അഴിമതിക്കാരല്ലാത്തവർ കൈക്കൂലിക്കാരെ തളയ്ക്കട്ടെ
സം​സ്ഥാ​ന​ത്തെ വ​രു​മാ​ന​ത്തി​ന്‍റെ സിം​ഹ​ഭാ​ഗ​വും ശ​ന്പ​ള​മാ​യി വാ​ങ്ങു​ന്നവർ പി​ന്നെ​യും പി​ടി​ച്ചു​പ​റി​ക്കാ​നി​റ​ങ്ങി​യാ​ൽ ത​ള​യ്ക്ക​ണം. അ​ഴി​മ​തി​ക്കാ​ര​ല്ലാ​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ളും ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന നി​യ​മ​ങ്ങ​ളു​മു​ണ്ടെ​ങ്കി​ൽ ഒ​രു കൈ​ക്കൂ​ലി​ക്കാ​ര​നും സ​ർ​വീ​സി​ൽ ഉ​ണ്ടാ​കി​ല്ല.

​കൈക്കൂ​ലി​വാ​ർ​ത്ത​ക​ളി​ല്ലാ​തെ മ​ല​യാ​ളി​യു​ടെ ഒ​രു ദി​വ​സ​വും ക​ട​ന്നു​പോ​കു​ന്നി​ല്ല. വാ​ർ​ത്ത​ക​ളി​ൽ തെ​ളി​യു​ന്ന​തി​ന്‍റെ ആ​യി​ര​മാ​യി​രം മ​ട​ങ്ങാ​ണ് കേ​ര​ള​ത്തി​ന്‍റെ ഗ്രാ​മ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും ഒ​തു​ക്ക​ത്തി​ൽ ന​ട​ക്കു​ന്ന​ത്. വാ​ള​യാ​ർ ആ​ർ​ടി​ഒ ചെ​ക്ക് പോ​സ്റ്റി​ൽ നോ​ട്ടു​കെ​ട്ടു​ക​ൾ കാ​ന്ത​മു​പ​യോ​ഗി​ച്ച് ഒ​ളി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​റി​ഞ്ഞു​പി​ടി​പ്പി​ക്കു​ന്നു. പാ​ല​ക്കാ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് പ​ണ​ത്തി​നു പു​റ​മേ വാ​ങ്ങി​യ​ത് പു​ളി​യും തേ​നും പേ​ന​യും തു​ണി​യു​മൊ​ക്കെ. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ പ​ണം ചാ​ക്കി​ൽ കെ​ട്ടി വ​ച്ചി​രി​ക്കു​ന്നു. 12 ല​ക്ഷ​ത്തി​ന്‍റെ ബി​ല്ല് പാ​സാ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​സ്ആ​ർ​ടി​സി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ​ക്കു കൊ​ടു​ക്കേ​ണ്ട​ത് ഒ​രു ല​ക്ഷം. കേ​ര​ള​ത്തി​ലെ ഓ​രോ വ്യ​ക്തി​യു​ടെ​യും മ​ന​സി​ലു​ണ്ടാ​കും കൈ​ക്കൂ​ലി കൊ​ടു​ക്കാ​ത്ത​തി​നാ​ൽ ന​ര​കി​പ്പി​ച്ച ഒ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ഖം. പ​ക്ഷേ, നാ​ടു​ ന​ശി​പ്പി​ച്ച കൈ​ക്കൂ​ലി​ക്കാ​രി​ൽ എ​ത്ര പേ​ർ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്ന ചോ​ദ്യ​ത്തി​ന് പു​റ​ത്തു പ​റ​യാ​ൻ കൊ​ള്ളാ​വു​ന്ന ഉ​ത്ത​ര​മി​ല്ല. അ​റു​തി​യി​ല്ലാ​ത്ത ഈ ​മാ​റാരോ​ഗ​ത്തി​ന്‍റെ കാ​ര​ണങ്ങളിലൊന്ന് അതാണ്.

ഗോ​വി​ന്ദാ​പു​രം ആ​ർ​ടി​ഒ ചെ​ക്ക് പോ​സ്റ്റി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ന​ട​ത്തി​യ റെ​യ്ഡി​ൽ വി​ജി​ല​ൻ​സ് 16,450 രൂ​പ പി​ടി​കൂ​ടി. ര​ണ്ട​ര മ​ണി​ക്കൂ​ർ നേ​ര​ത്തേ കൈ​ക്കൂ​ലി. അ​തേ​സ​മ​യം, 25 മ​ണി​ക്കൂ​റി​നി​ടെ അവിടെനിന്നു സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്കു കി​ട്ടി​യ​താ​ക​ട്ടെ 12,900 രൂ​പ. എ​ന്നു​വ​ച്ചാ​ൽ സ​ർ​ക്കാ​രി​ലേ​ക്കു ല​ഭി​ക്കു​ന്ന​തി​ന്‍റെ 10 ഇ​ര​ട്ടി​യി​ലേ​റെ തു​ക കൈ​ക്കൂ​ലി​. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ത്തി​ലും ഓ​ഫീ​സ് മു​റി​യി​ലും വ​ണ്ടി​ക്കാ​ർ ന​ൽ​കു​ന്ന ഓറഞ്ചും ആപ്പിളുമൊക്കെ ക​ണ്ടെ​ത്തി. സ്നേ​ഹ​പൂ​ർ​വം ത​രു​ന്ന​താ​ണ് എ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​ത്. വാ​ള​യാ​ർ ചെ​ക്ക് പോ​സ്റ്റി​ൽ ഇത്തരം സ്നേ​ഹ​സ​മ്മാ​ന​ങ്ങ​ൾ പി​ടി​കൂ​ടി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ഗോ​വി​ന്ദാ​പു​ര​ത്ത് വി​ജി​ല​ൻ​സ് എ​ത്തി​യ​ത്.

