ഡല്‍ഹിയില്‍ പോലീസുകാരന്‍ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട്
Wednesday, December 26, 2012 2:39 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിഷേധത്തിനിടെ പരിക്കേറ്റ പോലീസുകാരന്‍ സുഭാഷ് തോമര്‍ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട്. സുഭാഷ് തോമര്‍ ചികിത്സയില്‍ കഴിഞ്ഞ റാം മനോഹര്‍ ലോഹിയ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടാണ് ഇക്കാര്യം അറിയിച്ചത്.

സംഘര്‍ഷത്തിനിടെ ഏറ്റ തരത്തിലുള്ള ക്ഷതങ്ങളൊന്നും സുഭാഷിന്റെ ശരീരത്തുണ്ടായിരുന്നില്ലെന്നും ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടായതായും മെഡിക്കല്‍ സൂപ്രണ്ട് എസ്. സിദ്ധു പറഞ്ഞു. സുഭാഷിന്റെ കഴുത്തിനും വയറ്റിലും നെഞ്ചിലും മര്‍ദ്ദനമേറ്റതായിട്ടാണ് പോലീസ് പറഞ്ഞിരുന്നത്. സുഭാഷിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് എട്ടു പേര്‍ക്കെതിരേ കേസെടുത്തിരുന്നു. അതിനിടെ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.