പത്താംകളം പിള്ളേർ! ധോണിപ്പട ഫൈനലിൽ
Tuesday, May 23, 2023 11:58 PM IST
ചെന്നൈ: ഐപിഎൽ ചരിത്രത്തിലെ തങ്ങളുടെ പത്താം ഫൈനൽ മത്സരത്തിലേക്ക് ചുവടുവച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. കഴിഞ്ഞ സീസണിലെ ഒമ്പതാം സ്ഥാന ഫിനിഷിന് പലിശ സഹിതം മറുപടി നൽകുന്ന രീതിയിൽ, ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസിന് വീഴ്ത്തിയാണ് ധോണിയും പിള്ളേരും ഫൈനലിന് യോഗ്യത നേടിയത്.
സിഎസ്കെ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസ് മികച്ച ഫീൽഡിംഗിന് മുമ്പിൽ പതറി റൺസെടുക്കാൻ വിഷമിച്ചതോടെ പരാജയത്തിലേക്ക് വീഴുകയായിരുന്നു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജ, മതീഷ തീക്ഷണ സ്പിൻ സഖ്യമാണ് ടൈറ്റൻസ് സ്കോർ 157-ൽ ഒതുക്കിനിർത്തിയത്.
സ്കോർ:
ചെന്നൈ സൂപ്പർ കിംഗ്സ് 172/7(20)
ഗുജറാത്ത് ടൈറ്റൻസ് 157/10(20)
ടോസ് നേടി ചേസിംഗ് തെരഞ്ഞെടുത്ത ടൈറ്റൻസിനായി ശുഭ്മാൻ ഗിൽ(38 പന്തിൽ 42) മാത്രമാണ് മുന്നേറ്റനിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. വൃദ്ധിമാൻ സാഹ(12), ഹാർദിക് പാണ്ഡ്യ(8), ദസുൻ ശനക(17), ഡേവിഡ് മില്ലർ(4) എന്നിവർ വേഗം മടങ്ങിയതോടെ 12.5 ഓവറിൽ 88-4 എന്ന നിലയിലായിരുന്നു ടൈറ്റൻസ്.
പവർപ്ലേയിൽ 41 റൺസ് മാത്രം വിട്ടുനൽകിയ സിഎസ്കെ ബൗളർമാർ ഗില്ലിന്റെ സ്വാഭാവിക സ്ട്രോക്ക് പ്ലേയ്ക്ക് തടസം വരുത്തി താരത്തെ സമ്മർദത്തിലാക്കി. ഒരുവശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുന്നതിനാൽ ശ്രദ്ധയോടെ നീങ്ങിയ താരം സ്കോർ ബോർഡ് ചലിപ്പിക്കാനുള്ള ആദ്യ ലോഫ്റ്റഡ് ഷോട്ട് ശ്രമത്തിൽ തന്നെ ക്യാച്ച് നൽകി മടങ്ങിയതോടെ ടൈറ്റൻസ് പകുതി തോൽവി സമ്മതിച്ചിരുന്നു.
കൂറ്റനടിക്കാരായ വിജയ് ശങ്കർ(14), റാഷിദ് ഖാൻ(16 പന്തിൽ 30) എന്നിവരും ലക്ഷ്യം കാണാതെ മടങ്ങി. മൂന്ന് ഫോറുകളും രണ്ട് സിക്സുമായി 19-ാം ഓവർ വരെ പോരാടിയ റാഷിദ് മടങ്ങിയപ്പോഴാണ് ചെപ്പോക്കിലെ മഞ്ഞക്കടൽ വിജയം ശരിക്കും ആഘോഷിച്ച് തുടങ്ങിയത്. പിന്നീടുള്ള വിക്കറ്റുകൾ ചടങ്ങുതീർക്കുന്ന ലാഘവത്തോടെ ധോണി വരച്ച വരയിൽ നിർത്തിയ ഫീൽഡർമാർ കൈകളിൽ പിടിച്ചെടുത്തു. ദീപക് ചാഹർ, മതീഷ പതിരന എന്നിവർ രണ്ട് വിക്കറ്റ് വീതം പിഴുതു.
നേരത്തെ, ഋതുരാജ് ഗെയ്ക്വാദ്(44 പന്തിൽ 60) - ഡെവൺ കോൺവെ(34 പന്തിൽ 40) സഖ്യം ഭേദപ്പെട്ട തുടക്കമാണ് ടീമിന് നൽകിയത്. ടീം സ്കോർ 87-ൽ നിൽക്കെ കോൺവെ പുറത്തായതോടെ റൺസ് വരുന്നത് മെല്ലെയായി. ശിവം ദുബെ(1), അജിങ്ക്യ രഹാനെ(17), അംബാട്ടി റായുഡു(17), ധോണി(1) എന്നിവർ വേഗം മടങ്ങിയെങ്കിലും 22 റൺസ് നേടിയ ജഡേജ സ്കോർ 170 കടത്തി.
ടൈറ്റൻസിനായി മോഹിത് ശർമ, മുഹമ്മദ് ഷമി എന്നിവർ രണ്ട് വീതവും നൂർ അഹ്മദ്, റാഷിദ്, ദർശൻ നൽക്കണ്ടെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ ഓവറിൽത്തന്നെ ഗെയ്ക്വാദിനെ നൽക്കണ്ടെ വീഴ്ത്തിയെങ്കിലും നോബോൾ വിളിച്ചതോടെ മത്സരത്തിന്റെ ഗതി മാറുകയായിരുന്നു.
ജയിച്ചെങ്കിലും ബൗളിംഗിലെ പരുങ്ങൽ സിഎസ്കെയ്ക്ക് ആശങ്കയാണ്. എങ്കിലും ധോണിയുടെ ക്രിക്കറ്റിംഗ് ബുദ്ധിയിലും ഭാഗ്യത്തിലും വിശ്വാസം അർപ്പിച്ച് കപ്പടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടീം.
ഫൈനൽ ബെർത്ത് നേടാനായി രണ്ടാം ക്വാളിഫൈയറിൽ ഒരവസരം കൂടി ലഭിക്കുമെന്ന ആശ്വാസം മാത്രമാണ് ടൈറ്റൻസിന് മുമ്പിൽ ഇപ്പോഴുള്ളത്. മുംബൈ ഇന്ത്യൻസ് - ലക്നോ സൂപ്പർ ജയന്റ്സ് എലിമിനേറ്റർ പോരിലെ ജേതാവിനെയാകും ടൈറ്റൻസ് ഇനി നേരിടുക.