സെർവർ മുടക്കവും ഇ-പോസ് മെഷിൻ തകരാറും മൂലം റേഷൻ വാങ്ങാനെത്തുന്നവർ വെറുംകൈയോടെ മടങ്ങുന്നത് ഇപ്പോൾ വാർത്തയല്ല. അതിനു പുറമേയാണ് റേഷൻ കാർഡ് മസ്റ്ററിംഗ് താറുമാറായത്. ഒരു കാര്യത്തിനേ ഉറപ്പുള്ളൂ; അവസാന ദിവസമായ മാർച്ച് 31നു മുന്‍പ് കേരളത്തിൽ മസ്റ്ററിംഗ് പൂർത്തിയാകില്ല.
കേരളത്തിലെ റേഷൻ കടകളും റേഷൻ വിതരണവും സംബന്ധിച്ച പരാതികൾ വാർത്തകളിൽ നിറഞ്ഞിട്ട് നാളേറെയായി. ഒന്നിനുമൊരു പരിഹാരമില്ലെന്നു മാത്രമല്ല, ഓരോ ദിവസവും സ്ഥിതി വഷളാകുകയുമാണ്. സെർവർ മുടക്കവും ഇ-പോസ് മെഷിൻ തകരാറും മൂലം റേഷൻ വാങ്ങാനെത്തുന്നവർ വെറുംകൈയോടെ മടങ്ങുന്നത് ഇപ്പോൾ വാർത്തയല്ല.
അതിനു പുറമേയാണ് റേഷൻ കാർഡ് മസ്റ്ററിംഗ് താറുമാറായത്. കേന്ദ്രസർക്കാരിന്റെ നിർദേശമനുസരിച്ച് യഥാസമയം നടപടിക്രമങ്ങൾ തുടങ്ങിയ പല സംസ്ഥാനങ്ങളും മസ്റ്ററിംഗ് പൂർത്തിയാക്കിക്കഴിഞ്ഞു. ഒരു കാര്യത്തിനേ ഉറപ്പുള്ളൂ; അവസാന ദിവസമായ മാർച്ച് 31നു മുന്‍പ് കേരളത്തിൽ മസ്റ്ററിംഗ് പൂർത്തിയാകില്ല. സംസ്ഥാനത്തിന് ഇനി ചെയ്യാനുള്ളത് കേന്ദ്രത്തോടു തീയതി നീട്ടിച്ചോദിച്ച് സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കുക മാത്രമാണ്.
മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ സബ്സിഡിയും ആനുകൂല്യങ്ങളുമെല്ലാം മുടങ്ങുമെന്ന് കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുള്ളതിനാൽ റേഷൻ മുടങ്ങുമോയെന്ന ആശങ്കയിൽ ജനം നെട്ടോട്ടമോടുകയാണ്. മുൻഗണന ലഭിക്കേണ്ട മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ-കെവൈസി മസ്റ്ററിംഗാണ് മുടങ്ങിയിരിക്കുന്നത്. കാർഡുടമകൾ ജീവിച്ചിരിക്കുന്നുണ്ടെന്നും മുൻഗണനയുള്ളവരാണെന്നും ഉറപ്പു വരുത്തുകയാണ് മസ്റ്ററിംഗിന്റെ ലക്ഷ്യം.
കെവൈസി അപ്ഡേഷന്പൂർത്തീകരിക്കാത്ത സാഹചര്യത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണം, സബ്സിഡി എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്രസർക്കാര്‍ മുന്നറിയിപ്പു നൽകിയിരുന്നു. അതാണ് ജനങ്ങളുടെ പേടി. കാർഡിൽ പേരുള്ള എല്ലാവരും നേരിട്ടെത്തി ഇ-പോസ് മെഷീനിൽ വിരലടയാളം പകർത്തിയാണ് മസ്റ്ററിംഗ് നടത്തേണ്ടത്. മാർച്ച് 31നു മുന്‍പ് പൂർത്തിയാക്കാനാവില്ലെന്ന് ഉറപ്പായതോടെ സംസ്ഥാനം കേന്ദ്രത്തോട് കൂടുതൽ സമയം ചോദിച്ചിട്ടുണ്ടെങ്കിലും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. മാസങ്ങൾക്കുമുന്‍പ് നടപടിക്രമങ്ങൾ തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിൽ മസ്റ്ററിംഗ് ജോലികൾ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് ഫെബ്രുവരി 20ന് കേരളത്തിൽ പണി തുടങ്ങിയത്. ജോലിയും മറ്റു തിരക്കുകളുമൊക്കെ ഉപേക്ഷിച്ചാണ് ഏതാണ്ട് എല്ലാവരും മസ്റ്ററിംഗിനെത്തുന്നത്.
