ചിരിപ്പിച്ചുറങ്ങി ഇന്നസെന്റ്
സംസാരിക്കാനാകുമായിരുന്നെങ്കിൽ സ്വന്തം മരണത്തെയും അനശ്വരമായൊരു ഹാസ്യത്തിൽ പൊതിയുമായിരുന്ന ഒരാൾ... ഇന്നസെന്റ്. അദ്ദേഹം മരിച്ചെന്നതു മാത്രം തമാശയല്ലെന്ന് മലയാളി തിരിച്ചറിഞ്ഞിരിക്കുന്നു.
വിഷാദസാഹചര്യങ്ങളിലും ഹാസ്യത്തിന്റെ പ്രകാശരേണുക്കളാൽ പ്രതീക്ഷയുടെ പ്രഭാതങ്ങളൊരുക്കിയത് അദ്ദേഹത്തിന്റെ മഹത്വങ്ങളിലൊന്നായിരുന്നു. അർബുദമെന്ന മാരക രോഗത്തിനും അതിൽ മാറ്റം വരുത്താൻ കഴിഞ്ഞില്ല. ഇന്നസെന്റ് ഇനിയില്ല. പക്ഷേ, അദ്ദേഹം ബാക്കിവച്ച ദൃശ്യങ്ങളും വാക്കുകളും എഴുത്തുകളും ലക്ഷക്കണക്കിനു മനുഷ്യരെ കോടിക്കണക്കിനു സന്ദർഭങ്ങളിൽ ഇനിയും ചിരിപ്പിക്കും. അതു തടയാൻ മരണത്തിനുമാകില്ല. അനശ്വര നടന് ആദരാഞ്ജലികൾ!
75 വയസായിരുന്നു അദ്ദേഹത്തിന്. 50 വർഷം സിനിമയിലുണ്ടായിരുന്നു. ഹാസ്യവേഷങ്ങളായിരുന്നു അഭിനയിച്ചതിലേറെയുമെങ്കിലും അത്രയ്ക്കങ്ങു ചിരിക്കാൻ പറ്റുന്ന സാഹചര്യങ്ങളായിരുന്നില്ല ആദ്യകാലങ്ങളിലൊന്നും. പക്ഷേ, അക്കാലത്തെ കഷ്ടപ്പാടുകൾ പറയുന്പോൾ പോലും അതിലൊക്കെ നർമം കലർത്തിക്കൊണ്ട് അദ്ദേഹം മറ്റുള്ളവരെ ചിരിപ്പിച്ചു. നർമഭാവനയായിരുന്നു സിനിമയിലും ജീവിതത്തിലും അദ്ദേഹത്തിന്റെ കൈമുതൽ. തനിക്കു പറ്റിയതല്ലെന്ന തോന്നലിൽ എട്ടാം ക്ലാസിലവസാനിപ്പിച്ച പഠനം മുതൽ തൊഴിലില്ലാതെ നടന്നപ്പോഴും തീപ്പെട്ടികന്പനിയുൾപ്പെടെയുള്ള സംരംഭങ്ങൾ പൊളിഞ്ഞ കാലത്തും സിനിമയിൽ അഭിനയിക്കാൻ കോടന്പാക്കത്ത് അലഞ്ഞപ്പോഴും സാന്പത്തിക പ്രതിസന്ധിയിൽ വർഷങ്ങൾ തുടർന്നപ്പോഴും അദ്ദേഹത്തെ മുന്നോട്ടു നയിച്ചത്, ജീവിതത്തെ ഭാവാത്മകമായി കാണാനുള്ള സിദ്ധിയായിരുന്നിരിക്കാം. തനിക്കും ഭാര്യക്കും അർബുദം ബാധിച്ച് ചികിത്സയിലായിരുന്നപ്പോഴും മാനസികമായി തകരാതെ അഭിനയരംഗത്തും പൊതുജീവിതത്തിലും സജീവമായിരുന്ന ഇന്നസെന്റ് നിരവധിപ്പേർക്കു പ്രചോദനമാണ്.
