റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിൽ അശ്രദ്ധമായ ഡ്രൈവിംഗ് മുഖ്യസ്ഥാനത്താണ്. വേണ്ടത്ര പരിജ്ഞാനമില്ലാത്ത ഡ്രൈവർമാരും നിരവധി അപകടങ്ങൾ വരുത്തിവയ്ക്കുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ മോട്ടോർ വാഹന ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനത്തിൽ മാറ്റംവരുത്താൻ പദ്ധതിയിട്ടത്.
ഡ്രൈവിംഗ് ടെസ്റ്റിലുണ്ടായിരിക്കുന്ന അനിശ്ചിതത്വം ഉടൻ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. നല്ല ഡ്രൈവർമാരായി പരിശീലിപ്പിച്ച് ലൈസൻസ് നൽകുന്ന മികച്ച സമ്പ്രദായമാണ് നാടിന് അഭികാമ്യം.ഇതിനു തടസമായി നിൽക്കുന്നത് പിടിവാശിയും അഴിമതിയുമൊക്കെയാണെങ്കിൽ അതവസാനിപ്പിക്കുകതന്നെ വേണം.
മന്ത്രിയും ഉദ്യോഗസ്ഥരും വിവിധ യൂണിയനുകളിൽപ്പെട്ട ഡ്രൈവിഗ് സ്കൂൾ ഉടമകളും പരിശീലകരുമെല്ലാം തമ്മിലുള്ള ഭിന്നതയും തർക്കങ്ങളും മൂലം നിരവധിപ്പേരാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കാനാവാതെ പ്രയാസപ്പെടുന്നത്.
അവധിക്കാലത്ത് ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് എടുക്കാൻ കാത്തിരുന്ന വിദ്യാർഥികളും ലൈസൻസ് സമ്പാദിച്ച് തൊഴിൽ നേടാൻ ശ്രമിക്കുന്നവരും വിദേശത്തേക്കു പോകുംമുമ്പ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നവരുമെല്ലാം നിരാശരാകുന്നതാണ് നിലവിലെ അവസ്ഥ.
മികച്ച ഡ്രൈവർമാരെ വാർത്തെടുക്കുക എന്നതാകണം നമ്മുടെ ഡ്രൈവിംഗ് പരിശീലന സംവിധാനത്തിന്റെ ലക്ഷ്യം. അതിൽ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും സ്ഥാനമുണ്ടാകരുത്.
നമ്മുടെ നാട്ടിൽനിന്നു ലൈസൻസ് നേടുന്നവർക്ക് മറ്റു നാടുകളിലും നന്നായി ഡ്രൈവ് ചെയ്യുന്നതിനുള്ള അറിവും ആത്മവിശ്വാസവും കൈമുതലാകണം എന്നതും ലക്ഷ്യംവയ്ക്കേണ്ടതുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പരിശീലന സന്പ്രദായത്തിന് ആവശ്യമായ സംവിധാനങ്ങളും സജ്ജീകരണങ്ങളും ലഭ്യമാക്കേണ്ടതുമുണ്ട്.
രാജ്യത്തുണ്ടാകുന്ന റോഡപകടങ്ങളിൽ 78 ശതമാനവും സംഭവിക്കുന്നത് ഡ്രൈവർമാരുടെ വീഴ്ചകൊണ്ടാണെന്ന് കേന്ദ്രസർക്കാർ കണ്ടെത്തിയിരുന്നു.2022ൽ കേരളത്തിലുണ്ടായ 43,910 റോഡപകടങ്ങളിൽ 26,508 എണ്ണം വാഹനം ഓടിച്ച ഡ്രൈവറുടെ വീഴ്ചകൊണ്ടും 8429 എണ്ണം എതിർവാഹനത്തിന്റെ ഡ്രൈവറുടെ വീഴ്ചകൊണ്ടുമാണെന്ന് കേരള പോലീസിന്റെ റിപ്പോർട്ടുമുണ്ട്.
ഇത്തരത്തിൽ റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിൽ അശ്രദ്ധമായ ഡ്രൈവിംഗ് മുഖ്യസ്ഥാനത്താണ്. വേണ്ടത്ര പരിജ്ഞാനമില്ലാത്ത ഡ്രൈവർമാരും നിരവധി അപകടങ്ങൾ വരുത്തിവയ്ക്കുന്നു.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ മോട്ടോർ വാഹന ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനത്തിൽ മാറ്റംവരുത്താൻ പദ്ധതിയിട്ടത്. അക്രെഡിറ്റഡ് ഡ്രൈവർ ട്രെയിനിംഗ് സെന്റർ എന്ന സ്വതന്ത്ര സ്ഥാപനം രൂപീകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ നവീകരണത്തിനു തുടക്കമിടുകയും ചെയ്തു.
