വിഴിഞ്ഞം കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
Wednesday, December 7, 2022 4:33 PM IST
തിരുവനന്തപുരം: വിഴിഞ്ഞം കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സമരപന്തല്‍ ഇന്ന് പൊളിച്ചുനീക്കുമെന്ന് സമരസമിതി കോടതിയെ അറിയിച്ചു.
വിഴിഞ്ഞം തുറമുഖനിര്‍മാണം പൂര്‍ത്തിയാക്കാന്‍ സുരക്ഷ നല്‍കണമെന്ന കോടതി ഉത്തരവ് പാലിക്കപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സമരം അവസാനിപ്പിച്ചെന്നും പന്തല്‍ ഇന്ന് പൊളിച്ച് നീക്കുമെന്നും സമരസമിതി കോടതിയെ അറിയിച്ചു.
സമരം ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാരും കോടതിയില്‍ പറഞ്ഞു. ഇതോടെ കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.
ലോഡുമായി വരുന്ന വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇതിന് അനുമതി നൽകിയില്ല. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കേണ്ടെന്നായിരുന്നു കോടതി നിരീക്ഷണം.
തുറമുഖനിര്‍മാണത്തിന് തുടര്‍ന്നും സുരക്ഷ വേണമെന്നാവശ്യപ്പെട്ടുള്ള അദാനിയുടെ ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.
അതേസമയം സര്‍ക്കാരും സമരക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച വിജയിച്ചതോടെ ചൊവ്വാഴ്ച തന്നെ വിഴിഞ്ഞത്തെ സമരപന്തല്‍ പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കസേരകള്‍ അടക്കമുള്ള സാധനങ്ങള്‍ ഇവിടെനിന്ന് എടുത്തുമാറ്റുകയാണ്.