രാജ് ബബാർ യുപി പിസിസി അധ്യക്ഷൻ സ്ഥാനം രാജിവച്ചു
Wednesday, March 21, 2018 3:01 PM IST
ലക്നോ: ഉത്തർപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ രാജ് ബബാർ രാജിവച്ചുവെന്ന് റിപ്പോർട്ട്. പുതുതലമുറയ്ക്ക് നേതൃത്വം വഴിമാറണമെന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് പിന്നാലെ രാജിവയ്ക്കുന്ന രണ്ടാമത്തെ പിസിസി അധ്യക്ഷനാണ് രാജ് ബബാർ. കഴിഞ്ഞ ദിവസം ഗോവ പിസിസി അധ്യക്ഷൻ ശാന്താറാം നായികും രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാജ് ബബാറിന്‍റെ രാജി ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്‍റെ മോശം പ്രകടനത്തെ തുടർന്നാണെന്നും റിപ്പോർട്ടുകളുണ്ട്.

മൂന്ന് ദിവസത്തിന് ശേഷം നിർണായകമായ യുപി രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുൻപാണ് ബബാർ രാജിവച്ചത് എന്നതും ശ്രദ്ധേയമാണ്. അതേസമയം രാജി വാർത്ത കോണ്‍ഗ്രസ് ഹൈക്കമാൻഡ് സ്ഥിരീകരിച്ചിട്ടില്ല. പുതിയ പിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും വരെ രാജ് ബബാർ സ്ഥാനത്ത് തുടരുമെന്നാണ് റിപ്പോർട്ടുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.