ഉത്ര വധക്കേസ് വിധി ഓർമപ്പെടുത്തുന്നത്
സ്ത്രീതന്നെയാണു ധനം എന്ന തത്ത്വം മറന്ന് അത്യാർത്തിക്ക് അടിമപ്പെടുന്നവർ ചെയ്തുകൂട്ടുന്ന പാതകങ്ങളുടെ ദുരന്തപ്രതീകമാണ് ഉത്രയെന്ന ഹതഭാഗ്യ. ഉത്രവധക്കേസിലെ കോടതിവിധി സമൂഹത്തിന് ഒരു പാഠമായിരുന്നെങ്കിൽ!
കേരളത്തെ നടുക്കിയ ഉത്ര വധക്കേസിൽ പ്രതിയായ ഭർത്താവ് സൂരജിന് ഇരട്ടജീവപര്യന്തവും അതിനുപുറമേ 17 വർഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അതിക്രൂരമായ വിധത്തിൽ നടത്തിയ കൊലപാതകത്തിനുള്ള ശിക്ഷയാണിത്. മേൽക്കോടതി ഈ ശിക്ഷയിൽ ഇളവു നൽകിയില്ലെങ്കിൽ പ്രതി മുപ്പതുവർഷത്തിലധികം കാലം ജയിൽശിക്ഷ അനുഭവിക്കേണ്ടിവരും.
പ്രതിക്കു വധശിക്ഷ നൽകണമായിരുന്നുവെന്നു വാദിക്കുന്നവരുണ്ട്. പരിഷ്കൃത ജനാധിപത്യ രാജ്യങ്ങൾ മിക്കതിലും ഇപ്പോൾ വധശിക്ഷ നടപ്പാക്കുന്നില്ല എന്ന വസ്തുതയും പരിഗണിച്ചാവും പ്രതിക്കു മറ്റുതരത്തിലുള്ള കടുത്ത ശിക്ഷ കോടതി നൽകിയിരിക്കുന്നതെന്നു കരുതാം.
ചെയ്ത തെറ്റിനെപ്പറ്റി പശ്ചാത്താപം ജനിപ്പിക്കുകയും മാനസാന്തരമുണ്ടാക്കുകയുമാണു ശിക്ഷകളുടെ ലക്ഷ്യമെങ്കിൽ അതിനുള്ള വഴിയാണു ശേഷിക്കുന്ന ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടിവരുന്ന ഒരു വ്യക്തിക്ക് ഈ തടവുശിക്ഷയിലൂടെ ഒരുങ്ങുന്നത്. കൊടുംപാതകങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നതിനു സമൂഹത്തിലെ ഓരോ വ്യക്തിയിലും പ്രേരണയുണ്ടാക്കാൻ ഇത്തരം ശിക്ഷാവിധികൾക്കു കഴിയട്ടെ.
പാന്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ സംസ്ഥാനത്തെ ആദ്യ കേസാണ് ഉത്രവധം. 2020 മേയ് ഏഴിനു രാവിലെയാണ് അഞ്ചൽ ഏറം സ്വദേശിനിയായ ഉത്രയെ വീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻ പാന്പിന്റെ കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ മരണത്തിൽ സംശയം തോന്നിയ ഉത്രയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി.
അന്വേഷണത്തിൽ ഇതൊരു കൊലപാതകമാണെന്നു തെളിഞ്ഞു. ഉത്രയുടെ ഭർത്താവ് സൂരജും അയാൾക്കു മൂർഖൻപാന്പിനെ നൽകിയ പാന്പുപിടുത്തക്കാരൻ സുരേഷും അറസ്റ്റിലായി. ഉത്രയെ കൊന്നതു താൻതന്നെയാണെന്നു തെളിവെടുപ്പിനിടെ സൂരജ് പരസ്യമായ കുറ്റസമ്മതം നടത്തി. മുന്പ് അടൂർ പറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽവച്ച് ഉത്രയെ അണലിയെക്കൊണ്ടു കടിപ്പിച്ചതായും തെളിഞ്ഞു.
