ഏഷ്യയിലെ ഏറ്റവും വലിയ ടോൾ സ്റ്റേഷൻ സ്തംഭിച്ചു: ചൈനീസ് "ഗോൾഡൻ വീക്ക്' സമ്മാനിച്ചത് വൻ ഗതാഗതക്കുരുക്ക്
Saturday, October 11, 2025 3:28 PM IST
അടുത്തിടെ ചൈനയിൽ ദേശീയ ദിനത്തിന്റേയും മധ്യ-ശരത്കാല ഉത്സവത്തിന്റേയും അവധിക്കാലം കഴിഞ്ഞ് സ്വന്തം വീടുകളിലേക്ക് മടങ്ങിയ ദശലക്ഷക്കണക്കിന് പൗരന്മാർക്ക് യാത്ര ഒരു പേടിസ്വപ്നമായി മാറി.
അവധി ഒക്ടോബർ ഒന്നു മുതൽ എട്ട് വരെ നീണ്ടുനിന്നതിനാൽ, യാത്രകൾക്ക് ശേഷമുള്ള മടക്കയാത്രയിൽ രാജ്യത്തെ പ്രധാന പാതകളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഈ യാത്രാക്കുരുക്കിന്റെ തുടക്കം, ചൈനയിലെ ഏറ്റവും വലിയ ടോൾ പ്ലാസകളിൽ ഒന്നായ അൻഹുയി പ്രവിശ്യയിലെ വുഷുവാങ് സ്റ്റേഷനാണ്.
36 ലേനുകളുള്ള ഈ ടോൾ സ്റ്റേഷൻ, അവധി കഴിഞ്ഞെത്തിയ വാഹനങ്ങളുടെ പ്രവാഹത്തിൽ നിന്നുപോയതോടെ മണിക്കൂറുകളോളം വാഹനങ്ങൾ സ്തംഭിച്ചു. തിരക്ക് കൂടിയപ്പോൾ, ചുവന്ന ടെയിൽ ലൈറ്റുകളാൽ പ്രകാശിക്കുന്ന ആയിരക്കണക്കിന് കാറുകൾ നിരന്നു നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഈ ദൃശ്യങ്ങളിൽ, ടോൾ ഗേറ്റുകൾ കടന്ന് മുന്നോട്ട് പോകാൻ ശ്രമിക്കുന്ന ആയിരക്കണക്കിന് വാഹനങ്ങൾ, അക്ഷരാർത്ഥത്തിൽ കണ്ണെത്താ ദൂരത്തോളം നീണ്ട വരികളായി രൂപപ്പെടുന്നത് കാണാമായിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഒരു ദിവസം ഏകദേശം 1,20,000-ൽ അധികം വാഹനങ്ങളാണ് ഈ സ്റ്റേഷനിലൂടെ കടന്നുപോകാൻ ശ്രമിച്ചത്.
ടോൾ ബൂത്തുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി അധികൃതർ പ്രത്യേകമായി ചില പാതകൾ കൂടുതൽ സമയം തുറന്നിടുകയും, മറ്റ് റൂട്ടുകൾ തിരഞ്ഞെടുക്കാൻ യാത്രക്കാരോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. കൂടാതെ, പ്രധാന നഗരങ്ങളായ ഷെൻസെനിലെ ഭൂഗർഭ റെയിൽ, ബസ് സർവീസുകളുടെ സമയക്രമം ദീർഘിപ്പിച്ച് റോഡുകളിലെ തിരക്ക് കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.
എങ്കിലും, ഈ തിരക്ക് നിയന്ത്രണാതീതമായിരുന്നു. പല ഉപയോക്താക്കളും സാമൂഹ്യ മാധ്യമങ്ങളിൽ തങ്ങളുടെ പ്രതികരണങ്ങൾ പങ്കുവെച്ചു. "ഈ കുരുക്കിൽ അകപ്പെടുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണെന്ന് ഒരാൾ കുറിച്ചപ്പോൾ, അത്യധികം ചിട്ടയായ ട്രാഫിക് ജാം എന്ന് മറ്റൊരാൾ ആ കാഴ്ചയെ തമാശയായി വിശേഷിപ്പിച്ചു.
"ചൈന സാങ്കേതികവിദ്യയിൽ മുന്നിലാണല്ലോ, ഇലക്ട്രോണിക് ടോളിങ് സംവിധാനം ഗതാഗതക്കുരുക്ക് ഒഴിവാക്കില്ലേ' എന്നും ചിലർ ചോദ്യങ്ങൾ ഉയർത്തി. ഏതായാലും, ദശലക്ഷക്കണക്കിന് ജനങ്ങൾ ഒരുമിച്ച് യാത്ര ചെയ്ത ഈ അവധിക്കാലം രാജ്യത്തെ ഗതാഗത സംവിധാനത്തിന് ഒരു വെല്ലുവിളിയായി മാറി എന്നതിൽ സംശയമില്ല.