മതേതര ഇന്ത്യക്ക് ഇനിയുമുണ്ട് പിടിപ്പതു ജോലി. ഇതര മതസ്ഥർ ശത്രുക്കളാണെന്നും നമ്മൾ സംഘടിച്ചില്ലെങ്കിൽ ഇല്ലാതാകുമെന്നും പറഞ്ഞു സമീപിക്കുന്നവരോടു ദൂരെപ്പോകാൻ പറഞ്ഞേ മതിയാകൂ. ആദ്യം അവർ ശത്രുവിനെ തരും. പിന്നെ, വെറുപ്പെന്ന ആയുധവും. സമ്മതിക്കരുത്.
മതേതര ഇന്ത്യയുടെ ജോലി പൂർത്തിയായിട്ടില്ല. തെരഞ്ഞെടുപ്പിൽ അടിയേറ്റ വർഗീയതയെയും വിദ്വേഷ സംസ്കാരത്തെയും ഇനി ജനഹൃദയങ്ങളിൽനിന്നുകൂടി തൂത്തെറിയണം. രാജ്യത്ത് മതപരമായ ചേരിതിരിവ് ഉണ്ടായിട്ടുണ്ട്.
അതൊക്കെ പരിഹരിച്ച് നാനാത്വത്തിലെ ഏകത്വത്തെ ഊട്ടിയുറപ്പിക്കുന്ന മതേതര സംസ്കാരം വീണ്ടെടുക്കണം. അധികാരത്തിലുള്ളവർ അതൊക്കെ ചെയ്തുകൊള്ളുമെന്ന മിഥ്യാധാരണ ഇനി നാം വച്ചുപുലർത്തരുത്. മതത്തെ ആത്മീയതയുടെ സ്വകാര്യ ഇടങ്ങളിൽനിന്നു വോട്ടുചന്തയിലേക്കു വലിച്ചിറക്കിയവർ കൊള്ളലാഭം ഉപേക്ഷിച്ചുപോകില്ല.
പക്ഷേ, വിദ്വേഷവ്യാപാരത്തെ ചെറുക്കാൻ നമ്മൾ ഇന്ത്യക്കാർക്കു സാധിക്കും. തീവ്രവാദത്തിന്റെയും വർഗീയതയുടെയും കപടദേശീയതയുടെയും കത്തിവേഷങ്ങൾക്ക് അങ്ങനെയങ്ങ് ആടിത്തിമിർക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്ത കേരളം ഏറ്റെടുക്കേണ്ടൊരു ചരിത്രനിയോഗമാണത്. രാജ്യമാകെ പടരേണ്ടുന്നൊരു വെളിച്ചത്തിനു നാം തിരികൊളുത്തണം; വീണ്ടുമൊരു നവോത്ഥാനത്തിനു സമയമായിരിക്കുന്നു.
ചെയ്തതെല്ലാം തെറ്റായതുകൊണ്ടല്ല, ജനം മോദിസർക്കാരിന്റെ ഭൂരിപക്ഷം ഗണ്യമായി കുറച്ചത്. എല്ലാം തികഞ്ഞവരായതുകൊണ്ടല്ല പ്രതിപക്ഷത്തിനു കൂടുതൽ സീറ്റുകൾ കൊടുത്തത്. രാജ്യത്തിന്റെ അടിത്തറയിളക്കുന്നവിധം മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനെതിരേയുള്ള പ്രതികരണംകൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്.
സ്വതന്ത്ര ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ഇതുപോലെ അരക്ഷിതരായ കാലം മുന്പ് ഉണ്ടായിട്ടില്ല. നിരവധി മനുഷ്യർ ആൾക്കൂട്ട കൊലപാതകങ്ങൾക്കിരയായി. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടപ്പോൾ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി. ഇന്ത്യയിൽ മതസ്വാതന്ത്ര്യ സാഹചര്യങ്ങൾ വഷളായെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലിജിയസ് ഫ്രീഡം (യുഎസ്സിഐആർഎഫ്) അടുത്തയിടെ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.
