മൈക്ക് ഹസി ക്രിക്കറ്റിനോട് വിടപറയുന്നു
Saturday, December 29, 2012 10:33 AM IST
സിഡ്നി: ഓസ്ട്രേലിയയുടെ 'മിസ്റര്‍ ക്രിക്കറ്റ്' മൈക്ക് ഹസി അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു. സിഡ്നിയില്‍ ശ്രീലങ്കയ്ക്കെതിരേ നടക്കുന്ന അവസാന ടെസ്റിന് ശേഷം താന്‍ വിരമിക്കുകയാണെന്ന് ഹസി പ്രഖ്യാപിച്ചു.

ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് 37-കാരനായ ഹസി വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. എട്ട് വയസില്‍ താഴെയുള്ള നാല് മക്കളടങ്ങുന്ന കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ഹസി പറഞ്ഞു.

ഓസ്ട്രേലിയക്കായി 78 ടെസ്റില്‍ പാഡണിഞ്ഞിട്ടുള്ള ഹസി 51.52 ശരാശരിയില്‍ 6,183 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 19 സെഞ്ചുറികളും 29 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നുണ്ട്. 195 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 185 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഹസി 48.15 ശരാശരിയില്‍ 5,442 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ മൂന്ന് സെഞ്ചുറികളും 39 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നുണ്ട്. ഈ വര്‍ഷം നാല് സെഞ്ചുറികള്‍ നേടിയ ഹസി മികച്ച ഫോമിലായിരുന്നു.

പോണ്ടിംഗിന് പിന്നാലെ ഹസി കൂടി വിരമിക്കുന്നത് ഓസീസ് മധ്യനിരയില്‍ കനത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.