കേന്ദ്രത്തിന്റെ നിർദേശങ്ങൾക്കനുസരിച്ചു ഡ്രൈവിംഗ് പരിശീലനത്തിൽ പരിഷ്കരണം നടപ്പാക്കാനാണ് സംസ്ഥാനത്തും ശ്രമം നടക്കുന്നത്. പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് പ്രാബല്യത്തിലാക്കിയത്.
എന്നാൽ, പരിഷ്കരണത്തിലെ പല നിർദേശങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്നാണ് സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകാരുടെ നിലപാട്. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് പരിഷ്കാരം നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നാണ് പ്രധാന വിമർശനം. ഇതേത്തുടർന്ന് സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകൾ സ്തംഭിച്ചിരിക്കുന്നു.
സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിംഗ് സ്കൂളുകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. പരിഷ്കരണത്തിൽനിന്നു പിന്നോട്ടു പോകില്ലെന്നാണു ഗതാഗത മന്ത്രിയുടെ നിലപാട്. സമരത്തിനു ചില ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായും മന്ത്രി ആരോപിച്ചു.
ഇത്തരം ഉദ്യോഗസ്ഥർ നേരത്തേ വൻതോതിൽ അഴിമതി കാണിച്ചിരുന്നെന്നും മന്ത്രിക്ക് അഭിപ്രായമുണ്ട്. അതേസമയം, കേന്ദ്രപദ്ധതിയിൽ നിർദേശിച്ചിരിക്കുന്ന പല സംവിധാനങ്ങളും ഉപേക്ഷിച്ചാണ് സംസ്ഥാനത്ത് പരിഷ്കരണത്തിനു ശ്രമിക്കുന്നതെന്നും അതിനാൽത്തന്നെ ഇത്തരമൊരു പരിഷ്കരണംകൊണ്ട് കാര്യമായ പ്രയോജനം കിട്ടില്ലെന്നും വിമർശനമുണ്ട്.
ഡ്രൈവിംഗ് ടെസ്റ്റിൽ ഡ്രൈവിംഗ് സ്കൂളുകാരും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ അവിഹിത ഇടപെടലുകളുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. അതവസാനിപ്പിക്കാൻ ഗതാഗത മന്ത്രിക്ക് എത്രമാത്രം സാധിക്കും എന്നതു കണ്ടറിയുകതന്നെ വേണം.
ഭരണമുന്നണിയിലെ മുഖ്യകക്ഷിയുടെ തൊഴിലാളി സംഘടനയായ സിഐടിയുകൂടി ഉൾപ്പെട്ട സമരത്തെ പൂർണമായി അവഗണിക്കാൻ ഒറ്റയാൾ ഘടകകക്ഷിയായ മന്ത്രിക്കു സാധിക്കുമോ എന്നതാണ് സംശയം.
കേന്ദ്രപദ്ധതിയുടെ ചുവടുപിടിച്ച് സംസ്ഥാനം നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്ക് ആവശ്യമായ മുൻകരുതൽ ഉണ്ടായില്ല എന്നത് അവഗണിക്കാനാവില്ല. വകുപ്പിൽനിന്ന് മന്ത്രിക്ക് വേണ്ടത്ര പിന്തുണ കിട്ടുന്നുമില്ല. ഉദ്യോഗസ്ഥർക്ക് പരിഷ്കാരങ്ങളിൽ താത്പര്യമില്ല. എന്നാൽ, പരിഷ്കാരങ്ങൾക്കെതിരേ നൽകിയ ഹർജിയിൽ അടിയന്തര സ്റ്റേ നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി പരിഗണിച്ചിട്ടില്ല എന്നതിൽ മന്ത്രിക്ക് ആശ്വസിക്കാം.
അതേസമയം, തർക്കങ്ങളിലും സമരങ്ങളിലും പെട്ട് ലൈസൻസ് ലഭിക്കാൻ കാലതാമസം നേരിടുന്നവരുടെ പ്രയാസങ്ങൾ കണ്ടില്ലെന്നു നടിക്കരുത്. ഈ വിഷയത്തിൽ എത്രയും പെട്ടെന്നുള്ള പരിഹാരമാണ് ആവശ്യം.