മുഖ്യമന്ത്രിയുടെ റോഡ്ഷോയ്ക്കിടെ വൻ പോക്കറ്റടി: ബിജെപി നേതാക്കളടക്കം 25 പേർക്ക് രണ്ട് ലക്ഷത്തിലധികം നഷ്ടം
Monday, October 13, 2025 2:48 PM IST
മധ്യപ്രദേശിൽ മുഖ്യമന്ത്രി ഡോ. മോഹൻ യാദവിന്റെ റോഡ്ഷോയ്ക്കിടെ വൻ പോക്കറ്റടി. ഷിയോപുരിലെ ബിജെപി നേതാവ് സതീഷ് സമാധിയ ഉൾപ്പെടെയുള്ള 25-ഓളം പേർക്ക് രണ്ട് ലക്ഷം രൂപയിലധികം പണം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും 85,000 രൂപ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ 1.27 കോടി സ്ത്രീകൾക്ക് ലാഡ്ലി ബഹ്ന യോജനയുടെ 29-ാം ഗഡുവായി 1,541 കോടി രൂപ വിതരണം ചെയ്യുന്ന ചടങ്ങിനോടനുബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ റോഡ്ഷോയ്ക്കിടെയാണ് ജനക്കൂട്ടത്തെ മുതലെടുത്ത് മോഷണസംഘം തട്ടിപ്പ് നടത്തിയത്.
ഒരു പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ പണം ഉടൻതന്നെ മറ്റൊരാൾക്ക് കൈമാറി ജനക്കൂട്ടത്തിനിടയിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്ന് പരാതിക്കാരിൽ ഒരാളായ വൻഷിലാൽ ബൈർവ പോലീസിനോട് പറഞ്ഞു.
മോഷണം പോയവരിൽ ദീപക് സിംഗാൾ ബാലാജി, വിഷ്ണു ഗാർഗ്, വിനോദ് മിത്തൽ എന്നിവരുൾപ്പെടെയുണ്ട്. ഇവരുടെ പഴ്സുകൾ നഷ്ടമാകുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടർന്ന് നിരവധി പേർ കോട്വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് ചില പുരുഷന്മാരും കുട്ടികളും ജനത്തിരക്കിനിടയിലൂടെ തന്ത്രപരമായി നീങ്ങി പണവും പഴ്സുകളും മോഷ്ടിക്കുന്നതായി വ്യക്തമായി. കേസുമായി ബന്ധപ്പെട്ട് രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നും മംഗൽ, മുരളി, രാജാ എന്നീ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രാഥമിക ചോദ്യം ചെയ്യലിൽ, ജനക്കൂട്ടത്തിൽ നിന്നും നിരവധി പേരുടെ പണം മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചു. ഇവരിൽ നിന്നും 85,000 രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.