ഭക്ഷ്യവിഷബാധയെന്ന് സംശയം; തിരുവനന്തപുരത്ത് നാല് വയസുകാരന് മരിച്ചു
Monday, September 4, 2023 3:07 PM IST
തിരുവനന്തപുരം: മലയിന്‍കീഴില്‍ നാല് വയസുകാരന് മരിച്ചത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് സംശയം. മലയത്ത് പ്ലാങ്കോടുമുകള് അനീഷിന്റെ മകന് അനിരുദ്ധ് ആണ് ഇന്ന് രാവിലെ മരിച്ചത്.
ഭക്ഷ്യവിഷബാധയേതുടര്ന്നാണ് കുട്ടി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഓഗസ്റ്റ് 28ന് അനീഷും കുടുംബവും ഗോവയില്‍ പോയിരുന്നു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
ആദ്യം മലയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൈക്കാട്ടെ ആശുപത്രിയിലും എത്തിച്ച് രക്തപരിശോധന നടത്തിയെങ്കിലും കാര്യമായ പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നില്ല. പ്രാഥമിക ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ചു. പിന്നീട് ഇന്ന് രാവിലെ കുട്ടി മരിക്കുകയായിരുന്നു.
ഗോവയിലെ ഹോട്ടലില്‍നിന്ന് ഉണ്ടായ ഭക്ഷ്യവിഷബാധയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് കാട്ടി ബന്ധുക്കള്‍ മലയിന്‍കീഴ് പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.