സിഐടിയു-ഡിവൈഎഫ്ഐ സംഘര്‍ഷം; മൂന്നു പേര്‍ക്കു വെട്ടേറ്റു
Sunday, November 18, 2012 6:20 AM IST
പത്തനംതിട്ട: സിഐടിയു-ഡിവൈഎഫ്ഐ സംഘര്‍ഷത്തില്‍ പൂങ്കാവില്‍ മൂന്നുപേര്‍ക്കു വെട്ടേറ്റു. ഇന്നലെ രാത്രി പത്തരയോടെ പൂങ്കാവ് തകിടിയേത്ത് ജംഗ്ഷനിലായിരുന്നു അക്രമം.

ടാക്സിസ്റാന്‍ഡില്‍ അസഭ്യം പറഞ്ഞതിനെ ചോദ്യംചെയ്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നു പറയുന്നു. സിഐടിയു പ്രവര്‍ത്തകരും ടാക്സിഡ്രൈവര്‍മാരുമായ അയിനിയാത്ത് അയ്യപ്പദാസ്, ജ്യോതി, തകിടിയേത്ത് ജംഗ്ഷനിലെ വ്യാപാരികളായ ബാബു, രാജന്‍മോന്‍ എന്നിവര്‍ക്കാണു വെട്ടേറ്റത്. ടാക്സി ഡ്രൈവര്‍മാരെ സംഘടിച്ചെത്തിയ ഡിവൈഎഫ്ഐക്കാര്‍ പ്രകോപനമില്ലാതെ അസഭ്യം പറയുകയായിരുന്നുവെന്നു പറയുന്നു. ക്രിമിനല്‍കേസുകളില്‍ പ്രതികളായവരാണ് ആക്രമിച്ചതെന്ന് വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു.

ഡ്രൈവര്‍മാരും സംഘടിച്ചെത്തിയ ഡിവൈഎഫ്ഐക്കാരും തമ്മില്‍ ഏറെനേരം തുടര്‍ന്ന വാക്കുതര്‍ക്കത്തിനൊടുവിലാണ് വെട്ടു നടന്നത്.

രാത്രി വൈകി തകിടിയേത്ത് ജംഗ്ഷനില്‍ കുളപ്പാറ ധര്‍മശാസ്ത ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിക്കു സമീപം ഡ്രൈവര്‍മാരും വ്യാപാരികളും സംസാരിച്ചിരിക്കുമ്പോഴാണ് നാലു ബൈക്കുകളില്‍ എത്തിയ ഡിവൈഎഫ്ഐക്കാര്‍ സിഐടിയു പ്രവര്‍ത്തകരെയു ം വ്യാപാരികളെയും വെട്ടിയത്.

ആക്രമണസംഘത്തില്‍ എട്ടുപേരുണ്ടായിരുന്നതായി ഡ്രൈവര്‍മാര്‍ മൊഴി നല്‍കി. പരിക്കേറ്റവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടെ കാണിക്കവഞ്ചിയും തകര്‍ത്തു. ഏറെനാളുകളായി പൂങ്കാവില്‍ സിഐടിയുവും ഡിവൈഎഫ്ഐയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് കരുതുന്നു.