വാ​ള​യാ​റി​ൽ നോ​ട്ടു​കെ​ട്ടു​ക​ൾ റ​ബ​ർ​ ബാ​ൻ​ഡ് ഉ​പ​യോ​ഗി​ച്ചു കാ​ന്ത​വു​മാ​യി ചേ​ർ​ത്തു കെ​ട്ടും. റെ​യ്ഡി​ന്‍റെ സം​ശ​യം തോ​ന്നി​യാ​ൽ അ​തെ​ടു​ത്തെ​റി​യും. ചെ​ക്ക് പോ​സ്റ്റ് ക​ണ്ടെ​യ്ന​റി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ കാ​ന്തം കൂ​ട്ടി എ​റി​യു​ന്ന പ​ണം ഇ​രു​ന്പുപ്ര​ത​ല​ത്തി​ൽ പി​ടി​ച്ചി​രു​ന്നു​കൊ​ള്ളും. നോ​ട്ടീ​സു​ക​ളി​ൽ പൊ​തി​ഞ്ഞ് നോട്ടുകൾ വെറുതെയിടുന്ന പ​തി​വും വാ​ള​യാ​റി​ലു​ണ്ട്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പാ​ല​ക്ക​യം വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് കു​മാ​റി​ന്‍റെ അ​ഴി​മ​തി​ക്ക​ഥ കേ​ട്ടു ജ​നം മൂ​ക്ക​ത്തു വി​ര​ൽ​ വ​ച്ച​ത് മേ​യ് 28നാ​ണ്. 35 ല​ക്ഷം രൂ​പ, 45 ല​ക്ഷം രൂ​പ​യു​ടെ സ്ഥി​ര​നി​ക്ഷേ​പ സ​ർ​ട്ടി​ഫി​ക്ക​റ്റ്, 17 കി​ലോ നാ​ണ​യ​ങ്ങ​ൾ, ഷ​ർ​ട്ടു​ക​ൾ, മു​ണ്ടു​ക​ൾ, ചാ​ക്കു​ നി​റ​യെ കു​ടം​പു​ളി, 10 ലി​റ്റ​ർ തേ​ൻ, പേ​ന​ക​ൾ എ​ന്നി​ങ്ങ​നെ അ​യാ​ളു​ടെ താ​മ​സ​സ്ഥ​ലം കൈ​ക്കൂ​ലി വ​സ്തു​ക്ക​ളു​ടെ ഗോഡൗ​ണാ​യി​രു​ന്നു. ശ​ന്പ​ള​മാ​യി അ​ക്കൗ​ണ്ടി​ലെ​ത്തി​യ 25 ല​ക്ഷ​ത്തോ​ളം രൂ​പ പി​ൻ​വ​ലി​ച്ചി​ട്ടേ​യി​ല്ല. റ​വ​ന്യു​ വ​കു​പ്പ് സ​മർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കഴിഞ്ഞദിവസം പാ​ല​ക്ക​യത്ത് കൂ​ട്ടം സ്ഥ​ലംമാ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ട്.

ജൂ​ലൈ 15നാ​ണ് കെ​എ​സ്ആ​ർ​ടി​സി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ സി. ​ഉ​ദ​യ​കു​മാ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​യി​ലാ​യ​ത്. 12 ല​ക്ഷ​ത്തി​ന്‍റെ പ​ര​സ്യബി​ല്ലു​ക​ൾ മാ​റാ​ൻ ഒ​രു ല​ക്ഷം രൂ​പ ചോ​ദി​ച്ച​തി​ൽ ര​ണ്ടാ​മ​ത്തെ ഗ​ഡു​വാ​യി 30,000 വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഉ​ദ​യ​കു​മാ​ർ ഒ​രു ക്ല​ബ്ബി​ൽ​നി​ന്നു പി​ടി​യി​ലാ​യ​ത്.

