തിരക്കുകൂട്ടേണ്ട; ആധാർ പുതുക്കാനുള്ള സമയപരിധി നീട്ടി
Wednesday, December 13, 2023 10:58 AM IST
ന്യൂഡൽഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള തീയതി മാര്‍ച്ച് 14 വരെ നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങൾ, വിലാസം എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സൗജന്യമായി പുതുക്കാനാകുക.
ഡിസംബർ 14ന് സൗജന്യ സേവനം അവസാനിക്കാനിരിക്കെയാണ് തിയതി നീട്ടിയത്. ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ആദ്യ സമയപരിധി നേരത്തെ ജൂണ്‍ 14 വരെ ആയിരുന്നു. ഇതാണ് പിന്നീട് ഡിസംബര്‍ 14 വരെ ആക്കിയത്.
അമ്പതു രൂപ ഫീസ് നല്കി ആധാർ കേന്ദ്രത്തിൽ എത്തി ആധാർ വിവരങ്ങൾ പുതുക്കാം. അതേസമയം, സൗജന്യമായി ആധാര്‍ പുതുക്കാന്‍ myAadhaar പോർട്ടൽ ഉപയോഗിക്കണം. പേര്, ജനന തീയതി, വിലാസം മുതലായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ പോകണം.
തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളുടെ സഹായത്തോടെയാണ് ഓണ്‍ലൈനായി സൗജന്യമായി വിവരങ്ങള്‍ പുതുക്കേണ്ടത്. ഓണ്‍ലൈനായി വിവരങ്ങള്‍ പുതുക്കുമ്പോള്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ടതാണ്.
തിരിച്ചറിയല്‍, മേല്‍വിലാസം, ജനനത്തീയതി തുടങ്ങിയവ തെളിയിക്കുന്നതിന് ആവശ്യമായ രേഖകളുടെ സ്കാന്‍ ചെയ്ത കോപ്പികള്‍ വേണം.
ആധാർ വിവരങ്ങൾ സ്വയം പുതുക്കാന്‍..
1. myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് ലോഗിൻ ചെയ്യുക
2. Document update എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
3. ഉപയോക്താവിന്റെ വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.
4. തിരിച്ചറിയല്‍, മേല്‍വിലാസം രേഖകൾ എന്നിവ തെരഞ്ഞെടുക്കുക.
5. സ്കാൻ ചെയ്ത പകർപ്പുകൾ അപ്ലോഡ് ചെയ്യുക