സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റീസിന് നേരെ അതിക്രമ ശ്രമം; ഷൂ എറിയാന്‍ ശ്രമിച്ച് അഭിഭാഷകന്
Monday, October 6, 2025 2:06 PM IST
ന്യൂഡല്‍ഹി: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റീസിന് നേരെ ഷൂസെറിയാന്‍ ശ്രമം. രാവിലെ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്ക്ക് നേരെ ഷൂ ഏറിയാനുള്ള ശ്രമം നടന്നത്. ഡയസിന് അരികിലെത്തിയ അഭിഭാഷക വേഷം ധരിച്ചയാൾ ഷൂ എറിയാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ഇയാളെ കീഴ്പ്പെടുത്തി.
എന്നാല്‍ സംഭവമുണ്ടായിട്ടും ചീഫ് ജസ്റ്റീസ് ശാന്തനായി ഇരിക്കുകയും നടപടികള്‍ തുടരുകയും ചെയ്തു. ഇത് തന്നെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം പ്രതികരിച്ചു. നാടകീയ സംഭവങ്ങളില്‍ കുറച്ചുനേരം പരിഭ്രാന്തി നിലനിന്നെങ്കിലും പിന്നീട് കോടതി നടപടികൾ തുടര്‍ന്നു.
71 വയസുള്ള രാകേഷ് കിഷോർ എന്നയാളാണ് അഭിഭാഷകനാണ് അതിക്രമ ശ്രമം നടത്തിയത്. സനാതന ധര്‍മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന അഭിഭാഷകര്‍ പറഞ്ഞു. ഇയാളെ പോലീസിന് കൈമാറിയിട്ടുണ്ട്. തന്റെ പ്രതിഷേധം ചീഫ് ജസ്റ്റീസിന് നേരെ മാത്രമാണെന്നും ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റീസ് വിനോദ് ചന്ദ്രനോട് ക്ഷമ പറയുന്നുവെന്നും രാകേഷ് കിഷോർ പ്രതികരിച്ചു.
ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യത്തിൽ ഗവായ് നടത്തിയ പരാമർശം ചര്‍ച്ചയായിരുന്നു. ചീഫ് ജസ്റ്റീസ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണവും ഉയർന്നിരുന്നു. ഇപ്പോഴുണ്ടായ പ്രതിഷേധവും ഈ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.