എല്ലാവരെയും ഭയം കീഴടക്കുകയാണോ? ഭൂരിപക്ഷത്തിനു ന്യൂനപക്ഷത്തെയും ന്യൂനപക്ഷത്തിനു ഭൂരിപക്ഷത്തെയും മാത്രമല്ല ന്യൂനപക്ഷങ്ങൾക്കു പരസ്പരവും ജനങ്ങൾക്കു തമ്മിൽതമ്മിലും വിശ്വാസമില്ലാത്ത സ്ഥിതി സംജാതമായിട്ടുണ്ടെങ്കിൽ അതിന്റെ കാരണക്കാരായവർ തങ്ങളുടെ ജോലി തുടർന്നുകൊണ്ടിരിക്കുകയാണ്.
രാജ്യത്ത് അസാധാരണവും അനഭിലഷണീയവുമായ ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിൽ അതീവ ഗൗരവത്തിലെടുക്കേണ്ടത് നഷ്ടപ്പെടുന്ന സാമൂഹിക ഐക്യത്തെയാണ്. മാനസികമായ ഈ ഭിന്നിപ്പിന്റെ അനന്തരഫലങ്ങൾ തെരഞ്ഞെടുപ്പിൽ ആരു ജയിച്ചാലും തോറ്റാലും രാജ്യം അഭിമുഖീകരിക്കേണ്ടിവരും.
ചിലയിടങ്ങളിൽ ദൃശ്യവും കൂടുതൽ ഇടങ്ങളിൽ അദൃശ്യമായതുമായ ഒരു വിഭജനരേഖ ജനങ്ങൾക്കിടയിൽ വരയ്ക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിലും മതത്തിലും വ്യക്തിജീവിതത്തിലുമൊക്കെ അതു പ്രകടമായിക്കഴിഞ്ഞു.
രാഷ്ട്രീയ-മത പ്രസംഗങ്ങളിലെയും സമൂഹ മാധ്യമങ്ങളിലെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പശ്ചാത്തലത്തിൽ രാക്ഷസാകാരം പൂണ്ടു വളരുന്ന ഹിംസയെ നാം തുരത്തേണ്ടിയിരിക്കുന്നു. എളുപ്പമല്ലെങ്കിലും അസാധ്യമല്ലെന്നു കരുതിയാലേ നമുക്ക് ആ യുദ്ധം തുടങ്ങാനാകൂ.
വിദ്വഷപ്രസംഗങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പരാതി ലഭിച്ചില്ലെങ്കിലും കേസെടുക്കണമെന്ന് 2023 ഏപ്രിലിലാണ് സുപ്രീംകോടതി മുഴുവൻ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയത്. സർക്കാരുകൾ നടപടിയെടുത്തില്ലെങ്കിൽ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നുവരെ സുപ്രീംകോടതി മുന്നറിയിപ്പു നൽകി.
പക്ഷേ, തടയാനായില്ല. വിദ്വേഷപ്രസംഗങ്ങളെ തടയേണ്ടവർ സംരക്ഷകരായി. യുപി, ഉത്തരാഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളോട് 2022 ഒക്ടോബറിലും കോടതി ഇക്കാര്യം പറഞ്ഞിരുന്നു. സർക്കാരുകൾ നിഷ്ക്രിയത തുടർന്നതോടെയാണ് കോടതിക്കു 2023ൽ വീണ്ടും പറയേണ്ടിവന്നത്. എന്നിട്ടും ഫലമുണ്ടായില്ല.
വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന /”ഇന്ത്യ ഹേറ്റ് ലാബ് 2024’’’’ ഫെബ്രുവരിയിൽ പുറത്തുവിട്ട കണക്കുകളനുസരിച്ച്, രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളിൽ 75 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. അതായത്, സുപ്രീംകോടതിയുടെ ഇടപെടലുണ്ടായിട്ടുപോലും കാര്യങ്ങൾ നിയന്ത്രിക്കാനാകുന്നില്ല.
