പാക്കിസ്ഥാനിലെ പള്ളിപണികൾ
ക്രൈസ്തവരുടെ വീടുകളും പള്ളികളും ആക്രമിച്ചതിനെതിരേ ലോകരാഷ്ട്രങ്ങൾ പ്രതികരിച്ചതും രാജ്യത്തെ സാന്പത്തിക തകർച്ചയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും രാഷ്ട്രീയ അനിശ്ചിതാവസ്ഥയുമൊക്കെ പെട്ടെന്നുള്ള ഇടപെടലിനു കാരണമായിട്ടുണ്ടാകും.
അക്രമങ്ങൾക്കിരയായ ക്രൈസ്തവരെ മുന്പെങ്ങുമില്ലാത്തവിധം ചേർത്തുപിടിച്ച പാക്കിസ്ഥാൻ കാവൽ പ്രധാനമന്ത്രിയുടെ പ്രതികരണം പലരെയും വിസ്മയിപ്പിച്ചിരിക്കുകയാണ്. അന്തർദേശീയ സമ്മർദങ്ങൾ ഉൾപ്പെടെ അവരെ അതിനു പ്രേരിപ്പിച്ച ഘടകങ്ങൾ പലതുണ്ടാകാമെങ്കിലും മതതീവ്രവാദത്തെ അപരിഷ്കൃതമായി കാണുന്ന ലോകത്തിന് പാക്കിസ്ഥാന്റെ ഈ ചുവടുവയ്പ് ആശ്വാസം നൽകുന്നു. ന്യൂനപക്ഷവിരുദ്ധതയുടെ കീഴ്വഴക്കങ്ങളെ കാറ്റിൽ പറത്തിയ ഈ പ്രതികരണം ആത്മാർഥമായി മുന്നോട്ടു കൊണ്ടുപോകാനായാൽ മതതീവ്രവാദത്തിന്റെ കറപുരണ്ട ഭൂതകാലത്തിൽനിന്നു സഹിഷ്ണുതയുടെ ഭാവിയിലേക്കു ചുവടുവയ്ക്കുന്നതിനെക്കുറിച്ചു പാക്കിസ്ഥാനു ചിന്തിച്ചുതുടങ്ങാം.
കഴിഞ്ഞ ബുധനാഴ്ചയാണ് ഖുറാനെ അപമാനിച്ചെന്നാരോപിച്ച് മതതീവ്രവാദികൾ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് നഗരപ്രാന്തത്തിലെ ജരൻവാലയിൽ 21 പള്ളികളും നിരവധി ക്രൈസ്തവ ഭവനങ്ങളും നശിപ്പിച്ചത്. മതനിന്ദാ കുറ്റം ആരോപിച്ചു ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതും സർക്കാരിൽനിന്നോ കോടതികളിൽനിന്നോപോലും നീതി കിട്ടാതെവരുന്നതും പാക്കിസ്ഥാനിൽ പുതിയ കാര്യമല്ല.
എന്നാൽ, ഇത്തവണ സർക്കാർ അതിവേഗം പ്രതികരിച്ചതും ഇരകൾക്കു നീതി ലഭ്യമാക്കാൻ ഇറങ്ങിത്തിരിച്ചതുമാണ് ശ്രദ്ധേയമായത്. ഒട്ടും വൈകാതെ, കാവൽ പ്രധാനമന്ത്രി അൻവർ ഉൾഹഖ് കാഖാർ പീഡനത്തിനിരയായ ക്രൈസ്തവരെ നേരിൽ കാണാനെത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു. വീടു നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം പാക്കിസ്ഥാൻ രൂപയുടെ ചെക്ക് 94 കുടുംബങ്ങൾക്കു കൈമാറിക്കഴിഞ്ഞെന്നു റേഡിയോ പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്തു.
ഖുറാനെ അപമാനിച്ചെന്ന കേസിൽ രണ്ടു ക്രിസ്ത്യാനികളും, ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 145 മതമൗലികവാദികളും അറസ്റ്റിലായി. മോസ്കുകളിൽ അക്രമത്തിന് ആഹ്വാനം ചെയ്ത പുരോഹിതൻ ഉൾപ്പെടെയാണ് അറസ്റ്റിലായത്. ജരൻവാലയിൽ അർധസൈനികരെ വിന്യസിച്ച് സ്ഥിതിഗതികൾ ദിവസങ്ങൾക്കൊണ്ടു നിയന്ത്രണവിധേയമാക്കി. തകർക്കപ്പെട്ട പള്ളികളുടെ പുനരുദ്ധാരണം ഈയാഴ്ചതന്നെ തുടങ്ങുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം. പാക്കിസ്ഥാൻ സുപ്രീംകോടതി നിയുക്ത ചീഫ് ജസ്റ്റീസ് ഖാസി ഫയസ് ഈസായും ഭാര്യയും സ്ഥലത്തെത്തി ഇരകളെ ആശ്വസിപ്പിച്ചു.
അക്രമികൾക്കൊപ്പം സർക്കാർ നിലകൊണ്ടില്ല എന്നതാണ് പാക്കിസ്ഥാനിൽ സംഭവിച്ചത്. പോലീസിന്റെയും സർക്കാർ സ്ഥാപനങ്ങളുടെയും കോടതിയുടെയുമൊന്നും പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായതോടെ അക്രമികൾ പിൻവലിഞ്ഞു.
