ഹൈക്കോടതിയെ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ഹൈബി
Friday, February 1, 2013 5:43 PM IST
കൊച്ചി: എറണാകുളത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും പ്രസക്തിക്കും വലിയ രീതിയില്‍ കാരണമാകുന്ന കേരള ഹൈക്കോടതി വിഭജിച്ച് അപ്രസക്തമാക്കാനുള്ള നീക്കം അധികൃതര്‍ ഉപേക്ഷിക്കണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഇതിന്റെ എല്ലാ ഗൌരവവും കണക്കിലെടുത്ത് ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.ഹൈക്കോടതി വിഭജിച്ച് തിരുവനന്തപുരത്ത് സ്ഥിരം ബഞ്ച് വേണമെന്ന ആവശ്യം പല പ്രാവശ്യം ഉന്നയിക്കുകയും ഹൈക്കോടതി ചീഫ് ജസ്റിസ് ഉള്‍പ്പെടെയുള്ളവര്‍ നിരസിക്കുകയും ചെയ്തിട്ടുള്ളതാണ്.

എന്നാല്‍ ഇത് സര്‍ക്യൂട്ട് ബഞ്ച് സ്ഥാപിക്കണമെന്ന രീതിയില്‍ വീണ്ടും ഉന്നയിക്കുന്നത് ദുരുദ്ദേശപരവും സങ്കുചിത പ്രാദേശിക താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനുമാണ്. ഹൈക്കോടതി വിഭജിക്കണമെന്ന ആവശ്യം, സംസ്ഥാന രൂപീകരണ വേളയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ്, ഹൈക്കോടതി ഉള്‍പ്പെടെയുള്ള അധികാര സ്ഥാപന വിന്യാസം സംബന്ധിച്ചുള്ള ധാരണകള്‍ക്കും മധ്യ കേരളത്തിലെ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനത്തിനും എതിരാണെന്നും ഹൈബി ഈഡന്‍ കുറ്റപ്പെടുത്തി.