ഭൂരിപക്ഷത്തിലെയും ന്യൂനപക്ഷങ്ങളിലെയും തീവ്രസംഘടനകളും തീവ്രമനോഭാവമുള്ളവരും ജനങ്ങൾക്കിടയിലെ ഭിന്നത തങ്ങളാലാവുംവിധം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ പ്രതികരണം ശത്രുക്കളായി കരുതുന്നവരെ ആക്രമിക്കാൻ കിട്ടുന്ന വിഷയങ്ങളിൽ മാത്രമാണ്.
എല്ലാ മനുഷ്യാവകാശങ്ങളെയും അവർ പരിഗണിക്കില്ല. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി മതം ഉപയോഗിക്കുന്നതു മാത്രമല്ല, മതതീവ്രതകൊണ്ടു മാത്രം ഇതരമതങ്ങളെ നിന്ദിക്കുന്നതും മുദ്രാവാക്യങ്ങളിലൂടെ വെല്ലുവിളിക്കുന്നതുമൊക്കെ അപൂർവമല്ലാതായി.
സമൂഹമാധ്യമങ്ങളിൽ ചിലർ സജീവമായിരിക്കുന്നതു മതവിദ്വേഷം പരത്താൻ മാത്രമാണെന്നു വന്നിരിക്കുന്നു. അഹിംസയുടെ നാടായിരുന്ന രാജ്യം ഹിംസയിലേക്കു കുതിക്കുന്നത് ഇനിയും അവഗണിച്ചാൽ വലിയ വില കൊടുക്കേണ്ടിവരും.
സമൂഹമാധ്യമങ്ങളിൽ ഹിംസാത്മകവും അറപ്പുളവാക്കുന്നതും വീട്ടിലുള്ളവരെപോലും ചീത്തവിളിക്കുന്നതുമായ പരാമർശങ്ങൾ കേൾക്കാതിരിക്കാൻ സമാധാനകാംക്ഷികളായ പലരും പിൻവലിയുകയാണ്. എല്ലാവരും തീവ്ര മതചിന്തകളുള്ളവരല്ല. പക്ഷേ, അവരല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്.
മത-വർഗീയ രാഷ്ട്രീയത്തെ കുറ്റംപറയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഏതൊരു വിഷയത്തെയും വോട്ട് നേടാനുള്ള കുറുക്കുവഴിയാക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം (സിഎഎ) ഉദാഹരണമാണ്. നാലു വർഷം പെട്ടിയിൽ പൂട്ടിവച്ച വിഷയം തെരഞ്ഞെടുപ്പിനു പുറത്തെടുത്ത് ഉപയോഗിക്കുന്ന ബിജെപിയെ വിമർശിക്കുന്നവരും അതേ വിഷയം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനെതിരേ മുസ്ലിം ലീഗ് ഉൾപ്പെടെ 22 കക്ഷികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. സങ്കീർണമായ ആ വിഷയത്തിൽ കോടതിയുടെ തീരുമാനത്തിനു കാത്തിരിക്കാനാണ് ഉത്തരവാദപ്പെട്ട സംഘടനകൾ തീരുമാനിച്ചിരിക്കുന്നതെങ്കിലും കേരളത്തിൽ സിപിഎം ഈ വിഷയവുമായി തെരഞ്ഞെടുപ്പിനിറങ്ങിയിരിക്കുകയാണ്. വോട്ടാണു ലക്ഷ്യം.