കൊടുംചൂടിൽ ഏറെനേരത്തെ കാത്തിരിപ്പിനൊടുവിൽ നിരാശരായി മടങ്ങുകയാണ് വയോജനങ്ങൾ ഉൾപ്പെടെയുള്ളവർ. സാങ്കേതിക തകരാറിനെ കുറ്റം പറയരുത്. തിരക്കു കൂടിയാൽ സെർവർ തകരാറിലാകുമെന്നത് അറിയില്ലായിരുന്നെന്നു പറഞ്ഞാൽ നാണക്കേടാണ്. ഈ-പോസ് മെഷീന്റെ തകരാർ മൂലം റേഷൻ മുടങ്ങാൻ തുടങ്ങിയിട്ടു ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ അല്ല, വർഷങ്ങളായി. അതിന്റെ കൂടെയാണ് ഇപ്പോൾ മസ്റ്ററിംഗ് കൂടി നടത്തേണ്ടിവന്നത്. കെടുകാര്യസ്ഥത അങ്ങേയറ്റമായി.
റേഷൻ കടകൾക്ക് സമീപമുള്ള അങ്കണവാടികൾ, ഗ്രന്ഥശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. ഒരേസമയം റേഷൻ വിതരണവും മസ്റ്ററിംഗും ഒരുമിച്ചു നടക്കുമ്പോൾ സെർവറിൽ ഉണ്ടാകാനിടയുള്ള ലോഡ് കുറയ്ക്കുന്നതിനായി റേഷൻ വിതരണം നിർത്തിവച്ചുകൊണ്ടാണ് 15, 16, 17 തീയതികളിൽ മസ്റ്ററിംഗിനായി മാറ്റിവച്ചത്. എന്നാൽ, സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ആദ്യദിവസംതന്നെ നിർത്തിവയ്ക്കേണ്ടിവന്നു.
1.54 കോടി പേർ മസ്റ്ററിംഗ് പൂർത്തിയാക്കാനുണ്ട്. ഇതുവരെ മസ്റ്ററിംഗ് നടത്തിയത് 22 ലക്ഷം പേർ മാത്രമാണ്. മസ്റ്ററിംഗിന് ആവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും 31നകം പൂർത്തിയാക്കാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കിയിട്ടുണ്ട്. ശരിയായിരിക്കാം; പക്ഷേ, കേന്ദ്രം സമയം നീട്ടിത്തരുവോളം ആശങ്കയൊഴിയില്ല. ജനങ്ങളുടേതുപോലെ റേഷൻ കടക്കാരും ദുരിതത്തിലാണ്. അധികജോലികൊണ്ട് വലഞ്ഞെന്നാണ് അവരുടെ പരാതി.
മസ്റ്ററിംഗ് തുടങ്ങാൻ വൈകിയതിന്റെയും നേരേചൊവ്വേ റേഷൻവിതരണം പോലും നടപ്പാക്കാനാകാതിരിക്കെ അതേ സംവിധാനങ്ങൾ ഉപയോഗിച്ച് മസ്റ്ററിംഗ് കൂടി നടത്താമെന്നു കരുതിയ പിടിപ്പുകേടിന്റെയും പിഴയാണ് ജനങ്ങൾ കൊടുക്കേണ്ടിവന്നത്. തീയതി നീട്ടിത്തരാൻ കേന്ദ്രം കനിയുമെന്നു കരുതാം. മസ്റ്ററിംഗ് നടപടികൾ പൂർത്തിയായാലും ഏറെക്കാലമായുള്ള സെർവർ തകരാർ പരിഹരിച്ചില്ലെങ്കിൽ ഭാവിയിലും റേഷൻ വിതരണം മുടങ്ങിക്കൊണ്ടിരിക്കും. പുതിയ സെർവർ വാങ്ങാൻ ധനവകുപ്പ് പണം അനുവദിച്ചെന്നാണ് റിപ്പോർട്ട്. പക്ഷേ, എത്ര പണം അനുവദിച്ചാലും സെർവർ പോലെ മാറ്റാവുന്നതല്ലല്ലോ പിടിപ്പുകേട്.