ആരും ആവശ്യപ്പെടാതിരുന്നിട്ടും പ്രധാനമന്ത്രിതന്നെ ഇരകളെ സന്ദർശിക്കാനെത്തിയതും അക്രമികൾക്കുള്ള മുന്നറിയിപ്പായി. ഇത്തരം സംഭവങ്ങൾ നമ്മുടെ രാജ്യത്തിന്റെ ഭാവിയെ ഇരുട്ടിലാഴ്ത്താതിരിക്കാൻ നിയമം നടപ്പാക്കുകതന്നെ ചെയ്യുമെന്നാണ് അദ്ദേഹം അറിയിച്ചത്.
ക്രൈസ്തവരുടെ വീടുകളും പള്ളികളും ആക്രമിച്ചതിനെതിരേ ലോകരാഷ്ട്രങ്ങൾ പ്രതികരിച്ചതും രാജ്യത്തെ സാന്പത്തിക തകർച്ചയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും രാഷ്ട്രീയ അനിശ്ചിതാവസ്ഥയുമൊക്കെ പെട്ടെന്നുള്ള ഇടപെടലിനു കാരണമായിട്ടുണ്ടാകും.
പാക്കിസ്ഥാനിൽ ക്രൈസ്തവരുടെ വീടുകളും പള്ളികളും ആക്രമിക്കപ്പെട്ടത് അപലപനീയമാണെന്നും പാക്കിസ്ഥാനുമായി തങ്ങളുടെ ബന്ധം വഷളാകാൻ അതിടയാക്കുമെന്നും യുഎഇ പരസ്യ പ്രസ്താവനയിറക്കി. തീവ്രനിലപാട് പുലർത്തുന്ന തെഹ്രിക് ഇ ലബ്ബായിക് ഗ്രൂപ്പാണ് ആക്രമണത്തിനു പിന്നിലെന്നു വിലയിരുത്തപ്പെടുന്നു.
ഇത്തരം മതവർഗീയ സംഘടനകളെ നിലയ്ക്കു നിർത്തുകയോ ന്യൂനപക്ഷസംരക്ഷണം സ്ഥിരമായി ഉറപ്പാക്കുകയോ എളുപ്പമല്ല. കാരണം, ഇത്തരം പിന്തിരിപ്പൻ സംഘടനകൾക്കെതിരേ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നിലപാടു സ്വീകരിച്ചാൽ മറ്റു പാർട്ടികളുടെ പിന്തുണയുണ്ടാകില്ല. മാത്രമല്ല, പാക്കിസ്ഥാനിലെ മതനിന്ദാ ശിക്ഷാനിയമത്തിലെ 295, 295എ, 295ബി, 295സി, 298 എന്നീ വകുപ്പുകൾ ന്യൂനപക്ഷങ്ങൾക്കെതിരേ നിരന്തരം ദുരുപയോഗിക്കപ്പെടുകയാണ്.
അതേസയം, ന്യൂനപക്ഷങ്ങളിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തുകയും വിവാഹിതരായ മുസ്ലിം പുരുഷന്മാർപോലും അവരെ വിവാഹം കഴിക്കുകയും ചെയ്യുന്പോൾ കോടതിയിൽനിന്നുപോലും ഇരകൾക്കു നീതി ലഭിക്കാത്ത നിരവധി കേസുകളുണ്ട്. 2021ൽ മതന്യൂനപക്ഷങ്ങളിൽനിന്നുള്ള 78 യുവതികളെ തട്ടിക്കൊണ്ടുപോയി നിർബന്ധമായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതായി ഹ്യുമൻ റൈറ്റ്സ് ഒബ്സർവർ 2022 യുഎൻ മനുഷ്യാവകാശ കൗൺസിലിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പാക്കിസ്ഥാനിലെ സർക്കാർ ഇടപെടൽ ഭാവിയിലും ഉണ്ടാകുമോയെന്ന് അറിയില്ലെങ്കിലും സംഭവിച്ചതു മാതൃകാപരമാണ്. വോട്ടുരാഷ്ട്രീയത്തിനുവേണ്ടി ന്യൂനപക്ഷവിരുദ്ധതയെയും ഭൂരിപക്ഷ വർഗീയതയെയും പാലൂട്ടി വളർത്തുന്ന രാജ്യങ്ങൾക്കെല്ലാം പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ദ്രുതഗതിയിലുള്ള നീക്കങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ല.
കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുന്ന നിയമങ്ങൾ മാത്രമല്ല, അവരെ രക്ഷിക്കാൻ സർക്കാരിന്റെ ഒരു ഘടകവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്ന പക്ഷപാതികളല്ലാത്ത ഭരണാധികാരികളും പരിഷ്കൃതസമൂഹത്തിൽ അനിവാര്യമാണ്. മനുഷ്യരാശിയെ മുന്നോട്ടു നയിക്കാൻ അവർക്കേ കഴിയൂ. അതിനു വായാടിത്തം മാത്രം പോരാ.