥാനങ്ങളിലെ ഓഫീസുകളേക്കാൾ മോശമാണ്. പഴയ സെക്രട്ടേറിയറ്റ് എപ്പോൾ വേണമെങ്കിലും തീപിടിക്കാൻ സാധ്യതയുള്ള ഒരു ഫയർ ഹസാഡ് ആണെന്നു ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്.
അവശ്യചെലവുകൾ പോലും ‘ധൂർത്ത്’ എന്നുപറഞ്ഞ് വിവാദമുണ്ടാക്കാൻ മാധ്യമങ്ങൾ ഭൂതക്കണ്ണാടിയുമായി സദാ ജാഗരൂകരാകുന്നതുകൊണ്ടും നമ്മുടെ നേതൃത്വം അത്തരം വിവാദങ്ങൾ ശ്രദ്ധിക്കുന്നവരായതുകൊണ്ടുമാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.
ആധുനിക സൗകര്യങ്ങളുള്ള ഒരു ഭരണകേന്ദ്രം നമുക്കുണ്ടാക്കണം. പഴയ സെക്രട്ടേറിയറ്റ് മന്ദിരം, നമ്മുടെ മണ്മറഞ്ഞ നേതാക്കളെ പരിചയപ്പെടുത്തുന്ന, നമ്മൾ കടന്നുപോന്ന സമരങ്ങളുടെ കഥപറയുന്ന, ജനാധിപത്യത്തെപ്പറ്റിയുള്ള ഒരു മ്യൂസിയം ആക്കണം. നഗരത്തിന്റെ നടുക്കുതന്നെയുള്ള പൂജപ്പുര സെൻട്രൽ ജയിലിന്റെ സ്ഥലം ഉപയോഗിച്ചാൽ ഇത് എളുപ്പത്തിൽ നടക്കും. രാജഭരണകാലത്ത് ഏറ്റവും സുരക്ഷ ഒരുക്കാൻ പറ്റിയ സ്ഥലമായിരുന്നു തലസ്ഥാനം, അതുകൊണ്ടാണ് ജയിൽ അവിടെ ഉണ്ടായത്. ഇപ്പോൾ അതിനു പ്രസക്തിയില്ല. നഗരമധ്യത്തിൽതന്നെ ജയിൽ ഉണ്ടാകേണ്ട ഒരാവശ്യവുമില്ല. (യുപിയിൽ നഗരമധ്യത്തിലെ ജയിലുകൾ പുറത്തേക്ക് മാറ്റിയാണ് നഗരവികസനത്തിന് സ്ഥലം കണ്ടെത്തിയത്).
2019 ൽ ബിജെപിയുടെ നാഷണൽ ഓഫീസിൽ പോയിരുന്നു. കണ്ടിരിക്കേണ്ടതാണ്. ഏതൊരു കോർപറേറ്റ് ഓഫീസിനോടും കിടപിടിക്കുന്ന ഒന്ന്. സീനിയറായ എല്ലാവർക്കും സ്വന്തം പേരിൽതന്നെ ഓഫീസുകൾ ഉണ്ട്. അനവധി കോൺഫറൻസ് റൂമുകളും. ആധുനികം, കാര്യക്ഷമം.
അക്കാലത്തുതന്നെ ഞാൻ സിപിഎമ്മിന്റെ നാഷണൽ ഓഫീസിൽ പോയിരുന്നു. കേരളത്തിലെ ഒരു പഴയ പാരലൽ കോളജിനെയാണ് ഓർമപ്പെടുത്തിയത്. വളരെ സാധാരണമായ സൗകര്യങ്ങൾ മാത്രമേ അന്ന് ജനറൽ സെക്രട്ടറി ആയിരുന്ന പ്രകാശ് കാരാട്ടിന്റെ മുറിയിൽ പോലും ഉണ്ടായിരുന്നുള്ളു.
സിപിഎമ്മിന്റെ പുതിയ കെട്ടിടത്തേക്കാൾ ഞാൻ ശ്രദ്ധിക്കുന്നത് സിപിഎം പതുക്കെപ്പതുക്കെ കെട്ടിപ്പടുക്കുന്ന പുതിയ നേതൃനിരയാണ്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ പരിചയസമ്പന്നരും നല്ല പ്രതിച്ഛായ ഉള്ളവരുമായിരുന്ന നേതാക്കളെ മാറ്റിനിർത്തിയാണ് പുതിയ ആളുകൾക്ക് മത്സരിക്കാൻതന്നെ അവസരം നൽകിയത്. മത്സരിച്ചു ജയിച്ചവരിൽതന്നെ മന്ത്രിമാർ ആയവർ പുതുമുഖങ്ങൾ ആയിരുന്നു, പലരും അമ്പത് വയസിൽ താഴെയുള്ളവർ. ഇപ്പോൾ ജില്ലാക്കമ്മറ്റികളിൽ തന്നെ അമ്പത് വയസിൽ താഴെയുള്ളവർ സെക്രട്ടറിമാരായി വരുന്നു.
ഡെമോഗ്രഫി ഈസ് ഡെസ്റ്റിനി എന്നൊരു പ്രയോഗമുണ്ട്. ഒരു പാർട്ടിയിലെ നേതൃത്വം മുഴുവൻ അറുപത് കഴിഞ്ഞവരാണെങ്കിൽ ആ പ്രസ്ഥാനത്തിന് വലിയ ഭാവി ഉണ്ടാകില്ല. മഹാമേരുപോലുള്ള നേതാക്കൾ ഉണ്ടായിരുന്ന കാലത്ത് മഹാപ്രസ്ഥാനങ്ങൾ എന്ന് തോന്നിയിരുന്ന പലതും ഒരു നേതാവിന്റെ മരണത്തോടെ പ്രസ്ഥാനംതന്നെ ഇല്ലാതാകുന്നത് കണ്ടിട്ടുള്ളതാണ്. അതറിഞ്ഞ് ഓരോ പാർട്ടിയും മുതിർന്ന നേതാക്കളുള്ളപ്പോൾതന്നെ പുതിയ തലമുറയ്ക്ക് അവസരങ്ങൾ നൽകി അവരെ മുന്നോട്ടുകൊണ്ടുവരണം.