പോസ്റ്റുമോർട്ടം റിപ്പോർട്ടും ഡമ്മി പരീക്ഷണം അടക്കമുള്ള ശാസ്ത്രീയ തെളിവുകളും കേസിൽ നിർണായകമായി. പാന്പ് കടിക്കുന്നവിധം ശാസ്ത്രീയമായി വിശകലനം ചെയ്തു തെളിവുകൾ കണ്ടെത്തി. പാന്പുപിടിത്തക്കാരൻ സുരേഷിനെ പിന്നീടു മാപ്പുസാക്ഷിയാക്കി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയ കേസുകളിലൊന്നാണിത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302 (കൊലപാതകം), 307 (വധശ്രമം) വകുപ്പുകളിലാണു പ്രതി സൂരജിനു ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 326 വകുപ്പ് (ദേഹോപദ്രവം ഏൽപ്പിക്കൽ) പ്രകാരം പത്തുവർഷത്തെ തടവ്, 201 വകുപ്പ് (തെളിവു നശിപ്പിക്കൽ) പ്രകാരം ഏഴുവർഷത്തെ തടവും 5.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
ഈ ശിക്ഷകൾ അനുഭവിച്ചതിനുശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളു. പ്രതിയുടെ നടപടി വിചിത്രവും പൈശാചികവുമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ, അപൂർവങ്ങളിൽ അപൂർവമായ കേസെന്നു പറയാനാകില്ലെന്നും ഉത്രയുടേത് കൊലപാതകം അല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
അപൂർവമായ കേസുകളിലും ശിക്ഷ വിധിക്കുന്പോൾ ചില കാര്യങ്ങൾ പരിഗണിക്കണമെന്നു സുപ്രീംകോടതിയുടെ നിർദേശമുണ്ട്. പ്രതിക്കു ക്രിമിനൽ പശ്ചാത്തലമില്ലാത്തതും പ്രതിയുടെ ചെറുപ്രായവും പരിഗണിച്ചാണു വധശിക്ഷ ഒഴിവാക്കി ജീവപര്യന്തമാക്കിയത്. വിധിയിൽ തൃപ്തരല്ലെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നുമാണ് ഉത്രയുടെ മാതാപിതാക്കളുടെ പ്രതികരണം.
കുറ്റപത്രത്തിൽ പറയുന്നതനുസരിച്ചു ഗാർഹികപീഡനം വളർന്നാണ് ഉത്രയുടെ കൊലപാതകം വരെയെത്തിയത്. ഭർതൃഗൃഹത്തിൽ ഉത്രയ്ക്കു കടുത്ത പീഡനങ്ങൾ നേരിടുന്നുണ്ടെന്നു വീട്ടുകാർക്കു ബോധ്യപ്പെട്ടിരുന്നു.
ഉത്രയെ സ്വന്തം വീട്ടിലേക്കു തിരികെ വിളിച്ചുകൊണ്ടുവരാനിരുന്ന ബന്ധുക്കളോട് ഇനി പ്രശ്നമുണ്ടാകില്ലെന്നു സൂരജിന്റെ വീട്ടുകാർ ഉറപ്പുപറഞ്ഞു. എന്നാൽ, അന്നുമുതൽ സൂരജ് പാന്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്താൻ ഗൂഢാലോചന തുടങ്ങിയെന്നാണു പറയുന്നത്. ഉത്രയെ രണ്ടുതവണ പാന്പു കടിച്ചപ്പോഴും കൂടെ കിടപ്പുമുറിയിലുണ്ടായിരുന്നതു സൂരജ് മാത്രമായിരുന്നു. രണ്ടുതവണയും എന്താണു സംഭവിച്ചതെന്നു കോടതിയിൽ വിശദീകരിക്കാൻ പ്രതി തയാറായില്ല.
സൂരജിനും കുടുംബാംഗങ്ങൾക്കും എതിരായ ഗാർഹിക പീഡനക്കേസിൽ ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിന്റെ വിചാരണ വേറെ നടക്കും. മൂന്നര ഏക്കർ സ്ഥലവും നൂറുപവൻ സ്വർണവും കാറും പത്തുലക്ഷം രൂപയും സൂരജിനു സ്ത്രീധനമായി നൽകിയിരുന്നു. സ്ത്രീതന്നെയാണു ധനം എന്ന തത്ത്വം മറന്ന് അത്യാർത്തിക്ക് അടിമപ്പെടുന്നവർ ചെയ്തുകൂട്ടുന്ന പാതകങ്ങളുടെ ദുരന്തപ്രതീകമാണ് ഉത്രയെന്ന ഹതഭാഗ്യ.
ജീവിതപങ്കാളിയെ ഇല്ലാതാക്കിയും സുഖജീവിതം നയിക്കാൻ കുതന്ത്രങ്ങൾ മെനയുന്നവരും കൊടുംപാതകങ്ങൾ നടത്തുന്നവരും കേരളസമൂഹത്തിനു സംഭവിച്ചിരിക്കുന്ന മൂല്യച്യുതിയുടെ ദുർമാതൃകകളാണ്. ഉത്രവധക്കേസിലെ കോടതിവിധി സമൂഹത്തിന് ഒരു പാഠമായിരുന്നെങ്കിൽ!