വോട്ട് കൊള്ള; വോട്ട് ചോരി വെബ്സൈറ്റുമായി രാഹുൽ ഗാന്ധി
Sunday, August 10, 2025 4:33 PM IST
ന്യൂഡല്‍ഹി: വോട്ട് കൊള്ളയ്ക്കെതിരെ സാമൂഹ്യമാധ്യമ പ്രചാരണത്തിന് തുടക്കം കുറിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർണാടകയിലെ ഒരു ലോക്സഭ സീറ്റിലെ വോട്ടർ പട്ടിക ക്രമക്കേട് ചൂണ്ടിക്കാട്ടിക്കൊണ്ട് പോരാട്ടം തുടങ്ങിയ രാഹുൽ, തന്റെ പ്രചാരണത്തിന് ദേശീയ പിന്തുണ തേടിയുള്ള നീക്കത്തിനാണ് തുടക്കം കുറിച്ചത്.
ഇതിനായി പ്രത്യേക വെബ്സൈറ്റാണ് കോൺഗ്രസ് അവതരിപ്പിച്ചത്. "വോട്ട്ചോരി ഡോട്ട് ഇൻ' എന്ന വെബ്സൈറ്റാണ് തുറന്നിരിക്കുന്നത്. വോട്ട് കവര്‍ച്ചയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി പറയണമെന്നാവശ്യപ്പെട്ടും ഡിജിറ്റല്‍ വോട്ടര്‍ പട്ടിക പുറത്തുവിടണമെന്നാവശ്യപ്പെട്ടും പൊതുജനങ്ങള്‍ക്ക് ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങള്‍ക്ക് ഇതില്‍ പങ്കുവയ്ക്കാനുമാകും.
വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവർക്ക് "താന്‍ വോട്ട് കവര്ച്ചയ്ക്കെതിരായി നിലകൊള്ളുന്നു' എന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം ലഭിക്കും. "തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് ഡിജിറ്റല്‍ വോട്ടേഴ്സ് ലിസ്റ്റ് ലഭ്യമാകണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തെ ഞാന്‍ പിന്തുണയ്ക്കുന്നു' എന്നും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ലിങ്ക് എസ്എംഎസിലൂടെ ഫോണില്‍ ലഭ്യമാക്കുന്നതിനുള്ള അവസരവും സൈറ്റിലുണ്ട്.
വോട്ട് കവര്‍ച്ച സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളുടെ വീഡിയോയും വെബ്സൈറ്റിലുണ്ട്. ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ ബിജെപിയുടെ ആക്രമണത്തിന് വിധേയമാകുകയാണെന്നും വെബ്സൈറ്റില്‍ പങ്കുവച്ചിരിക്കുന്ന സന്ദേശത്തില്‍ പറയുന്നു.