രാജ്യത്തെ ആദ്യ സാംസ്കാരിക കോണ്‍ക്ലേവ് കൊച്ചിയില്‍: മന്ത്രി സജി ചെറിയാന്
Tuesday, August 26, 2025 5:39 AM IST
കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ദേശീയ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി കേരളം. ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് എന്നപേരില്‍ സാംസ്കാരിക സമ്മേളനം ഡിസംബറിലോ ജനുവരിയിലോ നടത്തുമെന്ന് മന്ത്രി സജി ചെറിയാന് അറിയിച്ചു.
രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തില്‍ സാംസ്കാരികമേഖലയിലൂടെ മതനിരപേക്ഷതയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണു പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം കേരളത്തില്‍ ഉയര്‍ന്നുവരുന്ന ബദല്‍ രാഷ്ട്രീയവും ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യും രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയുടെ ഭാഗമാകും.
സിനിമാപ്രദര്‍ശനങ്ങള്‍, വിവിധതരം നൃത്തങ്ങള്‍, ഡോക്യുമെന്ററികള്‍, ഫോക്ലോര് കലാരൂപങ്ങള്‍, ഭക്ഷ്യമേള, പുസ്തകമേള, രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ചരിത്രം വിശകലനം ചെയ്യുന്ന സെമിനാറുകള്‍, ഭാഷകളുമായും സംസ്കാരങ്ങളുമായും ബന്ധപ്പെട്ട ചര്‍ച്ചകള്‍, സര്‍ക്കസുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. മൂന്നു ദിവസത്തെ പ്രധാന പരിപാടികള്‍ക്കു പുറമെ അനുബന്ധമായി ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളും ഉണ്ടാകും.
കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഡിസംബര്‍ 18 മുതല്‍ 20 വരെ കൊച്ചിയില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാറ്റേണ്ടിവന്നാല്‍ ജനുവരിയിൽ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.