ശബരിമലയില്‍ എന്‍ഡിആര്‍എഫ് മെഡിക്കല്‍ സംഘവും
Sunday, November 18, 2012 4:32 PM IST
ശബരിമല: ശബരിമലയില്‍ ഇത്തവണ എന്‍ഡിആര്‍എഫിന്റെ മെഡിക്കല്‍സംഘവും സേവനത്തിനുണ്ടാകും. മൂന്നു ഡോക്ടര്‍മാരും അതിനാവശ്യമായ നഴ്സിംഗ് അസിസ്റ്റന്റുമാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഉണ്ടാകുകയെന്ന് എന്‍ഡിആര്‍എഫ് ആര്‍ക്കോണം ബറ്റാലിയന്‍ സീനിയര്‍ കമാന്‍ഡന്റ് എ.മധു പറഞ്ഞു. പമ്പയിലും സന്നിധാനത്തുമായിട്ടാണ് എന്‍ഡിആര്‍എഫ് മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നത്.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട എല്ലാ സംവിധാനത്തോടെയുമാണ് ഇത്തവണയും എന്‍ഡിആര്‍എഫ് സംഘമെത്തിയിട്ടുള്ളത്. പ്രത്യേകപരിശീലനം നേടിയ 85 പേരടങ്ങുന്ന സഘം സന്നിധാനത്തെത്തിയിട്ടുണ്ട്. ഒരു കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ മൂന്നു ബറ്റാലിയനായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ജനറേറ്റര്‍ സെറ്റ്, വുഡ് കര്‍ട്ടര്‍, മെറ്റല്‍ കര്‍ട്ടര്‍, സ്ട്രെക്ചറുകള്‍ തുടങ്ങി അടിയന്തരഘട്ടങ്ങളില്‍ ദുരന്തപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ എന്‍ഡിഎഫ് സംഘത്തിന്റെ കൈവശമുണ്ട്.