ഭരണഘടനാ വ്യവസ്ഥകൾ ഉണ്ടായിരുന്നിട്ടും, 2014 മുതൽ ബിജെപി സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളുടെ മതസ്വാതന്ത്ര്യത്തിനു തുരങ്കം വയ്ക്കുന്ന ദേശീയ-സംസ്ഥാന തല നയങ്ങൾ നടപ്പാക്കുകയാണെന്നു റിപ്പോർട്ടിൽ പറയുന്നു. 2023 ജനുവരി മുതൽ നവംബർ വരെ, ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളുടെ 687 റിപ്പോർട്ടുകൾ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം രേഖപ്പെടുത്തി.
2019ൽ അന്തർദേശീയ മോണിറ്ററിംഗ് ഗ്രൂപ്പായ ഓപ്പൺ ഡോർസിന്റെ റിപ്പോർട്ടിൽ ക്രിസ്ത്യാനിയായി ജീവിക്കുന്നത് ഏറ്റവും അപകടകരമായ 50 രാജ്യങ്ങളുടെ വേൾഡ് വാച്ച് ലിസ്റ്റിൽ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. അതിന്റെ ഭയാനകദൃശ്യം മണിപ്പുരിൽ കണ്ടു. ആശങ്കാജനകമായ ഈ സ്ഥിതിവിശേഷത്തെ അത്രവേഗം തുടച്ചുമാറ്റാനാവില്ല. പക്ഷേ, വിഷമഴയിൽ കൂണുപോലെ മുളച്ചുപൊന്തിയ വർഗീയസംഘടനകളുടെ പ്രക്ഷാളനങ്ങളിൽനിന്നു മസ്തിഷ്കങ്ങളെ മോചിപ്പിക്കാതെ വയ്യ.
"ദൈവത്തിന്റെ സ്വന്തം നാട്' ഒരലങ്കാരപ്രയോഗമല്ലെന്നു തെളിയിക്കേണ്ട അവസ്ഥയിലാണ് കേരളവും. നമ്മുടെ വർഗീയവിരുദ്ധതയിൽ കാപട്യമുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, മാധ്യമങ്ങൾ, എഴുത്തുകാർ, സാംസ്കാരിക സംഘടനകൾ, സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ, വർഗീയവിരുദ്ധ ചാനലുകൾ ... എന്തുമാകട്ടെ, മിക്കവയും ഏതെങ്കിലും ഒരു മതത്തിന്റെ വർഗീയതയെ ചെറുക്കുന്നതിൽ മുൻപന്തിയിലായിരിക്കും.
പക്ഷേ, എല്ലാത്തിനെയും ഒരുപോലെ എതിർക്കില്ല. ഇതെങ്ങനെയാണ് വർഗീയവിരുദ്ധതയാകുന്നത്? ഹിന്ദു വർഗീയതയെ ശക്തമായി എതിർക്കുന്നവർ മുസ്ലിം തീവ്രവാദത്തെ കണ്ടില്ലെന്നു നടിക്കും. മുസ്ലിം തീവ്രവാദത്തെ എതിർക്കുന്നവർ ഹിന്ദു വർഗീയതയെ എന്തോ സാംസ്കാരിക മുന്നേറ്റമായിട്ടാണ് അവതരിപ്പിക്കുന്നത്.
ക്രിസ്ത്യൻ വർഗീയതയുടെ പുത്തൻ മുളകളിൽ ചിലതിന്, ഹിന്ദു വർഗീയതയുടെ ഭാഷയാണ്. മുസ്ലിം വിരുദ്ധതയല്ലാതെ മറ്റൊന്നും ഭാണ്ഡത്തിലില്ല. പാക്കിസ്ഥാനിലെയും പശ്ചിമേഷ്യയിലെയും ക്രൈസ്തവരുടെയും യഹൂദരുടെയും സംരക്ഷകരായ ഇവർ സ്വന്തം നാട്ടിൽ സംഘപരിവാർ ദ്രോഹിക്കുന്ന സ്വന്തം സഹോദരങ്ങളെ കണ്ടില്ലെന്നു നടിക്കുകയും ന്യായീകരിക്കുകയും ചെയ്യും.
കേരളത്തിലെ ഇടത്-വലതു രാഷ്ട്രീയ പാർട്ടികളുടെ വർഗീയവിരുദ്ധതയും ഹിന്ദുത്വയെ എതിർക്കുന്നതിൽ ഒതുങ്ങി. മുസ്ലിം തീവ്രവാദത്തെക്കുറിച്ചു പറയാൻപോലും ഭയമാണ്. ഈ ഇരട്ടത്താപ്പിന്റെ വളം ഹിന്ദുത്വ വലിച്ചെടുത്തുകഴിഞ്ഞു. ശ്രദ്ധയോടെ നോക്കൂ, ചില മാധ്യമങ്ങളുടെ വർഗീയവിരുദ്ധ വാർത്തകളിലും ചർച്ചകളിലും രാജ്യത്തെയോ വിദേശത്തെയോ മുസ്ലിം തീവ്രവാദം വിഷയമാകില്ല.
