ഡല്‍ഹി മാനഭംഗം: അതിവേഗ കോടതിയില്‍ വിചാരണ ആരംഭിച്ചു
Monday, January 21, 2013 6:33 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സാകേതിലെ അതിവേഗ കോടതിയില്‍ വിചാരണ ആരംഭിച്ചു. കേസിലെ ആറു പ്രതികളില്‍ അഞ്ചു പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആറാമത്തെ പ്രതിയുടെ വിചാരണ ബാലനീതി ബോര്‍ഡിന് കീഴിലാണ് നടക്കുക.

പ്രതികള്‍ക്ക് മേല്‍ ചുമത്തിയ കുറ്റങ്ങളില്‍ വാദം കേള്‍ക്കല്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കാന്‍ കോടതി തീരുമാനിച്ചു. കേസില്‍ 80 സാക്ഷികളും 12 തെളിവുകളുമാണുള്ളത്. പെണ്‍കുട്ടി മരിച്ച സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിലെ പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് പ്രധാന തെളിവ്. ജനുവരി മൂന്നിനാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം (302), കൂട്ട ബലാത്സംഗം (376), അസ്വാഭാവിക കുറ്റകൃത്യം (377), തെളിവു നശിപ്പിക്കല്‍ (201), കൊലപാതക ശ്രമം (307), തട്ടിക്കൊണ്ടുപോകല്‍ (365), കവര്‍ച്ചയ്ക്കിടെ മനപ്പൂര്‍വം ഉപദ്രവിക്കല്‍ (394), കവര്‍ച്ചയും കൊലപാതകവും (396), ഗൂഢാലോചന (120-ബി) തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ഡിസംബര്‍ 16 ന് രാത്രിയാണ് 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ സുഹൃത്തിനൊപ്പം സിനിമ കണ്ടു മടങ്ങവേ ബസില്‍ കയറ്റി സംഘം മാനഭംഗപ്പെടുത്തിയത്. അവശനിലയിലായിരുന്ന പെണ്‍കുട്ടി സിംഗപ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 29 ന് മരിക്കുകയായിരുന്നു.