രാഹുലിനെതിരായ പരാതി അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു
Saturday, November 17, 2012 2:52 AM IST
ന്യൂഡല്‍ഹി: 2009 ല്‍ അമേഠി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച രാഹുല്‍ ഗാന്ധി സ്വത്തുക്കളെക്കുറിച്ച് തെറ്റായ വിവരം നല്‍കിയെന്ന സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. അമേഠിയിലെ വരണാധികാരിയോടാണ് അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കമ്മീഷന്‍ കത്തയയ്ക്കുകയും ചെയ്തു. ക്രിമിനല്‍ പീനല്‍ കോഡിലെ സെക്ഷന്‍ 195 പ്രകാരം സത്യവാങ്മൂലം സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വം റിട്ടേണിംഗ് ഓഫീസര്‍ക്കാണെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് അദ്ദേഹമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. സ്വാമിയുടെ പരാതി റിട്ടേണിംഗ് ഓഫീസര്‍ക്ക് തുടര്‍ നടപടിക്കായി കൈമാറണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അയച്ച കത്തില്‍ കമ്മീഷന്‍ വ്യക്തിമാക്കി.