സമൂഹമാധ്യമങ്ങളാകട്ടെ, വർഗീയതയുടെയും തീവ്രവാദത്തിന്റെയും വിളഭൂമിയായി. അക്രമോത്സുകമായ തിരിച്ചടി ഭയന്നു പലരും പ്രതികരിക്കാറില്ല. ഹിന്ദു വർഗീയതയെ ചെറുത്തുകൊണ്ടിരുന്ന യൂട്യൂബർ മുസ്ലിം തീവ്രവാദത്തിനെതിരേ പ്രതികരിച്ചപ്പോൾ മാപ്പു പറയേണ്ടിവന്നിട്ടുണ്ട്. നാണമില്ലെങ്കിലും വർഗീയതയെ ചെറുക്കുകയാണെന്നാണ് ഭാവം. ചുരുക്കത്തിൽ, മതം നോക്കാതെ മതഭ്രാന്തിനെ ചെറുക്കാനറിയാത്ത കേരളത്തിലും വർഗീയത വേരുപിടിക്കുകയാണ്.
രാഷ്ട്രീയ പാർട്ടികളുടെ പ്രീണിപ്പിക്കൽ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണെങ്കിൽ ചില മാധ്യമങ്ങളുടേത് വരിക്കാരെ ലക്ഷ്യമിട്ടുള്ളതാണ്. നിർമിതബുദ്ധിയുടെ കാലത്ത്, മതഭ്രാന്തിൽ മനുഷ്യൻ കൊല്ലപ്പെടേണ്ടി വരുന്നുണ്ടെങ്കിൽ മനുഷ്യവംശത്തിന്റെ ഉള്ളിലെ ഘനീഭവിച്ച അന്ധകാരം ഒരിക്കൽകൂടി യുഗാവതാരമെടുത്തിരിക്കുന്നുവെന്നു പറയേണ്ടിവരും. മാറ്റം അനിവാര്യമാണ്.
കേവലമൊരു പ്രസംഗത്തിലൂടെയോ ലേഖനത്തിലൂടെയോ ഇതു സാധ്യമല്ല. സർക്കാരും എല്ലാ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും സംസ്കാരിക പ്രസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യക്തികളും കൈകോർക്കണം. ഇപ്പോഴത്തേത് വർഗീയത വളർത്തുന്ന പക്ഷപാതപരമായ വർഗീയവിരുദ്ധതയാണ്. നമുക്കതു പോരാ, പല കാരണങ്ങളാൽ പടർന്നുപന്തലിച്ച വർഗീയ വിഷവൃക്ഷത്തിന്റെ കന്പിറക്കിയിട്ടു കാര്യമില്ല, വേരറക്കണം.
രാമക്ഷേത്രത്തിന്റെ പേരിൽ വോട്ടുകൊടുക്കാൻ അയോധ്യപോലും വിസമ്മതിക്കുന്പോൾ നവോത്ഥാന നായകർ മനുഷ്യവാസയോഗ്യമാക്കിയ മണ്ണിൽ വിഷസർപ്പങ്ങളിഴയുന്നു. ഇതര മതസ്ഥർ ശത്രുക്കളാണെന്നും നമ്മൾ സംഘടിച്ചില്ലെങ്കിൽ ഇല്ലാതാകുമെന്നും പറഞ്ഞു സമീപിക്കുന്നവരെ അകറ്റി നിർത്തുകയാണ് ആദ്യം ചെയ്യേണ്ടത്.
ഉള്ളിലൊരു ആയുധപ്പുര നിർമിക്കാൻ അവസരം ചോദിച്ച് ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളുമൊക്കെയായ നമ്മെ ദ്ധത്തിനൊരുക്കുകയാണ് അവർ. ആദ്യമവർ ശത്രുവിനെ തരും, പിന്നെ വെറുപ്പെന്ന ആയുധവും; സമ്മതിക്കരുത്.