മെട്രോ സ്ഥലമെടുപ്പ്: സ്ഥലമുടമകളുമായി ഞായറാഴ്ച ചര്‍ച്ച
Thursday, January 31, 2013 6:58 PM IST
കൊച്ചി: മെട്രോ റെയില്‍ പദ്ധതിക്കു വേണ്ടി എംജി റോഡിലെയും ബാനര്‍ജി റോഡിലെയും സ്ഥലം ഏറ്റെടുക്കുന്നതിനായി സ്ഥലമുടമകളുമായി കളക്ടര്‍ ചര്‍ച്ച നടത്തും.

സ്ഥലമെടുപ്പ് നടപടികള്‍ ഇന്നലെ പൂര്‍ത്തീകരിക്കാനാണു നിശ്ചയിച്ചിരുന്നതെങ്കിലും ചര്‍ച്ചകള്‍ക്കു ശേഷം നടപടികള്‍ തുടര്‍ന്നാല്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നു. അതേസമയം കച്ചേരിപ്പടിക്കു സമീപം ഏറ്റെടുക്കുന്ന സ്ഥലത്തുള്ള വ്യാപാരികളോട് ഉടന്‍ ഒഴിഞ്ഞുകൊടുക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കടകള്‍ ഒഴിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ മാസം തന്നെ മെട്രോയുടെ നിര്‍മാണം ആരംഭിക്കണമെന്നാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) ആഗ്രഹിക്കുന്നത്. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിവരുന്നു.

എംജി റോഡ്, ബാനര്‍ജി റോഡ് എന്നിവിടങ്ങളിലെ സ്ഥലം ഒഴിപ്പിച്ച് ഡിഎംആര്‍സിക്കു കൈമാറേണ്ട ചുമതല ജില്ലാ ഭരണകൂടത്തിനാണ്. ഈ രണ്ടു റോഡുകളും സൌത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡും വീതി കൂട്ടേണ്ടതുണ്ട്. എംജി റോഡില്‍ മഹാരാജാസ് കോളജ് ഗ്രൌണ്ടിലാണു മെട്രോയുടെ ഒരു സ്റ്റേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിര്‍മാണം നടക്കുമ്പോള്‍ എംജി റോഡിലെയും ബാനര്‍ജി റോഡിലെയും ഗതാഗതം തിരിച്ചുവിടേണ്ടിവരും. ഏതൊക്കെ വഴികളിലൂടെ ഗതാഗതം തിരിച്ചുവിടണമെന്നും നിയന്ത്രണം എങ്ങനെയൊക്കെ വേണമെന്നും ഉന്നതതല യോഗം വിളിച്ച് തീരുമാനിക്കും.

സൌത്ത് റെയില്‍വേ സ്റ്റേഷനു സമീപം ഏറ്റെടുക്കുന്ന സ്ഥലത്തിന്റെയും കടകളുടെയും വില സംബന്ധിച്ച് സ്ഥലമുടമകളുമായി വീണ്ടും ചര്‍ച്ച നടത്തും. കടകളിലെ വാടകക്കാരെ ഒഴിപ്പിക്കുകയും പുനരധിവാസം ഏര്‍പ്പെടുത്തുകയും വേണമെന്ന വ്യാപാരികളുടെ നിലപാടിനെ തുടര്‍ന്നാണിത്. ഇടപ്പള്ളിയൊഴിച്ചുള്ള മെട്രോ സ്റ്റേഷനുകളുടെ സ്ഥലമെടുപ്പ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങള്‍ അളന്ന് അടയാളപ്പെടുത്തി. ആലുവ മുതല്‍ ഇടപ്പള്ളി വരെയുള്ള മെട്രോ മേഖലയില്‍ 16 മീറ്റര്‍ വീതിയിലാണ് സ്ഥലം എടുക്കുന്നത്. മാധവ ഫാര്‍മസി ജംഗ്ഷനില്‍ ഇതു 12 ആക്കി കുറച്ചിട്ടുണ്ട്.