ബോൾട്ടിന്‍റെ പതനം: കാരണക്കാർ സംഘാടകരെന്ന് ജമൈക്കയും ഗാറ്റ്ലിനും
Sunday, August 13, 2017 9:14 AM IST
ലണ്ടൻ: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണത്തിനായുള്ള കുതിപ്പിനിടെ വേഗരാജാവ് ഉസൈൻ ബോൾട്ടിന് കാലിടറിയ സംഭവത്തിൽ സംഘാടകർ പ്രതിക്കൂട്ടിൽ. മത്സരത്തിന് മുൻപ് തങ്ങളെ തണുപ്പേറിയ മുറിയിൽ സംഘാടകർ ഇരുത്തിയിരുന്നുവെന്നും ഓട്ടത്തിനു മുൻപുള്ള എല്ലാ തയാറെടുപ്പുകലും പൂർത്തിയാക്കി എത്തിയ തങ്ങളെ തണുപ്പേറിയ മുറിയിൽ ഇരുത്തിയതാണ് ബോൾട്ടിന് പരിക്കേൽക്കാൻ കാരണമെന്നും അദ്ദേഹത്തിന്‍റെ ടീം അംഗങ്ങൾ പറഞ്ഞു.

മറ്റ് മത്സരങ്ങളുടെ മെഡൽദാന ചടങ്ങ് വൈകിയതനേത്തുടർന്നാണ് ബോൾട്ടിനും കൂട്ടർക്കും തണുപ്പേറിയ മുറിയിൽ ഇരിക്കേണ്ടി വന്നത്. ബോൾട്ടിന്‍റെ പരിക്കിന് ഉത്തരവാദികൾ സംഘാടകർ മാത്രമാണെന്ന് സഹതാരം യോഹാൻ ബ്ലെയ്ക്ക് പറഞ്ഞു. ഇതിനു പിന്നാലെ മത്സരത്തിൽ വെള്ളി നേടിയ അമേരിക്കൻ ടീം അംഗം ജസ്റ്റിൻ ഗാറ്റ്ലിനും ജമൈക്കൻ താരങ്ങളുടെ പരാതിയെ പിന്തുണച്ച് രംഗത്തെത്തി.



മത്സരം വൈകിയത് തനിക്കും ചില ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഏത് മത്സരങ്ങൾക്ക് മുൻപായാലും ഫിറ്റ്നസ് ഉറപ്പുവരുത്തി തയാറെടുപ്പുകൾ പൂർത്തിയാക്കുന്ന ആളാണ് ബോൾട്ട്. ഇത് തനിക്ക് അറിവുള്ളതാണ്. അങ്ങനെയുള്ള അദ്ദേഹത്തിന് പരിക്കേറ്റെങ്കിൽ അതിന് സംഘാടകർ തന്നെയാണ് കാരണക്കാരെന്നും ഗാറ്റ്ലിൻ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന 100 മീറ്റർ മത്സരത്തിൽ ബോൾട്ടിനെ പിന്തള്ളി ഗാറ്റ്ലിൻ ലോകചാമ്പ്യനായിരുന്നു.

സ്വർണം പ്രതീക്ഷിച്ച് അവസാന മത്രത്തിൽ റിലേയ്ക്കിറങ്ങിയ ബോൾട്ട്, ബ്ലെയ്ക്ക് നൽകിയ ബാറ്റൺ വാങ്ങി കുതിച്ചു തുടങ്ങിയ ശേഷം 50 മീറ്റർ പിന്നിട്ടപ്പോഴാണ് പേശിവലിവിനെത്തുടർന്ന് ട്രാക്കിൽ വീണത്. ഇതിഹാസതാരത്തിന്‍റെ അവിശ്വസനീയ വീഴ്ചയിൽ ലോകം ഞെട്ടിത്തരിച്ചു നിൽക്കവേയാണ് പരാതിയുമായി സഹതാരങ്ങളും ഗാറ്റ്ലിനും രംഗത്തെത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.