മറ്റൊരാൾ ചെയ്ത സാന്പത്തിക ക്രമക്കേടിന്റെ പേരിലോ ആരുടെയെങ്കിലും പരാതിയുടെ
പേരിലോ ഒരു പൗരന്റെ സാന്പത്തിക ഭദ്രത തകർക്കുന്നത് സർക്കാരിന്റെ പിടിപ്പുകേടാണ്. ഡിജിറ്റൽ രംഗത്തെ വളർച്ചയ്ക്കൊപ്പം വളരുന്ന കുറ്റവാളികൾക്കുള്ള ശിക്ഷ ജനങ്ങൾക്കു
വിധിക്കരുത്.
ആരോ എവിടെയോ നടത്തിയ തട്ടിപ്പിന്റെ പേരിൽ ജീവിതം വഴിമുട്ടുന്ന അവസ്ഥയിലേക്ക് നിപതിക്കുന്നത് വലിയൊരു നിസ്സഹായാവസ്ഥയാണ്. സാന്പത്തിക-സൈബർ കുറ്റവാളികളുമായി ഒരു ബന്ധവുമില്ലെങ്കിലും അവരിൽനിന്നു നമ്മുടെ അക്കൗണ്ടിലേക്കു പണമെത്തിയാൽ നമ്മുടെ അക്കൗണ്ടും ആ അക്കൗണ്ടിൽനിന്നു പണം സ്വീകരിച്ചവരുടെ അക്കൗണ്ടുകളും മരവിപ്പിക്കുന്നെന്ന റിപ്പോർട്ട് ആളുകൾക്കിടയിൽ ആശങ്ക വളർത്തിയിട്ടുണ്ട്. ചെറുകിട വ്യാപാരികൾ ഉൾപ്പെടെ നിരവധിപേർ ഡിജിറ്റൽ ഉപഭോക്താക്കളുടെ ഓൺലൈൻ പണമിടപാടിനെ ഭയപ്പെടുകയാണ്. കേന്ദ്രം ഇടപെട്ടില്ലെങ്കിൽ സർക്കാർതന്നെ പ്രോത്സാഹിപ്പിച്ച ഡിജിറ്റൽ പണമിടപാടുകൾ ജനങ്ങൾക്കു ബാധ്യതയായിത്തീരും.
എറണാകുളം മുപ്പത്തടത്തെ ഹോട്ടലിൽ എത്തിയ ആൾ ഗൂഗിൾ പേ വഴി പണം കൈമാറിയതിനാൽ അവിടത്തെ എട്ട് വ്യാപാരികളുടെ അക്കൗണ്ടാണ് മരവിപ്പിച്ചത്. ഗുജറാത്തിൽ കേസുള്ള ഒരാളുടെ അക്കൗണ്ടിൽ നിന്നുമാണ് മുപ്പത്തടത്തെ ഹോട്ടലുടമയുടെ അക്കൗണ്ടിൽ പണം എത്തിയതെന്നാണ് പ്രാഥമികവിവരം. ഹോട്ടലുടമ മറ്റ് ഇടപാടുകാർക്ക് ഇതേ അക്കൗണ്ടിൽനിന്നു പണം കൈമാറിയതോടെ മാർച്ച് അവസാനത്തോടെ എട്ട് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടു. ഉത്തരേന്ത്യൻ സ്വദേശികളിൽനിന്ന് യുപിഐ വഴി പണം സ്വീകരിച്ചതിന്റെ പേരിൽ വർക്കലയിൽ പെട്ടിക്കട നടത്തുന്നയാളുടെ അക്കൗണ്ട് മരവിപ്പിച്ചത് കഴിഞ്ഞ ആഴ്ചയിലാണ്.
40 വർഷമായി ഇടപാടുകൾ നടത്തിയിരുന്നയാളുടെ അക്കൗണ്ടാണ് അപരിചിതനായ ഒരാളിൽനിന്നു പണം സ്വീകരിച്ചതിന്റെ പേരിൽ മരവിപ്പിച്ചത്. കടയിൽ സാധനം വാങ്ങാനെത്തിയ യുവതി 300 രൂപ ഗൂഗിൾപേ വഴി കൈമാറിയതോടെയാണ് ആലപ്പുഴ തൃക്കുന്നപ്പുഴയിലെ വ്യാപാരിയുടെ അക്കൗണ്ട് നിശ്ചലമായത്. ഗുജറാത്തിലെ ഹൽവാദ് പോലീസ് സ്റ്റേഷനിലെ ഒരുകേസുമായി ഈ അക്കൗണ്ടിന് ബന്ധമുണ്ടെന്നും സൈബർ സെല്‍ നിര്‍ദ്ദേശപ്രകാരം അക്കൗണ്ട് മരവിപ്പിച്ചതാണെന്നുമാണ് ബാങ്ക് പറയുന്നത്. ഏതായാലും വ്യാപാരിയുടെ വീടുപണിയും ഇതോടെ മരവിച്ചു. ഗുജറാത്ത് പോലീസുമായി ബന്ധപ്പെടാനാണ് ബാങ്ക് ഉദ്യോഗസ്ഥർ ഉപദേശിച്ചതെന്ന് അദ്ദേഹം പറയുന്നു. മിക്ക കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായതിനാൽ എന്തു ചെയ്യണമെന്നറിയാതെ ഇടപാടുകാർ വലയുകയാണ്.
