ഹൈടെക് വേണ്ട, കാൽ മതി: ചിരിപ്പിച്ച് വൈറലായി പാകിസ്ഥാനിലെ ടോൾ ബൂത്ത് കാഴ്ച
Saturday, October 11, 2025 2:53 PM IST
ആളുകളെ പൊട്ടിച്ചിരിപ്പിച്ച ഒരു ടോൾ പ്ലാസ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. പാകിസ്ഥാനിൽ നിന്നുള്ളതാണെന്ന് കരുതുന്ന ഈ വീഡിയോ, യന്ത്രസഹായങ്ങളോ സാങ്കേതികവിദ്യകളോ ഇല്ലാതെ, മനുഷ്യ പ്രയത്നത്തിലൂടെ ഒരു ടോൾ ഗേറ്റ് എങ്ങനെ പ്രവർത്തിപ്പിക്കാമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുന്നു.
ദൃശ്യത്തിൽ, സാധാരണ പോലെ ഒരു ടോൾ പ്ലാസയിലെ ബാരിയറാണുള്ളത്. അതിന് സമീപം കസേരകളിലിരിക്കുന്ന രണ്ടു ജീവനക്കാരെ കാണാം. ഒരു വാഹനം അടുത്തുവരുമ്പോൾ, അതിലൊരാൾ വളരെ ലാഘവത്തോടെ തന്റെ കാൽ ഒരു ലോഹ സ്റ്റാൻഡിലേക്ക് നീട്ടി ശക്തിയായി അമർത്തുന്നു.
ഈ പ്രയോഗത്തിൽ, ടോൾ ഗേറ്റിന്റെ ബാരിയർ മുകളിലേക്ക് ഉയരുന്നു. വാഹനം കടന്നുപോയ ഉടൻതന്നെ ഇയാൾ കാൽ അയക്കുമ്പോൾ ബാരിയർ പഴയപടി താഴുകയും ചെയ്യുന്നു. ഇവിടെ ഓട്ടോമാറ്റിക് സെൻസറുകളോ, ഇലക്ട്രോണിക് സംവിധാനങ്ങളോ, ബട്ടണുകളോ ഒന്നും പ്രവർത്തിക്കുന്നില്ല. മാനുവൽ ഓപ്പറേഷൻ മാത്രമാണ് ടോൾ പിരിവിന്റെ സുരക്ഷ ഉറപ്പാക്കുന്നത്.
"പാകിസ്ഥാനിലെ മാനുവൽ ടോൾ പ്ലാസ' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. ഈ വിചിത്രമായ കാഴ്ച കണ്ടതോടെ ആളുകൾ കൂട്ടത്തോടെ കമന്റുകൾ പങ്കുവെക്കാൻ തുടങ്ങി. സാങ്കേതിക പരിജ്ഞാനത്തെയും, രാജ്യത്തെ ദാരിദ്ര്യത്തെയും, ജീവനക്കാരുടെ മെയ്വഴക്കത്തെയും പുകഴ്ത്തിക്കൊണ്ടും കളിയാക്കിക്കൊണ്ടുമുള്ള കമന്റുകളാൽ കമന്റ് ബോക്സ് നിറഞ്ഞു.
"ഇതവരുടെ ലെഗ് ഡേ രീതിയായിരിക്കും' എന്നൊരാൾ തമാശയായി കുറിച്ചു. "ഇതിനെയാണ് ഹ്യൂമൻ റോബോട്ടിക്സ് എന്ന് വിളിക്കേണ്ടതെന്നും "ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പോലും ഇവർക്ക് പകരം വെക്കാനാവില്ല," എന്നും മറ്റുചിലർ അഭിപ്രായപ്പെട്ടു.