തൃ​ശൂ​ർ ഗ​വ​ൺമെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളജി​ലെ അ​സ്ഥി​രോ​ഗ വി​ഭാ​ഗം ഡോ​ക്ട​ർ ഷെ​റി ഐ​സ​ക് സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ വ​ച്ചാ​ണ് ക​ഴി​ഞ്ഞ മാ​സം കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ളജ്‌ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക്ക്‌​ ശ​സ്ത്ര​ക്രി​യ ചെ​യ്യു​ന്ന​തി​ന് 3,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​മ്പോ​ഴാ​ണ് കു​ടു​ങ്ങി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​പ്പ​റ​ഞ്ഞ​തൊ​ക്കെ അ​ടു​ത്ത​യി​ടെ പി​ടി​യി​ലാ​യ ചി​ല​രു​ടെ കൗ​തു​കവാ​ർ​ത്ത​ക​ളാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​യി​ലാ​കാ​തെ ഈ ​കൊ​ള്ള തു​ട​രു​ക​യാ​ണ്. നേ​രി​ട്ട​ല്ല പ​ല​രും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​ത്. ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നു കൊ​ടു​ക്കേ​ണ്ട​തു​കൂ​ടി ചേ​ർ​ത്താ​ണ് ഡ്രൈ​വിം​ഗ് സ്കൂ​ളു​കാ​ർ ലൈ​സ​ൻ​സ് എ​ടു​ക്കാ​നെ​ത്തു​ന്ന​വ​രി​ൽ​നി​ന്നു ഫീ​സ് വാ​ങ്ങു​ന്ന​ത്. ആ​ധാ​രമെ​ഴു​ത്ത് ഒാഫീ​സു​ക​ളി​ൽ വാ​ങ്ങു​ന്ന ഫീ​സു​ക​ളി​ൽ ര​ജി​സ്ട്രാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള കൈ​മ​ട​ക്കും ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്നു​ള്ള​ത് പ​ണ്ടേ​യു​ള്ള ആ​രോ​പ​ണ​മാ​ണ്. പി​ഡ​ബ്ല്യു​ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല ഓ​ഫീ​സു​ക​ളി​ലും ഉ​ന്ന​ത​ർ​ക്കു​വേ​ണ്ടി പ​ണം വാ​ങ്ങു​ന്ന​തും വീ​തം വ​യ്ക്കു​ന്ന​തും പ്യൂ​ൺ ത​സ്തി​ക​യി​ലു​ള്ള​വ​രൊ​ക്കെ​യാ​ണ്. പ​ല ഉ​ദ്യോ​ഗ​സ്ഥ​രും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​ത് പു​റ​ത്ത് ഹോ​ട്ട​ലു​ക​ളി​ലും മ​റ്റ് സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ലു​മാ​ണ്. ബാ​റി​ൽ ഇ​ട​പാ​ടു​ക​ൾ തീ​ർ​ക്കു​ന്ന​തു വേ​റെ.

കൈ​ക്കൂ​ലി കൊ​ടു​ക്കുന്ന​വ​രി​ൽ ല​ക്ഷ​ത്തി​ൽ ഒ​രാ​ൾ​പോ​ലും പ​രാ​തി കൊ​ടു​ക്കാ​റി​ല്ല. അ​റ​സ്റ്റ് ചെ​യ്യപ്പെടുന്ന​വ​ർ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും ജോ​ലി​യി​ൽ​നി​ന്നു പു​റ​ത്താക്കപ്പെടുകയും ചെ​യ്താ​ൽ അ​ഴി​മ​തി​ക്കാ​രു​ടെ എ​ണ്ണം കു​റ​യു​മെ​ന്ന​തി​ൽ സം​ശ​യം വേ​ണ്ട. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അവരിലേറെയും സ​ർ​വീ​സി​ൽ തി​രി​ച്ചു ക​യ​റു​ന്ന​തും പ്ര​മോ​ഷ​നോ​ടെ വി​ര​മി​ക്കു​ന്ന​തു​മാ​ണ് കാ​ണു​ന്ന​ത്. സ​സ്പെ​ൻ​ഷ​ൻ കാ​ല​യ​ള​വി​ലെ ശ​ന്പ​ള​വും ചി​ല​ർ​ക്കു ല​ഭി​ക്കും. സേവനങ്ങൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ഓ​ൺ​ലൈ​നി​ലൂ​ടെ സാ​ധി​ക്കാ​വു​ന്ന​തെ​ല്ലാം അ​ങ്ങ​നെ ത​ന്നെ ല​ഭ്യ​മാ​ക്കുകയും വേണം.

സം​സ്ഥാ​ന​ത്തെ വ​രു​മാ​ന​ത്തി​ന്‍റെ സിം​ഹ​ഭാ​ഗ​വും ശ​ന്പ​ള​മാ​യി വാ​ങ്ങു​ന്നവർ പി​ന്നെ​യും പി​ടി​ച്ചു​പ​റി​ക്കാ​നി​റ​ങ്ങി​യാ​ൽ ത​ള​യ്ക്ക​ണം. അ​ഴി​മ​തി​ക്കാ​ര​ല്ലാ​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ളും ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന നി​യ​മ​ങ്ങ​ളു​മു​ണ്ടെ​ങ്കി​ൽ ഒ​രു കൈ​ക്കൂ​ലി​ക്കാ​ര​നും സ​ർ​വീ​സി​ൽ ഉ​ണ്ടാ​കി​ല്ല. അത്തരമൊരു മാവേലി നാടുവാഴുന്നത് സങ്കൽപമായി അവശേഷിക്കുമോ?