കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്കി; പൂർണ ഗർഭിണിയായ യുവതി ആശുപത്രിയില്‍
Wednesday, May 7, 2025 1:02 AM IST
തൊടുപുഴ: പൂര്‍ണ ഗര്‍ഭിണിയ്ക്ക് ആരോഗ്യ വകുപ്പ് കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയതായി പരാതി.
ഇടുക്കി സേനാപതി സ്വദേശിയായ യുവതിയ്ക്കാണ് ആശ വര്‍ക്കര്‍ മുഖേന കാലപഴക്കം ചെന്ന ഗുളികകള്‍ നല്‍കിയത്. കാലാവധി പൂര്‍ത്തിയായി രണ്ട് വര്‍ഷം പിന്നിട്ട അയണ്‍ ഫോളിക് ടാബ്ലറ്റുകള് ആണ് നല്‍കിയതെന്നാണ് യുവതിയുടെ പരാതി.
ഗുളിക ഉപയോഗിച്ചതിനെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാഴ്ച മുന്‍പാണ് സേനാപതി സ്വദേശിയായ ചെറുകരയില്‍ ശാലു ശരത്തിന് ആരോഗ്യ വകുപ്പ് ആശാ വര്‍ക്കര്‍ മുഖേന അയണ്‍ ഫോളിക് ടാബ്ലറ്റുകള് എത്തിച്ചു നല്‍കിയത്.
രണ്ട് ദിവസങ്ങളിലായി ശാലു നാല് ഗുളികകള്‍ കഴിച്ചു. പിന്നീട് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപെട്ടതിനെ തുടര്‍ന്ന് ഗുളികയുടെ സ്ട്രിപ്പ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്ന് മനസിലായത്.
2023 ഇല് കാലാവധി അവസാനിച്ച 15 സ്ട്രിപ്പ് ഗുളികകള്‍ ആണ് ശാലുവിന് നല്‍കിയത്. യുവതിയെ നെടുംങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുടുംബം ആരോഗ്യ വകുപ്പിന് പരാതി നല്കി.