എം.എം. മണിക്കു പങ്കെടുക്കാനായി സിപിഎം ജില്ലാ കമ്മിറ്റി പാലായില്‍
Thursday, January 31, 2013 7:27 PM IST
കോട്ടയം: സിപിഎം ഇടുക്കി മുന്‍ സെക്രട്ടറി എം.എം. മണിക്കു പങ്കെടുക്കാനായി ജില്ലാ കമ്മിറ്റി യോഗം ജില്ലയ്ക്കു പുറത്തു നടന്നു. പാലാ കൊട്ടാരമറ്റത്തുള്ള ഏരിയാ കമ്മിറ്റി ഓഫീസിലാണ് ഇന്നലെ ജില്ലാ കമ്മിറ്റിയോഗം ചേര്‍ന്നത്. അഞ്ചേരി ബേബി വധക്കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട കേസില്‍ എം.എം. മണി ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്ന കര്‍ശന വ്യവസ്ഥയോടെയാണു ജാമ്യം അനുവദിച്ചത്. ഇതേത്തുടര്‍ന്നു സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ കമ്മിറ്റിയംഗവുമായ എം.എം. മണിക്കു പങ്കെടുക്കാന്‍വേണ്ടിയാണു ജില്ലയ്ക്കു പുറത്ത് യോഗം വിളിച്ചുചേര്‍ത്തത്.

യോഗത്തില്‍ പങ്കെടുക്കാന്‍ മണി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജാമ്യത്തില്‍ കഴിയുന്ന മണി പാലായ്ക്കു സമീപം കിടങ്ങൂരിലുള്ള ബന്ധുവീട്ടിലാണു താമസിക്കുന്നത്. ഇന്നലെ രാവിലെ 11ന് ആരംഭിച്ച യോഗം വൈകുന്നേരം നാലിനാണു സമാപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീം മുഴുവന്‍ സമയവും യോഗത്തില്‍ പങ്കെടുത്തു.

എം.എം. മണിയുടെ വിവാദ പ്രസംഗത്തെത്തുടര്‍ന്നു മണിക്കും ജില്ലയിലെ മറ്റു സിപിഎം നേതാക്കള്‍ക്കുമെതിരെ ഉയര്‍ന്ന കേസുകളുടെ തുടര്‍നടപടികള്‍, തൊടുപുഴയില്‍ നടന്ന എസ്എഫ്ഐ ജില്ലാ സമ്മേളനത്തിലെ വിഭാഗിയത എന്നിവ ചര്‍ച്ചചെയ്ത യോഗം സിപിഎം അഖിലേന്ത്യാതലത്തില്‍ സംഘടിപ്പിക്കുന്ന ജാഥയുടെ പ്രചാരണാര്‍ഥം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും സെക്രട്ടേറിയറ്റംഗം പി.എന്‍. വിജയനും ക്യാപ്റ്റന്മാരായി ജില്ലയില്‍ രണ്ടു പ്രചാരണജാഥകള്‍ നടത്താനും തീരുമാനിച്ചു. ജില്ലയില്‍ നടന്ന ഭൂസമരത്തിനു കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും മൂന്നാര്‍, തൊടുപുഴ, കരിമണ്ണൂര്‍, ഇടുക്കി ഏരിയാ കമ്മിറ്റികളില്‍നിന്നു വേണ്ടത്ര പ്രാതിനിധ്യം സമരത്തിനു ലഭിച്ചില്ലെന്നും യോഗത്തില്‍ വിമര്‍ശനമയുര്‍ന്നു.