ചവിട്ടിയൊതുക്കരുത്, പ്രതിഷേധങ്ങൾ
പതിനായിരങ്ങൾ സ്വന്തം ഭൂമിയിൽനിന്നു പുറത്താകേണ്ടിവരുന്ന കെ-റെയിൽ പദ്ധതി, സംസ്ഥാനത്തിനു വലിയ വികസനസാധ്യതൾ തുറന്നുകൊടുക്കുന്നതാണെന്നു സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും കേരളം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാകും ഇതെന്നുറപ്പ്.
കടുത്ത പ്രതിഷേധവും സിപിഎം പാർട്ടി കോൺഗ്രസും കണക്കിലെടുത്തു താത്കാലികമായി നിർത്തിവച്ചിരുന്ന സിൽവർ ലൈൻ സർവേ പുനരാരംഭിച്ച് അതിരടയാളക്കല്ലുകൾ സ്ഥാപിക്കാൻ തുടങ്ങിയത് വീണ്ടും സംഘർഷത്തിനിടയാക്കിയിരിക്കുന്നു. തിരുവനന്തപുരത്ത് കെ-റെയിലിനെതിരേ പ്രതിഷേധിച്ചവർക്കു നേരേ പോലീസ് നടത്തിയ ബലപ്രയോഗങ്ങളും കോൺഗ്രസ് പ്രവർത്തകനെ ബൂട്ടിട്ട് അടിവയറിനു ചവിട്ടുന്നതുമായ ദൃശ്യങ്ങൾ കേരളം കണ്ടു. സംഭവം മനുഷ്യാവകാശലംഘനവും ക്രൂരതയുമാണ് എന്നതിനപ്പുറം കെ-റെയിൽ പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്ന ആളുകളെ പ്രകോപിപ്പിക്കുന്ന നടപടിയുമാണ്.
പതിനൊന്നു ജില്ലകളിലൂടെ 529.45 കിലോമീറ്റർ കടന്നുപോകുന്നതാണ് കെ-റെയിൽ പാത. മണിക്കൂറിൽ 200 കിലോമീറ്റർ വേഗം. 63,940.67 കോടിയാണ് ഇപ്പോൾ കണക്കാക്കുന്ന പദ്ധതിച്ചെലവ്. ഏറ്റെടുക്കേണ്ടിവരുന്നത് ഏകദേശം 1200 ഹെക്ടർ ഭൂമി (2965 ഏക്കർ). ഇതില്‍ 185 ഹെക്ടര്‍ ദക്ഷിണ റെയില്‍വേയുടെ കൈവശമുള്ളതു വിട്ടുനല്‍കും. 1,198 ഹെക്ടര്‍ സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടിവരും. പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനു മുന്നോടിയായി അതിരു തിരിച്ചുള്ള കല്ലിടലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ കല്ലിടൽ കഴിഞ്ഞിട്ടു വേണമത്രേ സാമൂഹികാഘാതപഠനവും സർവേയും നടത്താൻ. അതിർത്തി തിരിച്ചു കല്ലിടാൻ വരുന്ന ഉദ്യോഗസ്ഥരെ തടയാതിരുന്നാൽ സർവേ കുഴപ്പമില്ലാതെ നടക്കും. പക്ഷേ, കെ-റെയിൽ കടന്നുപോകുന്ന 11 ജില്ലകളിലെയും പതിനായിരങ്ങൾ അതിനു തയാറാകില്ലെന്നത് ഉറപ്പായിക്കഴിഞ്ഞു. സമരരംഗത്തുള്ള ജനങ്ങളെയും അവർക്കു പിന്തുണ നൽകുന്ന പ്രതിപക്ഷ പാർട്ടി പ്രവർത്തകരെയും മാറ്റിനിർത്തി കല്ലിടാൻ ഉദ്യോഗസ്ഥർക്കു സൗകര്യമൊരുക്കേണ്ട പോലീസിനു കാര്യങ്ങൾ സുഗമമായി കൊണ്ടുപോകാനുമാവുന്നില്ല. അതിന്റെ കാരണം ഏറ്റവും ലളിതമായി പറഞ്ഞാൽ, ഇതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവരുന്ന ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്. പതിനായിരങ്ങൾ സ്വന്തം ഭൂമിയിൽനിന്നു പുറത്താകേണ്ടിവരുന്ന കെ-റെയിൽ പദ്ധതി, സംസ്ഥാനത്തിനു വലിയ വികസനസാധ്യതൾ തുറന്നുകൊടുക്കുന്നതാണെന്നു സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും കേരളം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാകും ഇതെന്നുറപ്പ്.
