പൊതുനിരത്തിൽ സാഹസം; യുവാവിന് 57,500 രൂപ പിഴ ചുമത്തി നോയിഡ ട്രാഫിക് പോലീസ്
Monday, October 13, 2025 6:29 PM IST
ഗ്രേറ്റർ നോയിഡയിലെ പൊതുനിരത്തുകളിൽ അപകടകരമായി അഭ്യാസപ്രകടനങ്ങൾ നടത്തി കാറോടിച്ച യുവാവിന് 57,500 രൂപ പിഴ ചുമത്തി നോയിഡ ട്രാഫിക് പോലീസ്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
യുവാവ് സ്വന്തം സുരക്ഷയും മറ്റ് യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും ജീവനും അപകടത്തിലാക്കി അശ്രദ്ധമായ ഡ്രൈവിംഗ് നടത്തുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു. തിരക്കേറിയ നിരത്തുകളിലൂടെ കാർ ഡ്രിഫ്റ്റ് ചെയ്യുക, അമിതവേഗതയിൽ സഞ്ചരിക്കുക, അപകടകരമായ രീതിയിൽ അഭ്യാസങ്ങൾ നടത്തുക എന്നിവയാണ് ഇയാൾ ചെയ്ത നിയമലംഘനങ്ങൾ.
സുഹൃത്തുക്കളിലൊരാൾ ചിത്രീകരിച്ച ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി. "ഗ്രേറ്റർ നോയിഡയിലെ തെരുവുകളിൽ യുവാവ് കാർ സ്റ്റണ്ടുകൾ നടത്തി. നോയിഡ ട്രാഫിക് പോലീസ് നടപടിയെടുക്കുകയും 57,500 രൂപ പിഴ ചുമത്തുകയും ചെയ്തു. നല്ല ജോലി, @Noidatraffic എന്ന അടിക്കുറുപ്പോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
വൈറലായ ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടയുടൻ നോയിഡ പോലീസിലെ ട്രാഫിക് വിഭാഗം അന്വേഷണം ആരംഭിച്ചു. വീഡിയോ ക്ലിപ്പിൽ നിന്നും വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറിലൂടെ യുവാവിനെ തിരിച്ചറിയാൻ സാധിച്ചു.
തുടർന്ന് മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കാർ ഉടമയ്ക്ക് പോലീസ് ഇ-ചെല്ലാൻ അയച്ചു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, പൊതുസുരക്ഷ അപകടത്തിലാക്കൽ, കൂടാതെ വാഹനത്തിൽ നിയമവിരുദ്ധമായ രൂപമാറ്റങ്ങൾ വരുത്തിയതിനും ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കാണ് തുക പിഴയായി ചുമത്തിയത്.