ഭരണപരാജയങ്ങളിൽനിന്നു ശ്രദ്ധതിരിക്കുന്നതുമാവാം. മാധ്യമങ്ങൾ മിക്കതും സംയമനം പാലിക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങളിലെ ചില സംഘടനകളും പൗരത്വ ഭേദഗതി നിയമം പൊക്കിപ്പിടിച്ച് ഓടിനടക്കുകയാണ്. വിദ്വേഷമല്ലാതൊന്നും ഇവർ പരത്തുന്നില്ല. സാന്പത്തിക അസമത്വം, തൊഴിലില്ലായ്മ, അഴിമതി, അധികാരദുർവിനിയോഗം, രാഷ്ട്രീയ നേതാക്കളുടെ അഹന്ത, ഏകാധിപത്യപ്രവണതകൾ തുടങ്ങിയവയെക്കുറിച്ചൊന്നും ഒരക്ഷരം ഉരിയാടാത്തവരും മതവിഷയങ്ങളുണ്ടാകുന്പോൾ ചാടിവീഴുകയാണ്.
ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങളും സാന്പത്തിക അസമത്വം രാജ്യത്തു വർധിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും വികസനത്തിന്റെയും അന്തർദേശീയ റിപ്പോർട്ടുകളിലൊക്കെ രാജ്യം പിന്നിലാകുന്നതും അവർ കാണില്ല.
എല്ലാവരെയും ഭയം കീഴടക്കുകയാണോ? ഭൂരിപക്ഷത്തിനു ന്യൂനപക്ഷത്തെയും ന്യൂനപക്ഷത്തിനു ഭൂരിപക്ഷത്തെയും മാത്രമല്ല ന്യൂനപക്ഷങ്ങൾക്കു പരസ്പരവും ജനങ്ങൾക്കു തമ്മിൽതമ്മിലും വിശ്വാസമില്ലാത്ത സ്ഥിതി സംജാതമായിട്ടുണ്ടെങ്കിൽ അതിന്റെ കാരണക്കാരായവർ തങ്ങളുടെ ജോലി തുടർന്നുകൊണ്ടിരിക്കുകയാണ്.
ഹിംസയുടെ വ്യാപനത്തിനെതിരേ ജനാധിപത്യത്തിലും മതേതരത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നവർ കൈകോർക്കേണ്ടതുണ്ട്. ഗാന്ധിജിയെപ്പോലൊരു നേതാവിനെ കാത്തിരുന്നിട്ടു കാര്യമില്ലെന്നു തോന്നുന്നു. ഓരോരുത്തരും തങ്ങളാലാവുന്നതു ചെയ്യേണ്ടിയിരിക്കുന്നു.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ കെട്ടുകെട്ടിക്കാൻ കൈകോർത്തവർ പരസ്പരം പോരടിക്കന്ന കാഴ്ച അസഹനീയമാണ്. നിങ്ങളോ ഞങ്ങളോ അല്ല, ഇന്ത്യക്കാരായ നമ്മളാണ് ഈ രാജ്യത്തിന്റെ അവകാശികൾ. ഇടുങ്ങിയ ചിന്തകളിൽനിന്നുള്ള മോചനത്തിനായാണ് ഇനി നാം പൊരുതേണ്ടത്.
”ഒരുനാൾ ജോർജിയയിലെ ചുവന്ന മലകൾക്കു മുകളിൽ ഇന്നത്തെ അടിമകളുടെയും ഉടമകളുടെയും അടുത്ത തലമുറ, സാഹോദര്യഭാവത്തോടെ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് അത്താഴമുണ്ണുന്ന ആ ദിനത്തെപ്പറ്റി ഞാൻ സ്വപ്നം കാണുന്നു.’’
1963 ഓഗസ്റ്റ് 28ന് വാഷിംഗ്ടണിലെ ലിങ്കൺ മെമ്മോറിയലിന്റെ പടികളിൽ നിന്നുകൊണ്ട് മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ നടത്തിയ പ്രസംഗത്തിലെ വാക്യമാണിത്. സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ടിനുശേഷം, നമ്മുടെ മക്കൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരം ഇല്ലാതാക്കരുത്; ഇന്ത്യക്കാരായ നമ്മൾ. നമ്മൾ ഒന്നല്ലെന്നു പറയുന്നവരെ, കൂടെയുള്ളവരാണെങ്കിലും സൂക്ഷിച്ചുകൊള്ളുക.