തലമുറകളായി തങ്ങൾ ജീവിക്കുന്ന വീടുകളിൽനിന്ന് ഇറങ്ങേണ്ടിവരുന്ന മനുഷ്യരുടെ മാനസികവ്യഥ, നഷ്ടപ്പെടുന്ന ഭൂമി, അതിനു കിട്ടുന്ന നഷ്ടപരിഹാരത്തുക, ഈ തുക എന്നു ലഭിക്കുമെന്നതിനെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ, പകരം വാങ്ങേണ്ടിവരുന്ന ഭൂമിയുടെ വിലയെക്കുറിച്ചുള്ള ആശങ്ക, കല്ലിടൽ കഴിയുന്നതോടെ സർക്കാർ ഭൂമി എന്ന രീതിയിലുള്ള മുദ്രകുത്തൽ, സർക്കാർ ഏറ്റെടുക്കുന്നതിന്റെ ബാക്കിയാകുന്ന തുണ്ടുഭൂമികൾ വാങ്ങാൻ ആളില്ലാതാകുന്ന അവസ്ഥ, കൃഷിയും ചെറിയ വ്യാപാരസ്ഥാപനങ്ങളുമൊക്ക നഷ്ടപ്പെടുന്നതിലൂടെയുണ്ടാകുന്ന വരുമാനനഷ്ടം, വായ്പകളെ സംബന്ധിച്ച് ബാങ്കുകളുടെ പ്രതികൂല മനോഭാവം, നിലവിലുള്ള വായ്പകൾ തിരിച്ചടയ്ക്കുന്നതിലെ പ്രതിസന്ധികൾ, കുട്ടികളുടെ വിദ്യാഭ്യാസത്തിലെ അനിശ്ചിതാവസ്ഥ തുടങ്ങി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ നിരവധി ആശങ്കകൾക്ക് കൃത്യമായ ഉത്തരം നൽകാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ബഫർ സോണിൽപ്പെടുന്ന പതിനായിരങ്ങൾ ഇതിനു പുറമെയാണ്. അവരുടെ ഭൂമിയിലെ നിർമാണപ്രവർത്തനങ്ങൾക്കു കർശന നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നതിനാൽ സ്ഥലം നഷ്ടപ്പെട്ടില്ലെങ്കിലും അതിന്റെ മൂല്യം നഷ്ടമാകുകയാണ്. ഇതിനൊന്നും വ്യക്തമായ ഉത്തരം പറയാതെ, ഇത്രകാലം കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത ഭൂമിവിട്ട് ഇറങ്ങാൻ പറഞ്ഞാൽ അതത്ര എളുപ്പമല്ലെന്ന കാര്യം സർക്കാരിന് ഇതുവരെ ബോധ്യമായിട്ടില്ലെന്നു തോന്നുന്നു. സ്വന്തം ഭൂമി നഷ്ടപ്പെടാത്ത കാഴ്ചക്കാർക്കും പാർട്ടിക്കാർക്കുമൊക്കെ വികസനത്തെക്കുറിച്ചു വാതോരാതെ പ്രസംഗിക്കാൻ എളുപ്പമാണ്. പക്ഷേ, എല്ലാം നഷ്ടപ്പെടുന്നവരുടെ കാര്യം അങ്ങനെയല്ല. രാജ്യത്തിനുതന്നെ അഭിമാനമായ കണ്ണൂർ ഏഴിമലയിലെ നാവിക അക്കാദമിക്കുവേണ്ടി നാലു പതിറ്റാണ്ടിനുമുന്‍പ് സ്ഥലം വിട്ടുകൊടുത്തവരും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനുവേണ്ടി 14 വർഷം മുന്‍പ് സ്ഥലം വിട്ടുകൊടുത്തവരുമൊക്കെ നീതി തേടി ഇന്നും സർക്കാരിനു മുന്പിൽ കൈകൂപ്പി നിൽക്കുകയാണ്. അത്തരം പദ്ധതികളിലെ വളരെ ചുരുങ്ങിയ ആളുകളുടെ കണ്ണീരൊപ്പാൻ കഴിയാത്ത സർക്കാർ കെ-റെയിലിൽ പുറത്താക്കപ്പെടുന്ന തങ്ങളുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുമെന്ന ചോദ്യമാണ് ജനങ്ങൾ ഉന്നയിക്കുന്നത്.
കെ-റെയിലിനെതിരേയുള്ള എതിർപ്പ് ഇല്ലാതാക്കാൻ സർക്കാർ 28ന് തിരുവനന്തപുരത്തു ചർച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പദ്ധതിയെ എതിർക്കുന്നവരിൽനിന്നും അനുകൂലിക്കുന്നവരിൽനിന്നുമുള്ള മൂന്നു വിദഗ്ധരെ വീതമാണ് ചർച്ചയ്ക്കു വിളിച്ചിരിക്കുന്നത്. എന്നാൽ, കെ-റെയിൽ വിരുദ്ധ സമരക്കാരുടെ പ്രതിനിധികളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ചർച്ചയുടെ ഫലമെന്തായാലും പ്രതിഷേധ പ്രക്ഷോഭങ്ങൾ അവസാനിക്കില്ല. എന്തായാലും പ്രശ്നപരിഹാരത്തിനുള്ള തുടക്കമാകും ഈ ചർച്ചയെന്നു പ്രത്യാശിക്കാം. കുറച്ചുപേരുടെ സ്വപ്നങ്ങൾ ചവിട്ടിമെതിച്ചു ഭൂരിപക്ഷത്തിനു സൗകര്യമുണ്ടാക്കുക എന്നതിനപ്പുറം, എല്ലാവരുടെയും സംതൃപ്തി ഉറപ്പാക്കുന്നതാകട്ടെ വികസനപദ്ധതികൾ.