മന്നം ജയന്തി ആഘോഷം ഒന്ന്, രണ്ട് തീയതികളില്‍
Wednesday, December 26, 2012 9:45 AM IST
ചങ്ങനാശേരി: 136-ാമത് മന്നം ജയന്തി ആഘോഷം ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പെരുന്ന മന്നം നഗറില്‍ നടക്കും. ഒന്നിന് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം നടക്കും. രാവിലെ എട്ടു മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.15ന് സമ്മേളനം ആരംഭിക്കും. എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മുഖ്യപ്രസംഗം നടത്തും. സമ്മേളനത്തില്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിക്കും. ട്രഷറര്‍ കെ.എന്‍. വിശ്വനാഥന്‍പിള്ള നന്ദി പറയും.

ഉച്ചകഴിഞ്ഞ് മൂന്നിന് കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, വെസ്റേണ്‍ മ്യൂസിക്കല്‍ ഫ്യൂഷന്‍ ത്രിവേണി സംഗമം അരങ്ങേറും. ആറിന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ഉണ്ണിമേനോനും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യ. രാത്രി ഒമ്പതിന് മേജര്‍സെറ്റ് കഥകളി. മന്നം ജയന്തി ദിനമായ രണ്ടിന് രാവിലെ 7.30 മുതല്‍ സമാധിയില്‍ പുഷ്പാര്‍ച്ചന. എട്ടിന് സംഗീതസദസ്. 10.30ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം. 10.45ന് ജയന്തി സമ്മേളനം കേന്ദ്രമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അനുസ്മരണ പ്രഭാഷണം നടത്തും. പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആമുഖ പ്രസംഗം നടത്തും. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, സി.എഫ്. തോമസ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, ട്രഷറര്‍ ഡോ. എം. ശശികുമാര്‍ എന്നിവര്‍ പ്രസംഗിക്കും.