ആരാണ് ടീച്ചറമ്മ; ഷൈലജയെ പരിഹസിച്ച് ജി.സുധാകരൻ
Thursday, January 18, 2024 8:17 PM IST
തിരുവനന്തപുരം: മുൻമന്ത്രി കെ.കെ. ഷൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. മന്ത്രിയാകാത്തതിൽ ആരും വേദനിക്കേണ്ടതില്ല എന്നും സുധാകരൻ പരിഹസിച്ചു.
ടീച്ചറമ്മ ആരാണെന്ന് അറിയില്ല. ഒരമ്മമാർക്കും ആരും അങ്ങനെ പേരിട്ടിട്ടില്ല. അവരവരുടെ പേര് പറയുന്നതാണ് ഉചിതം. കൂടുതൽ കാര്യങ്ങൾ ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ എം.ടിക്കെതിരേ വിമർശനം ഉന്നയിച്ചുവെന്ന ആരോപണം സുധാകരൻ നിഷേധിച്ചു. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് വീണ്ടും പരിശോധിച്ചാൽ മനസിലാകും. മോശമായി ഒന്നും പറഞ്ഞിട്ടില്ല. പറയേണ്ട കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്. അത് എവിടെയായാലും പറയും. അതിന് ആരുടെയും പിൻബലം ആവശ്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി.