വാൽപ്പാറയിൽ കാട്ടാന ആക്രമണം; രണ്ടുപേർ മരിച്ചു
Monday, October 13, 2025 8:27 AM IST
തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം. തമിഴ്നാട് മേഖലയിലാണ് സംഭവം. മുത്തശിയും രണ്ടര വയസുകാരിയായ കുഞ്ഞിനുമാണ് ദാരുണാന്ത്യം സംഭവിച്ചത്.
ഹസല (52), കൈക്കുഞ്ഞായ ഹേമശ്രീ എന്നിവരാണ് മരിച്ചത്. വാല്‍പ്പാറയ്ക്ക് സമീപം ഉമ്മാണ്ടി മുടുക്ക് എസ്റ്റേറ്റിന്റെ അഞ്ചാമത്തെ ഡിവിഷനിലായിരുന്നു പുലര്‍ച്ച രണ്ടരയോടെ ആക്രമണം.
വീടിന് സമീപം എത്തിയ കാട്ടാന ജനല്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ ഇവർ രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടെ മറ്റൊരു കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു.
കുഞ്ഞ് തല്‍ക്ഷണം മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയായിരുന്നു മുത്തശ്ശിയുടെ മരണം. ഇരുവരുടെയും മൃതദേഹം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് പേരായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.