പണം വാങ്ങി കേസ് ഒത്തുതീർപ്പാക്കാൻ സൈബർ പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നെന്ന റിപ്പോർട്ടുകളുമുണ്ട്. ഇങ്ങനെ ഉദ്യോഗസ്ഥർക്കു പണം കൊടുത്തവരുടെ അക്കൗണ്ട് സജീവമാക്കാൻ ബാങ്കുകൾക്ക് നിർദേശം കൊടുത്തെന്നും പരാതിക്കാർ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ആകെയൊരു ആശങ്കയാണ്. കടയിൽ വരുന്നവരുടെയും പണം തരുന്നവരുടെയുമൊക്കെ പശ്ചാത്തലം പഠിച്ചിട്ട് സാധാരണക്കാർക്ക് ഇടപാടുകൾ നടത്താനാകുമോ?
രണ്ടാഴ്ചയ്ക്കിടെ കേരളത്തിൽ 2000ൽ പരം അക്കൗണ്ടുകൾ ബാങ്കുകൾ മരവിപ്പിച്ചെന്നതും അതിന്റെ കാരണം അക്കൗണ്ട് ഉടമകളല്ലെന്നുമുള്ള റിപ്പോർട്ടുകൾ നിസാരമായി കാണേണ്ടതല്ല.
സൈബർ രംഗത്തെ ഏതൊരു അനാരോഗ്യ പ്രവണതയെക്കുറിച്ചും ജനങ്ങൾക്കു പരാതിപ്പെടാനും പരിഹാരമുണ്ടാക്കാനുമാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ സ്ഥാപിതമായത്. ഇതുവഴി ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലോ പോലിസിന്റെ നിർദേശപ്രകാരമോ ആണ് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതെന്നാണ് ബാങ്കുകള്‍ പറയുന്നത്. യുപിഐ, നെഫ്റ്റ്, ആർടിജിഎസ്, അക്കൗണ്ട് ട്രാൻസ്ഫർ എന്നിവയിലൂടെയുള്ള ഇടപാടുകൾ മാത്രമല്ല, ചെക്ക് ഉപയോഗിച്ചു നടത്തിയ ഇടപാടുകളുടെ പേരിലും അക്കൗണ്ടുകൾ മരവിപ്പിക്കാനാകുമത്രേ.
സാന്പത്തിക ക്രമക്കേടുകൾ സംശയിക്കുന്ന വ്യക്തികളുടെ അക്കൗണ്ടിൽനിന്നു പണമെത്തിയതിന്റെ പേരിൽ അക്കൗണ്ടല്ല, സംശയിക്കപ്പെടുന്ന തുക മാത്രമാണ് മരവിപ്പിക്കേണ്ടത് എന്നു ബാങ്കുകൾക്കു നിർദേശം നൽകിയിട്ടുള്ളതായി കേരള പോലീസിലെ സൈബർ വിഭാഗം വ്യക്തമാക്കിയിരുന്നു.
അക്കൗണ്ട് മരവിപ്പിച്ച പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അവർ പറയുന്നു. അതേസമയം, തുകയല്ല അക്കൗണ്ട് തന്നെയാണ് മരവിപ്പിക്കപ്പെട്ടതെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഉപഭോക്താക്കളെ അറിയിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും ഇത്തരം ഓൺലൈൻ പരാതികളുടെ പേരിൽ അക്കൗണ്ടുകൾ മരവിപ്പിക്കാനാവില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ 2021ലെ വിധിയുണ്ടെന്ന് നിയമവിദഗ്ധർ പറയുന്നു. എന്തായാലും, സർക്കാർ അടിയന്തരമായി ഇടപെടുകയും സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിനും ബാങ്കുകൾക്കും പോലീസിനും നിർദേശം നൽകുകയും ചെയ്യണം. മറ്റൊരാൾ ചെയ്ത സാന്പത്തിക ക്രമക്കേടിന്റെ പേരിലോ ആരുടെയെങ്കിലും പരാതിയുടെ പേരിലോ ഒരു പൗരന്റെ സാന്പത്തിക ഭദ്രത തകർക്കുന്നത് സർക്കാരിന്റെ പിടിപ്പുകേടാണ്. ഡിജിറ്റൽ രംഗത്തെ വളർച്ചയ്ക്കൊപ്പം വളരുന്ന കുറ്റവാളികൾക്കുള്ള ശിക്ഷ ജനങ്ങൾക്കു വിധിക്കരുത്.