മൊബൈല്‍ ഇന്‍സിനറേറ്റര്‍ മികച്ചത് : മഞ്ഞളാംകുഴി അലി
Wednesday, November 14, 2012 5:40 PM IST
തിരുവനന്തപുരം: മൊബൈല്‍ ഇന്‍സിനറേറ്ററിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് പുറത്തുവരുന്നതെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.

തലസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഇന്‍സിനറേറ്റര്‍ അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ളതാണ്. ട്രയല്‍ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിക്കുന്നതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം നാലു മുതല്‍ ഒന്‍പതുവരെ പാളയത്ത് 45 മണിക്കൂര്‍ മൊബൈല്‍ ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിച്ചു. പാളയം മാര്‍ക്കറ്റില്‍ കൂടിക്കിടന്ന മാലിന്യമടക്കം 40 ടണ്‍ മാലിന്യം ഇതിലൂടെ സംസ്കരിക്കാന്‍ സാധിച്ചു. 12ന് 45 ടണ്‍ മാലിന്യവും 13ന് 85 ടണ്‍ മാലിന്യവും ഇന്‍സിനറേറ്ററിലൂടെ സംസ്കരിച്ചു.

ഇനിയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ മണിക്കൂറും എത്ര മാലിന്യമാണോ കത്തിച്ചത് അതിന്റെ അളവ് രേഖപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഡീസല്‍ ഉപയോഗിച്ചാണ് ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. മാലിന്യത്തിന്റെ തോതനുസരിച്ച് 50 മുതല്‍ 80 ലിറ്റര്‍വരെ ഡീസല്‍ മണിക്കൂറില്‍ വേണ്ടി വരും എന്നാണ് ഇപ്പോഴത്തെ കണക്ക്. ഇത് ചിലവേറിയതാണെന്നുള്ളത് യാഥാര്‍ത്ഥ്യമാണെന്നും തത്കാലം വേറെ ഇന്‍സിനറേറ്ററുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നില്ലെന്നും മഞ്ഞളാംകുഴി അലി പറഞ്ഞു.