1972ൽ "നൃത്തശാല' യിലൂടെ സിനിമയിലെത്തിയ ഇന്നസെന്റ് കിലുക്കം, റാംജി റാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, കാബൂളിവാല തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ മലയാളസിനിമയുടെ ഹാസ്യാഭിനയ രംഗത്ത് ചിരപ്രതിഷ്ഠ നേടി. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പക്ഷേ, ചിരിമുഖരിതമായ തിയറ്ററുകളിലിരുന്നു കാണികൾ കൊടുത്ത കൈയടി അതിനൊക്കെയും മുകളിലായിരുന്നു. കാലം മാറിയപ്പോൾ അതേ കാഴ്ചകൾ ടെലിവിഷൻ സെറ്റുകൾക്കും മൊബൈൽഫോണുകൾക്കും മുന്നിലിരുന്ന് ആവർത്തിച്ചു കണ്ടവർ ഇന്നസെന്റിനെ ആഘോഷിക്കുകയായിരുന്നു. "റാംജിറാവു സ്പീക്കിംഗ്' എന്ന സിനിമയിലെ മാന്നാർ മത്തായി മലയാള സിനിമയിൽ പുത്തൻ ഹാസ്യ സാധ്യതകൾ അവതരിപ്പിച്ചതോടെ മലയാളിക്ക് ഇന്നസെന്റ് അവഗണിക്കാനാവാത്ത നടനായി മാറി. കിലുക്കം എന്ന സിനിമയിൽ, ലോട്ടറിയടിച്ചെന്ന തെറ്റിദ്ധാരണയിൽ കിട്ടുണ്ണിയെന്ന കഥാപാത്രത്തിലൂടെ ഇന്നസെന്റ് അവതരിപ്പിച്ച ഭാവാഭിനയം ഹാസ്യത്തിന്റെ ചട്ടക്കൂട്ടിലൊതുങ്ങില്ല. അത്തരമൊരു രംഗം അവതരിപ്പിക്കാൻ ലോകത്ത് മറ്റാർക്കു കഴിയുമെന്ന് ചോദിച്ചാൽ എന്തുത്തരം പറയും? ഗതികേടുകൊണ്ടു മാത്രം വിനീതവിധേയനായി ജീവിക്കേണ്ടിവരുന്നയാൾക്ക് ലോട്ടറിയടിക്കുന്നതുപോലെ അപ്രതീക്ഷിതമായൊരു സൗഭാഗ്യം കൈവന്നാൽ അടിച്ചമർത്തിക്കൊണ്ടിരുന്നയാളോടുള്ള രോഷം പൊട്ടിത്തെറിയും പരിഹാസവുമാകുന്നതെങ്ങനെയെന്ന് ഇന്നസെന്റ് കാണിച്ചു. ആ രംഗമുയർത്തിയ ചിരി കേരളത്തിൽ ഇന്നുമടങ്ങിയിട്ടില്ല. ആ ലോട്ടറി മിഥ്യയായിരുന്നെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവരുന്നതിന്റെ ഗതികേട് അവതരിപ്പിച്ച് അദ്ദേഹം അഭിനയമികവിന്റെ കൊടുമുടി കയറി. നന്പർ വൺ സ്നേഹതീരമെന്ന സിനിമയിൽ, നടക്കാതെപോകുന്ന പെണ്ണുകാണൽ ചടങ്ങുകളിലൂടെ സാന്നിധ്യമറിയിച്ച കുര്യാക്കോസ് ദുഃഖസാന്ദ്രമായ പുത്തൻപാനയിലെ വരികൾ ചൊല്ലി അഭിനയിച്ചപ്പോൾ ഇന്നസെന്റ് നർമത്തിന്റെ അപരിചിത മേഖലകളെ കീഴടക്കുകയായിരുന്നു.
അർബുദരോഗത്തിന് ആശ്വാസമായതോടെ ഇന്നസെന്റ് സിനിമയിൽ വീണ്ടുമെത്തി. 2014ൽ ചാലക്കുടിയിൽനിന്ന് ഇടതു സ്വതന്ത്രനായി മത്സരിച്ച് എംപിയായി. 2019ൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. "കാൻസർ വാർഡിലെ ചിരി'യും "ചിരിക്കു പിന്നിൽ' എന്ന ആത്മകഥയും കൃതികളിൽ പ്രധാനപ്പെട്ടവയാണ്. സിനിമയിലെ ചിരി അദ്ദേഹം നാട്ടിലും വീട്ടിലും നിലനിർത്തി.
ഭാര്യ ആലീസിന് അർബുദം വന്നപ്പോൾ, “അതവൾ എന്നോടുള്ള സ്നേഹത്തെപ്രതി പ്രാർഥിച്ചു വരുത്തിയതാണ്” എന്നു പറഞ്ഞ തമാശയിൽ ഒളിപ്പിച്ചിരിക്കുന്ന സങ്കടവും യാഥാർഥ്യബോധവും ആർക്കാണു തിരിച്ചറിയാത്തത്? “താഴേക്കു നോക്കിക്കൊണ്ടിരുന്നാൽ നിങ്ങൾക്കെങ്ങനെയാണ് മഴവില്ലു കാണാനാകുന്നത്” എന്ന വിശ്വനടൻ ചാർളി ചാപ്ലിന്റെ വാക്കുകളിലാണ് ഇന്നസെന്റ് ജീവിച്ചിരുന്നതെന്നു കരുതണം. കാർന്നുതിന്നുന്ന വേദനയെയും സങ്കടങ്ങളെയും കാൽച്ചുവട്ടിലുപേക്ഷിച്ച് മഴവില്ലുകളിലേക്കു നോക്കി സിൽക്ക് വസ്ത്രങ്ങളുമണിഞ്ഞ് അദ്ദേഹം ഉന്നതങ്ങളിലേക്കു പോയിരിക്കുന്നു. ജീവിതത്തെ ഇത്രയൊക്കെ പ്രകാശമാനമാക്കിയതിന് നന്ദി ഇന്നസെന്റ്, വിട.